Wednesday, March 6, 2013
കള്ളക്കടത്തും ഒത്തുകളിയും: ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഗ്വാട്ടിമാലയില്‍നിന്നുള്ള കള്ളക്കടത്തും വമ്പന്‍ വ്യാപാരികളുടെ ഒത്തുകളിയും ഏലംമേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഏലത്തിന് ഉല്‍പ്പാദനച്ചെലവുപോലും ലഭിക്കാതെ, കര്‍ഷകര്‍ നിലനില്‍പ്പുഭീഷണി നേരിടുമ്പോഴും അധികൃതര്‍ക്ക് കുലുക്കമില്ല. വിലയിടിവിന്റെ മറവില്‍ കര്‍ഷകരുടെ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാനുള്ള ലോബിയും ഹൈറേഞ്ച് മേഖലയില്‍ സജീവമായി. ഒരുമാസം മുമ്പ് കിലോയ്ക്ക,് 800 രൂപവരെ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ 617 രൂപയാണ്. ഉല്‍പ്പാദനച്ചെലവ് കണക്കിലെടുത്ത് കുറഞ്ഞത് 1000 രൂപയെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഗ്വാട്ടിമാലയില്‍നിന്ന് 3000 ടണ്ണോളം ഏലം ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കള്ളക്കടത്തായി എത്തുന്ന ഈ ചരക്കാണ് പ്രധാനമായും ഇന്ത്യന്‍ ഉല്‍പ്പന്നത്തിന്റെ വിലയിടിച്ചത്. നേപ്പാള്‍വഴിയാണ് ഗ്വാട്ടിമാല ഏലം കൂടുതലായി എത്തുന്നത്. ഭൂട്ടാന്‍, ബംഗ്ലാദേശ് അതിര്‍ത്തിവഴിയും കള്ളക്കടത്തുണ്ട്. ഏലം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയുടെ മറവില്‍ ഗ്വാട്ടിമാലയില്‍നിന്നുള്ള ഏജന്റുമാര്‍ പുറ്റടിയിലെ ലേലകേന്ദ്രം സന്ദര്‍ശിക്കുകപോലും ഉണ്ടായെന്ന് വണ്ടന്‍മേട് ഏലം ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ എസ് മാത്യു പറഞ്ഞു. ഇടപാടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇവര്‍ ലേലകേന്ദ്രം വിട്ടത്. കള്ളക്കടത്ത് വ്യാപകമായതിന്റെ തെളിവാണ് ഈ സന്ദര്‍ശനമെന്നും മാത്യു പറഞ്ഞു.
എന്നാല്‍, ആഭ്യന്തരവിപണിയെ ബാധിക്കുംവിധം ഇറക്കുമതി ഉണ്ടായിട്ടില്ലെന്നാണ് സ്പൈസസ് ബോര്‍ഡ് അധികൃതര്‍ വിശദീകരിക്കുന്നത്. ഫെബ്രുവരിവരെയുള്ള ഒമ്പതുമാസത്തിനകം 200 ടണ്‍ ഏലം മാത്രമാണ് ഇറക്കുമതി ചെയ്തതെന്ന് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ പി എസ് ശ്രീകണ്ഠന്‍തമ്പി പറഞ്ഞു. ഇവിടെ ലേലംചെയ്തതാകട്ടെ 8,776 ടണ്ണാണ്. കള്ളക്കടത്തിനെതിരെ ജാഗ്രത പാലിക്കാന്‍ കസ്റ്റംസ് അധികൃതര്‍ക്ക് സന്ദേശം നല്‍കിയതായും ഇദ്ദേഹം വ്യക്തമാക്കി. ഇറക്കുമതി സംബന്ധിച്ച പ്രചാരണം ഏലത്തിന്റെ വിലയിടിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ചില വമ്പന്‍ വ്യാപാരികളുടെ ഇടപെടലും വിലയിടിവിനു പിന്നിലുണ്ടെന്ന് "ഞള്ളാനി" ഏലത്തിന്റെ ഉപജ്ഞാതാവായ റെജി ഞള്ളാനി പറഞ്ഞു. ബോധപൂര്‍വം വിലയിടിച്ചു നിര്‍ത്തുക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. വിലയിടിവു തടയാന്‍ കിലോയ്ക്ക് 1500 രൂപയായി തറവില നിശ്ചയിക്കണമെന്നും റെജി നിര്‍ദേശിച്ചു. ഇക്കുറി ഏലത്തിന്റെ ഉല്‍പ്പാദനം വര്‍ധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 13,000 ടണ്ണായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഉല്‍പ്പാദനം. ഇക്കുറി 15,000 ടണ്ണായി ഉയര്‍ന്നു. ഗ്വാട്ടിമാലയിലും ഉയര്‍ന്ന ഉല്‍പ്പാദനമുണ്ട്. ഇന്ത്യന്‍ ചരക്കിനേക്കാള്‍ വില കുറച്ച് നിശ്ചയിച്ചാണ് ഗ്വാട്ടിമാല രാജ്യാന്തരവിപണിയും കൈയിലെടുക്കുന്നത്. ഇത് ഇന്ത്യയുടെ കയറ്റുമതിയെയും ബാധിക്കുന്നു. ഏലം വിലയിടിവിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരില്‍നിന്ന് ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങളും മേഖലയില്‍ സജീവമായിട്ടുണ്ട്.
(ഷഫീഖ് അമരാവതി)
deshabhimani 060313
Labels:
അഴിമതി,
കാര്‍ഷികം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
Can u please give me contact of Mr. റെജി ഞള്ളാനി. Thanks
ReplyDelete