Friday, March 22, 2013
വട്ടം കറങ്ങി തിരുവഞ്ചൂര്‍
അനുഭവസമ്പത്തിന്റെ കാര്യത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വെല്ലാന്‍ ഭൂമി മലയാളത്തില്‍ ആരേലുമുണ്ടോയെന്ന് മഷിനോട്ടം നടത്തിയാലറിയാം. പൊലീസ് മര്‍ദനം, നാട്ടുകാരുടെ വക തല്ല്, കോളേജ് കെട്ടിടത്തില്‍നിന്ന് താഴെയിടല്‍... ഇങ്ങനെ എന്തെല്ലാം ദുരനുഭവങ്ങളാണ്. എംഎല്‍എ ആയപ്പോഴും പൊലീസുകാരന്‍ കൈ തല്ലി ഒടിച്ചു. ഒടിഞ്ഞുതൂങ്ങിയ കൈയ്യുമായി പ്രതിപക്ഷത്ത് ഇരുന്നതും തിരുവഞ്ചൂരിന് ഒളിമങ്ങാത്ത ഓര്‍മയാണ്്. മന്ത്രി പദവിയിലെത്തിയിട്ടും അതിലൊന്നും ആരോടും ഒരു വിരോധവുമില്ല. കൈ തല്ലി ഒടിച്ച പൊലീസുകാരനോടുവരെ "തിരുവഞ്ചൂരാശാന്‍ ക്ഷമിച്ചിരിക്കുന്നു".
കണ്ണൂര്‍ സര്‍വകലാശാലാ മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ചത് ന്യായീകരിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. പഴയ കാര്യങ്ങള്‍ ഇങ്ങനെ സ്വയം പറഞ്ഞ് മേനിനടിക്കുന്നത് ആണുങ്ങള്‍ക്ക് പറ്റിയ പണിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുന്നറിയിപ്പ് നല്‍കിയത്. അത് കുറിക്ക് കൊള്ളുകയും ചെയ്തു. വിദ്യാര്‍ഥികളെ മര്‍ദിച്ചതിനെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പൊലീസ് നടപടിക്കെതിരെ കത്തിക്കയറിയ ഇ പി, സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ത്തി. പൊലീസ് നിങ്ങളെ ഇതേപോലെ മര്‍ദിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ആ കസേരയില്‍ ഇരിക്കുമായിരുന്നോയെന്നും ഇ പി ചോദിച്ചു.
ടി എന്‍ പ്രതാപന്‍ നോട്ടീസ് നല്‍കിയ സ്വകാര്യബില്ലിന്റെ പരിഗണനാവേളയില്‍ കോവൂര്‍ കുഞ്ഞുമോനാണ് മന്ത്രി തിരുവഞ്ചൂരിനെ വട്ടംകറക്കിയത്. പരിസ്ഥിതി വാദിയായ എംഎല്‍എമാരുടെ ഗണത്തില്‍പ്പെടുന്ന പ്രതാപന്‍ ജൈവ- പാരിസ്ഥിതിക സംരക്ഷണ ബില്ലിനാണ് നോട്ടീസ് നല്‍കിയത്. അഴകൊഴമ്പന്‍ മട്ടില്‍ തൊട്ടും തലോടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിന് വേണ്ടി മറുപടി നല്‍കി. അവിടെയും ഇവിടെയും തൊടാതെ മറുപടി പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കേണ്ടെന്നായി കുഞ്ഞുമോന്‍. ബില്ലിനോടുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നായി അദ്ദേഹം. "കുഞ്ഞുമോന്‍" എന്നാണ് പേരെങ്കിലും സീനിയര്‍ മെമ്പറാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തണുപ്പിക്കാന്‍ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഓര്‍ക്കാപ്പുറത്ത് പോള്‍ കൂടി ആവശ്യപ്പെട്ട് കുഞ്ഞുമോന്‍ സഭാതലം ചൂടുപിടിപ്പിച്ചു. ബില്ലിന് അവതരണാനുമതി നിഷേധിച്ചിട്ടില്ലെന്നും