Tuesday, March 19, 2013

ഡിഎംകെ പിന്തുണ പിന്‍വലിച്ചു


ശ്രീലങ്കന്‍ തമിഴ് പ്രശ്നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഡിഎംകെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ യുപിഎക്ക് ഭൂരിപക്ഷം നഷ്ടമാകും. യുപിഎ എംപിമാരുടെ അംഗസംഖ്യ 250 ല്‍ നിന്നും 232 ലെത്തി. എസ്പിയും ബിഎസ്പിയും പുറത്തു നിന്നും പിന്‍വലിക്കുന്നതിനാല്‍ സാങ്കേതികമായി ഭരണത്തില്‍ തുടരാം. യുപിഎ സര്‍ക്കാരില്‍ നിന്നും പിന്‍വാങ്ങുന്നതായി ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന അമേരിക്കന്‍ പ്രമേയത്തെ ഇന്ത്യ ഭേദഗതികളോടെ പിന്തുണയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് തീരുമാനം. കരുണാനിധിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, പി ചിദംബരം, ഗുലാംനബി ആസാദ് എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയും ചുമതലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ചെന്നൈയില്‍ നടന്ന ചര്‍ച്ചക്കുശേഷം വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരുണാനിധി തീരുമാനം പ്രഖ്യാപിച്ചത്. 18 എംപിമാരാണ് ഡിഎംകെക്കുള്ളത്. പാര്‍ട്ടിയുടെ അഞ്ച് മന്ത്രിമാരോടും രാജിക്കത്ത് നല്‍കാന്‍ നിര്‍ദേശിച്ചതായും കരുണാനിധി അറിയിച്ചു. തങ്ങള്‍ ഉന്നയിച്ച ന്യായമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായല്ല പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തമിഴര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇനി വിട്ടുവീഴ്ച ചെയ്യാനാവില്ല. ഡിഎംകെയുടെ ആവശ്യം അംഗീകരിക്കുന്ന പക്ഷം തീരുമാനം പുനപരിശോധിക്കും. ശ്രീലങ്കന്‍ തമിഴരുടെ വികാരം ഇനി കണ്ടില്ലെന്ന് നടിക്കാനാവില്ല. ചര്‍ച്ചകള്‍ കൊണ്ടു കാര്യമില്ല അടിയന്തിര തീരുമാനമാണ് വേണ്ടതെന്നും കരുണാനിധി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിമാര്‍ രാജിവെക്കുന്ന സമയം കരുണാനിധി കൃത്യമായി പറഞ്ഞിട്ടില്ല. പ്രമേയത്തെ പിന്തുണയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കരുണാനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാഴ്ചയിലധികമായി ഡിഎംകെ, എഐഎഡിഎംകെ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശ്രീലങ്കന്‍ തമിഴ് വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തുകയാണ്. ശ്രീലങ്കയുടെ നടപടിക്കെതിരെ ഇരുസഭകളിലും പ്രമേയം പാസാക്കണമെന്നും തമിഴരോടുള്ള മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ പ്രമേയത്തില്‍ അപലപിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment