Wednesday, March 20, 2013

കൈത്തറി മേള: സിഐടിയുവിനെതിരായ മാതൃഭൂമി വാര്‍ത്ത അസംബന്ധം


കണ്ണൂര്‍: പൊലീസ് മൈതാനിയില്‍ സിഐടിയു സമ്മേളനം നടക്കുന്നതിനാല്‍ കൈത്തറി മേളക്ക് സ്ഥലമില്ലെന്ന മാതൃഭൂമി വാര്‍ത്ത അസംബന്ധം. കൈത്തറിത്തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള നെറികെട്ട ലക്ഷ്യമാണ് ഈ വ്യാജവാര്‍ത്തയ്ക്കു പിന്നില്‍. കൈത്തറി പ്രദര്‍ശനം പൊലീസ് മൈതാനിയിലോ കലക്ടറേറ്റ് മൈതാനിയിലോ മാറിമാറി നടത്താറുണ്ട്. പൊലീസ് മൈതാനം വലിയ പരിപാടികള്‍ക്ക് മുന്‍കൂട്ടി നല്‍കിയ വര്‍ഷങ്ങളില്‍ കലക്ടറേറ്റ് മൈതാനിയിലേക്കു മാറ്റും. കഴിഞ്ഞ ഓണക്കാലത്ത് കലക്ടറേറ്റ് മൈതാനിയിലായിരുന്നു. ഇതെല്ലാം മറച്ചുവച്ചാണ് മാതൃഭൂമിയുടെ തറവേല. തീര്‍ത്തും ദുരുദ്ദേശ്യപരമായ ആക്ഷേപമാണിതെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി. മേളക്ക് എന്തെങ്കിലും അസൗകര്യം വന്നിട്ടുണ്ടെങ്കില്‍ കലക്ടറേറ്റ് മൈതാനം വാടകയ്ക്കെടുത്തവരാണ് സമാധാനം പറയേണ്ടതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയും സമ്മേളന സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ കെ പി സഹദേവന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പൊലീസ് മൈതാനം കലക്ടറേറ്റ് മൈതാനം, ടൗണ്‍സ്ക്വയര്‍ എന്നിവയെല്ലാം സിഐടിയു സമ്മേളനത്തിന് മുന്‍കുട്ടി ബുക്ക് ചെയ്തതാണ്. പൊലീസ് മൈതാനം സമ്മേളനത്തിന്റെ മുഖ്യവേദിയായതിനാല്‍ കൈത്തറിമേള അവിടെ നടത്താനാവില്ലെന്നും കലക്ടറേറ്റ് മൈതാനിയില്‍ സൗകര്യം ചെയ്തുകൊടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം കലക്ടറേറ്റ് മൈതാനം തരാതെ അധികൃതര്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് മറിച്ചുനല്‍കി. കലക്ടര്‍പോലും അറിയാതെ നടന്ന ശരിയല്ലാത്ത ചില നടപടികളിലൂടെയാണ് ഇതു സംഭവിച്ചത്. പരാതി പരിശോധിച്ച കലക്ടര്‍ക്കും ഇക്കാര്യം ബോധ്യമായിട്ടുണ്ട്. ആര്‍ക്കുകൊടുത്താലും കലക്ടറേറ്റ് മൈതാനത്തിന്റെ ഒരു ഭാഗം കൈത്തറി മേളക്ക് ലഭ്യമാക്കണമെന്ന് ഞങ്ങളടക്കം ശക്തിയായി ആവശ്യപ്പെട്ടതനുസരിച്ചാണ് അവിടെ സൗകര്യം ചെയ്തത്. ഈ പ്രശ്നത്തില്‍ സിഐടിയുവിനെ കുറ്റപ്പെടുത്തുന്നത് നീതിയല്ല- കെ പി സഹദേവന്‍ പറഞ്ഞു.

ആക്ഷേപം രാഷ്ട്രീയപ്രേരിതം: വീവേഴ്സ് സൊസൈറ്റീസ് അസോ.

കണ്ണൂര്‍: കൈത്തറിമേളയുടെ പേരില്‍ സിഐടിയുവിനെ കുറ്റപ്പെടുത്തുന്നതിനു പിന്നില്‍ രാഷ്ട്രീയമാണെന്ന് വീവേഴ്സ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ് പി ബാലനും സെക്രട്ടറി സന്തോഷ്കുമാറും പ്രസ്താവനയില്‍ പറഞ്ഞു. കൈത്തറി മേള മുമ്പും കലക്ടറേറ്റ് മൈതാനിയിലേക്ക് മാറ്റിയിട്ടുണ്ട്. അഖിലേന്ത്യാ സമ്മേളനംപോലെ വലിയൊരു പരിപാടിക്ക് പൊലീസ് മൈതാനം നല്‍കിയിരിക്കെ അവിടെത്തന്നെ സ്ഥലം വേണമെന്ന് ശഠിക്കാനാവില്ല. ഹാന്‍ഡ്ലൂം ഡവലപ്മെന്റ് കമ്മിറ്റിക്കാണ് കൈത്തറി മേള സംഘടിപ്പിക്കുന്നതിന്റെ ചുമതല. ഔദ്യോഗിക സംവിധാനമാണത്. ജില്ലാ ബാങ്ക് പ്രസിഡന്റാണ് ചെയര്‍മാന്‍. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറും. പൊലീസ് മൈതാനം ലഭ്യമല്ലാതിരിക്കെ കലക്ടറേറ്റ് മൈതാനിയില്‍ മതിയായ സ്ഥലസൗകര്യം കമ്മിറ്റി ഉറപ്പുവരുത്തേണ്ടതായിരുന്നു- പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 200313

No comments:

Post a Comment