മറ്റും തിരുവഞ്ചൂര്‍ ന്യായവാദങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും കോവൂര്‍ വിടമാട്ടെയെന്ന മട്ടില്‍ നിലയുറപ്പിച്ചു. ബില്ലിന് അനുമതി തേടിയ ടി എന്‍ പ്രതാപനും വെട്ടിലായി. ബില്ലിന്റെ ഉള്ളടക്കത്തോട് തത്വത്തില്‍ യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജുഎബ്രഹാമും കുഞ്ഞുമോന് പിന്തുണയേകി. പോള്‍ ചോദിക്കേണ്ടത് ഈ ഘട്ടത്തിലല്ലെന്നും പ്രതാപന്‍ പ്രമേയം അവതരിപ്പിച്ചശേഷം അതിന് അവസരമുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കിയതോടെയാണ് കോവൂര്‍ പിന്‍വാങ്ങിയത്. ലോകജല ദിനമായതിനാലാണ് കോവൂര്‍ കുഞ്ഞുമോന്‍ പരിസ്ഥിതി ബില്ലിന്റെ കാര്യത്തില്‍ കണിശക്കാരനായത്. പക്ഷെ, പോള്‍ ചോദിക്കേണ്ട സമയം സന്ദര്‍ഭം എന്നിവയുടെ കാര്യത്തില്‍ അദ്ദേഹം ഇപ്പോഴും "കുഞ്ഞ്" തന്നെയെന്ന് തെളിഞ്ഞു. വികസനത്തിന്റെ പേരില്‍ നമ്മുടെ ഹരിതശോഭ നഷ്ടമാകരുതെന്ന ചിന്തയാണ് പരിസ്ഥിതി-സൗഹൃദ വികസനം, ജൈവ- പാരിസ്ഥിതിക സംരക്ഷണം എന്നിവയ്ക്ക് സ്വകാര്യ ബില്ല് കൊണ്ടുവരാന്‍ ടി എന്‍ പ്രതാപനെ പ്രേരിപ്പിച്ചതത്രേ.
ലഹരി വിമോചന അതോറിറ്റി രൂപീകരിക്കണമെന്നതായിരുന്നു രാജുഎബ്രഹാമിന്റെ സ്വകാര്യബില്ലിലെ ആവശ്യം. ഇലകളില്‍ പോലും ലഹരി കണ്ടെത്തിയ ആദിമനുഷ്യനെ കുറിച്ച് അറിയാമെങ്കിലും ഇപ്പോഴത്തെ ലഹരി ഉപഭോഗം ന്യായീകരിക്കാവുന്നതല്ലെന്നാണ് രാജുവിന്റെ പക്ഷം. മുന്തിയ ഇനത്തില്‍പ്പെട്ട റോയല്‍ സ്റ്റാഗിനെ കള്ള് എന്ന് വിളിക്കുന്നതിനോടും അദ്ദേഹത്തിന് എതിര്‍പ്പാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം കൊടുക്കില്ലെന്ന് പറയുമ്പോള്‍ പ്രായം എങ്ങനെ കണ്ടുപിടിക്കുമെന്നായിരുന്നു രാജുവിന്റെ സംശയം. അമേരിക്കയില്‍ ആണെങ്കില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം കൊടുത്താല്‍ 12 വര്‍ഷം തടവാണ് ശിക്ഷയത്രേ.
ലഹരിവിമോചനത്തെ കുറിച്ച് രാജുഎബ്രഹാം വാചാലനായെങ്കിലും മന്ത്രി എം കെ മുനീര്‍ ബില്ലിനെ തള്ളി. താലുക്ക് തോറും ലഹരിമോചന കേന്ദ്രവും മറ്റുമുള്ളപ്പോള്‍ വേറെ അതോറിറ്റിയുടെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. ആരോഗ്യ-അവകാശ സംരക്ഷണ ബില്ലിനും രാജുഎബ്രഹാം അനുമതി തേടിയെങ്കിലും മന്ത്രി വി എസ് ശിവകുമാര്‍ യോജിച്ചില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തകര്‍ച്ച തടയുന്നതിനെ കുറിച്ചായിരുന്നു എം ഹംസയുടെ ബില്ലിന്റെ ഉള്ളടക്കം. 13 ബില്ലുകളില്‍ അഞ്ചെണ്ണത്തിനാണ് സഭാപ്രവേശത്തിന് അവസരം കിട്ടിയത്.
(കെ ശ്രീകണ്ഠന്‍)
deshabhimani 230313
Subscribe to:
Post Comments (Atom)
No comments:
Post a Comment