ന്യൂഡല്‍ഹി രാംലീല മൈതാനിയില്‍നിന്നുയര്‍ന്നത് ബദല്‍ രാഷ്ട്രീയത്തിനും നയത്തിനുമായുള്ള സന്ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെമ്പതാകയേന്തി എത്തിയ ലക്ഷങ്ങള്‍ രാജ്യത്ത് മാറ്റത്തിന്റെ രാഷ്ട്രീയക്കാറ്റ് വീശുമെന്ന് പ്രഖ്യാപിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യയുടെ മുഖം മഹാറാലി അനാവരണംചെയ്തു. അണിമുറിയാതെ, തികഞ്ഞ അച്ചടക്കത്തോടെ പതിനായിരങ്ങള്‍ മാര്‍ച്ച് ചെയ്തപ്പോള്‍ അത് ഡല്‍ഹിക്ക് പുതിയ അനുഭവമായി. സമരസന്ദേശജാഥയുടെ സമാപനം കുറിച്ച് നടന്ന റാലിയും പൊതുസമ്മേളനവും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ പുത്തനേടായി. 2005ല്‍ നടന്ന സിപിഐ എം പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസിനേക്കാളും ജനപങ്കാളിത്തമായിരുന്നു രാംലീല മൈതാനിയില്‍ കണ്ടത്. ഉത്തരേന്ത്യയില്‍ സിപിഐ എമ്മിന്റെ ജനകീയാടിത്തറ വര്‍ധിക്കുകയാണെന്ന് റാലി വിളിച്ചോതി. രണ്ടു മൂന്നും ദിവസംമുമ്പ് കുടുംബാംഗങ്ങളുമായി എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് എത്തിയവര്‍ പ്രകടനമായാണ് മൈതാനിയിലെത്തിയത്. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജൊഗീന്ദര്‍ശര്‍മ പിബി അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ കെ പത്മനാഭന്‍, കെ വരദരാജന്‍, ബിമന്‍ബസു, നിരുപംസെന്‍, സൂര്യകാന്ത്മിശ്ര, മണിക് സര്‍ക്കാര്‍, രാഘവലു എന്നിവരും ജാഥയില്‍ അംഗങ്ങളായ നേതാക്കളുമായിരുന്നു വേദിയില്‍. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയെ സുധ സുന്ദര്‍രാമനും ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസിനെ നീലോല്‍പ്പല്‍ബസുവും ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡനെ ഹനന്‍മുള്ളയും വേദിയിലേക്ക് സ്വീകരിച്ചു. പി കരുണാകരന്‍, രാകേഷ് സിംഗ, അശോക് ധാവ്ളെ തുടങ്ങി നിരവധി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളും റാലിക്കെത്തി. സിപിഐ എം പാര്‍ലമെന്റ് അംഗങ്ങളും റാലിക്കെത്തിയിരുന്നു. പ്രകാശ് കാരാട്ട്, ജാഥാ നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, സീതാറാം യെച്ചൂരി, സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ബസു, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവര്‍ സംസാരിച്ചു.
നിരന്തരപോരാട്ടം അനിവാര്യം: നേതാക്കള്‍
സമ്പന്നരെ അതിസമ്പന്നരാക്കുകയും ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നവഉദാരവല്‍ക്കരണത്തിനെതിരെ യോജിച്ചതും തുടര്‍ച്ചയുമായ സമരം അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധീകരിക്കുന്ന കോര്‍പറേറ്റ് അനുകൂല രാഷ്ട്രീയത്തിനെതിരെ ബദല്‍ രാഷ്ട്രീയം മുന്നോട്ട് വയ്ക്കണമെങ്കില്‍ സമരം മാത്രമാണ് പോംവഴിയെന്നും തെക്കന്‍ ജാഥ ക്യാപ്റ്റന്‍ കൂടിയായ എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു. സമരസന്ദേശാഥയുടെ സമാപനത്തോടനുബന്ധിച്ച് രാംലീല മൈതാനിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചത്. കന്യാകുമാരിയില്‍നിന്ന് 3350 കിലോമീറ്റര്‍ താണ്ടിയ തെക്കന്‍ ജാഥയിലെ അനുഭവങ്ങളും എസ്ആര്‍പി പങ്കുവച്ചു. ദേശീയരാഷ്ട്രീയത്തിന്റെ ഗതി മാറ്റാന്‍ ബദല്‍ രാഷ്ട്രീയശക്തിയായി സിപിഐ എമ്മും ഇടതുപക്ഷവും ഉയര്‍ന്നുവരണമെന്ന് വടക്കന്‍ ജാഥ ക്യാപ്റ്റന്‍ വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ ജനോപകാരപ്രദമായ നടപടി കൈക്കൊള്ളാന്‍ കഴിയുമെന്ന് കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ തെളിയിച്ചു. വിധവാ പെന്‍ഷനും ആശ, അങ്കണവാടി ജീവനക്കാരുടെ ശമ്പളവും വര്‍ധിപ്പിക്കാന്‍ പണമില്ലാത്തവര്‍ രണ്ടര ലക്ഷത്തോളം കോടി രൂപയുടെ നികുതി ഇളവാണ് വന്‍കിട കമ്പനികള്‍ക്ക് നല്‍കിയത്. മഹിളകളുടെ സുരക്ഷയും ഇന്ന് അപകടത്തിലാണ്. ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച സ്ത്രീപീഡനവിരുദ്ധ ബില്ലാകട്ടെ വെള്ളം ചേര്‍ത്തതും- വൃന്ദ കാരാട്ട് പറഞ്ഞു.
ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്നതാണ് സമരസന്ദേശ ജാഥയും റാലിയുമെന്ന് പടിഞ്ഞാറന്‍ ജാഥാ ക്യാപ്റ്റന്‍ സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതി തടഞ്ഞാല്‍ മാത്രം ഭക്ഷ്യ സുരക്ഷാപദ്ധതിയും എല്ലാവര്‍ക്കും സൗജന്യവിദ്യാഭ്യാസവും നല്‍കാനുള്ള പണം ലഭിക്കും. ധനകമ്മി കുറയ്ക്കാനും കഴിയും. സമരത്തില്‍ക്കൂടെ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ജനങ്ങള്‍ ഇതാഗ്രഹിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. ബദല്‍മാര്‍ഗത്തിലൂടെയാണ് ത്രിപുര സര്‍ക്കാര്‍ മുന്നേറുന്നതെന്ന് പിബി അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക്സര്‍ക്കാര്‍ പറഞ്ഞു. ജനോപകാരപ്രദമായ നയങ്ങള്‍ നടപ്പാക്കുന്നതുകൊണ്ടാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏഴാംതവണയും അധികാരത്തില്‍ വന്നത്. ഇടതുപക്ഷത്തെ തുടച്ചുനീക്കുമെന്ന് പറഞ്ഞ രാഹുല്‍ഗാന്ധിയുടെ പാര്‍ടിയെയാണ് ജനങ്ങള്‍ തുടച്ചുമാറ്റിയത്. ബിജെപിക്കും കോണ്‍ഗ്രസിനും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാകില്ലെന്ന ജനങ്ങളുടെ തിരിച്ചറിവാണ് ഇടതുമുന്നണിയുടെ ഉജ്വല വിജയമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. സിപിഐ എമ്മും ഇടതുപക്ഷവും ശക്തി പ്രാപിച്ചാല്‍ മാത്രമേ ബദല്‍രാഷ്ട്രീയം ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയൂ എന്ന് പിബി അംഗം ബിമന്‍ ബസു പറഞ്ഞു.
പോരാട്ടഭൂമിയില്‍ വേറിട്ട കാഴ്ചയായി ചൗക്കിദാര്‍മാര്‍
ന്യൂഡല്‍ഹി: അവകാശസംരക്ഷണത്തിനായുള്ള പോരാട്ടത്തില്‍ ഹരിയാനയുടെ രാത്രികാവല്‍ക്കാരും. തിങ്ങിനിറഞ്ഞ രാംലീല മൈതാനിയിലാണ് ഹരിയാനയിലെ കര്‍ണാല്‍, റോഹ്തക്, ഫരീദാബാദ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഗ്രാമീണ ചൗക്കിദാര്‍മാര്‍ വേറിട്ട കാഴ്ചയായത്. ഹരിയാനയിലെ പഞ്ചായത്തുകളില്‍ ജോലിചെയ്യുന്നവരാണ് ചൗക്കിദാര്‍മാര്‍. രാത്രികാവല്‍ ജോലിക്കൊപ്പം മറ്റു സേവനങ്ങളും ഇവര്‍ക്ക് ചെയ്യേണ്ടിവരുന്നു. ജീവിതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ യൂണിഫോം മാത്രം മതിയാവില്ലെന്ന് തിരിച്ചറിയുന്നവരാണിവര്‍. ഇത്രയേറെ സേവനം ചെയ്തിട്ടും മാസം ഇവര്‍ക്ക് ലഭിക്കുന്നത് കേവലം 1500 രൂപ മാത്രം. തൊഴില്‍സുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ല. അടുത്തിടെ റോഹ്ത്തക്കില്‍ ഹരിയാന ചൗക്കിദാര്‍ യൂണിയന്‍ സംഘടിപ്പിച്ച റാലിയില്‍ നൂറുകണക്കിന് പേരാണ് അണിചേര്‍ന്നത്. സിഐടിയുവിന് കീഴിലുള്ള സംഘടനയാണിത്. അവകാശബോധത്തില്‍ ജ്വലിക്കുന്ന ചൗക്കിദാര്‍മാരുടെ ആവേശം രാംലീല മൈതാനിയിലും അലതല്ലി. മുദ്രാവാക്യം മുഴക്കിയും നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് കരഘോഷത്തിലൂടെ പിന്തുണ പ്രഖ്യാപിച്ചും ഇവര്‍ മൈതാനം സജീവമാക്കി.
ജാതിപ്പഞ്ചായത്തുകളുടെ തീട്ടൂരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമിടയില്‍ ഹരിയാനയില്‍ ശാസ്ത്രാവബോധവും പുരോഗമന ആശയവും പ്രചരിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിയാന വികാസ് മഞ്ചും റാലിയില്‍ സജീവമായി. ഡോക്ടര്‍മാരും അധ്യാപകരുമടക്കം മൂവായിരത്തോളം പേരാണ് അംഗങ്ങള്‍. ശാസ്ത്രം ജനങ്ങളിലെത്തിക്കാന്‍ വ്യത്യസ്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുവെന്ന് മഞ്ച് സെക്രട്ടറി സത്ബീര്‍ നാഗല്‍. ബദല്‍ പഠന പദ്ധതികളുമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്, അധ്യാപകരുടെ ശില്‍പ്പശാല, അന്ധവിശ്വാസങ്ങളില്‍നിന്ന് യുക്തിയിലേക്ക് നയിക്കുന്ന അനാവരണപരിപാടികള്‍, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം എന്നിവയാണ് ഇതില്‍ ശ്രദ്ധേയം.
വയസ്സ് 93: സത്യപ്രകാശിന് പോരാട്ടംതന്നെ ജീവിതം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉദ്ധംസിങ് നഗറില്‍നിന്ന് രാംലീല മൈതാനിയില്‍ സിപിഐ എം സമരസന്ദേശയാത്രയുടെ സമാപനറാലിയില്‍ പങ്കെടുക്കാനെത്തിയ സത്യപ്രകാശ് ശര്‍മയ്ക്ക് പ്രായം 93. വിദ്യാര്‍ഥിയായിരിക്കെ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അണിചേര്‍ന്ന സത്യപ്രകാശിന്റെ പോരാട്ടത്തിന് പ്രായം തടസ്സമല്ല. പാക് പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച് "ക്വിറ്റ് ഇന്ത്യ" സമരത്തിലേക്ക് എടുത്തു ചാടിയ സത്യപ്രകാശ് ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നു തവണയാണ് ജയില്‍ശിക്ഷ അനുഭവിച്ചത്. തുടര്‍ന്ന് കര്‍ഷക സമരങ്ങളുടെയും തൊഴിലാളി മുന്നേറ്റങ്ങളുടെയും മുന്‍നിരയില്‍ ചുവടുപ്പിച്ച അദ്ദേഹത്തെ അവിഭക്ത ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും സര്‍ക്കാരുകള്‍ 33 തവണ അഴിക്കുള്ളിലടച്ചു. ഇപ്പോള്‍ സിഐടിയുവിന്റെ ഉത്തരാഖണ്ഡ് പ്രസിഡന്റായ സത്യപ്രകാശ് ഇല്ലാത്ത സമരവേദി സംസ്ഥാനത്ത് അപൂര്‍വമെന്ന് നിയമ വിദ്യാര്‍ഥിയായ അഭിഷേക് ഭണ്ഡാരി സാക്ഷ്യപ്പെടുത്തുന്നു.
വിഭജനത്തിനുശേഷം പാക്-പഞ്ചാബില്‍നിന്ന് ഇന്ത്യയിലെത്തിയ സത്യപ്രകാശ് 1949ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. സ്വാതന്ത്ര്യ സമരകാലത്തെ വാഗ്ദാനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നുവെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കടുപ്പിച്ചത്. ഭൂപരിഷ്കരണം നടപ്പാക്കാതെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവില്‍ ഭൂരഹിതരെ സംഘടിപ്പിച്ചു. ഖേദ് മസ്ദൂര്‍ യൂണിയന്‍ എന്ന ഭൂരഹിത കര്‍ഷകരുടെ സംഘത്തിന് സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കിയതില്‍ സത്യപ്രകാശിന് വലിയ പങ്കുണ്ട്. "എല്‍എല്‍ബി ഇല്ലാത്ത നിയമ പണ്ഡിതന്‍" എന്നാണ് ഒരു പ്രാദേശികപത്രം സത്യപ്രകാശിനെ വിശേഷിപ്പിച്ചത്. തൊഴില്‍ നിയമങ്ങളിലുള്ള അസാധാരണ പാണ്ഡിത്യമാണ് വിശേഷണത്തിനു പിന്നില്‍. ഡെറാഡൂണ്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവപ്രസാദ് ധാവ്ലിയും റാലിക്കെത്തി. ഡെറാഡൂണില്‍ സിപിഐ എമ്മിന് മറ്റൊരു ജില്ലാ പഞ്ചായത്ത് അംഗംകൂടിയുണ്ട്. നിരവധി വിദ്യാര്‍ഥികളും ഉത്തരാഖണ്ഡില്‍നിന്ന് രാംലീലാ മൈതാനിയിലെത്തി.
(പി വി അഭിജിത്)
deshabhimani 200313
No comments:
Post a Comment