വനിതാ ദിനത്തില്‍ തിരുവനന്തപുരം ദേശാഭിമാനി എഡിറ്റോറിയല്‍ ഡെസ്ക്
മുഖ്യമന്ത്രിയുടേത് ഭരണഘടനാ ലംഘനം
മന്ത്രി ഗണേശ്കുമാറിന്റെ ഭാര്യ ഡോ. യാമിനിതങ്കച്ചിയുടെ പരാതിക്കുനേരെ മുഖം തിരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നയത്തിനെതിരെ വ്യാപക വിമര്‍ശമുയരുന്നു. തെരുവിലും മന്ത്രി മന്ദിരത്തിലുംവരെ സുരക്ഷിതത്വമില്ലാത്ത സ്ത്രീകളുടെ പ്രശ്നങ്ങളെ മുഖ്യമന്ത്രി തികഞ്ഞ ലാഘവത്തോടെയാണ് സമീപിക്കുന്നതെന്ന് വനിതാ പൊതുപ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഗണേശിന്റെയും യാമിനിയുടെയും കാര്യത്തില്‍ മുഖ്യമന്ത്രി ചെയ്തത് തികഞ്ഞ ഭരണഘടനാ ലംഘനമാണെന്ന് ടി എന്‍ സീമ എംപി കുറ്റപ്പെടുത്തി. ഗാര്‍ഹിക പീഡനമുണ്ടെന്നു കാട്ടി യാമിനി നല്‍കിയ പരാതി സ്വീകരിക്കാതെ, ആരോപിതനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ഇത് നിലവിലിലുള്ള നിയമങ്ങളെ നിഷേധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ക്രിമിനല്‍ നിയമ ഓര്‍ഡിനന്‍സ് പ്രകാരം ഇരയുടെ മൊഴിക്കാണ് പ്രാധാന്യം. ശത്രുക്കളായി നിന്നവരെല്ലാം അധികാരക്കസേര സംരക്ഷിക്കാന്‍ ഒന്നിക്കുകയും നീതിക്കുവേണ്ടി പരാതിപ്പെട്ട സ്ത്രീ ഒറ്റപ്പെടുകയുംചെയ്ത അനുഭവമാണ് യാമിനിയുടെ കാര്യത്തിലും സംഭവിച്ചതെന്ന് സീമ പറഞ്ഞു
നിയമം പ്രാവര്‍ത്തികമാക്കുന്നതില്‍ കര്‍ശനമായി ഇടപെടേണ്ട ഭരണകൂടം ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് യാമിനി തങ്കച്ചിയുടെ പരാതിയിന്മേല്‍ നടപടിയെടുക്കാനുള്ള വിമുഖതയെന്ന് ഡോ. പി എസ് ശ്രീകല പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധിത നിയമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യേണ്ട പരാതിയെ അവഗണിക്കുന്ന സമീപനം ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയ്ക്ക് തെളിവാണെന്നും ശ്രീകല പറഞ്ഞു. മുഖ്യമന്ത്രി എന്തുകൊണ്ടാണ് യാമിനിയുടെ പരാതി പൊലീസിന് കൈമാറാത്തതെന്ന് പ്രൊഫ. എ ജി ഒലീന ചോദിച്ചു. വീട്ടിലെ മര്‍ദനം അക്രമമാണെന്നുപോലും തിരിച്ചറിയാതിരുന്ന ഇന്ത്യയിലെ സാധാരണ സ്ത്രീകള്‍പോലും ഗാര്‍ഗിക പീഡന നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ചെറുക്കുന്നുണ്ട്. അപ്പോഴാണ് യാമിനിക്ക് ഈ അവസ്ഥ ഉണ്ടായതെന്നും ഒലീന ഓര്‍മിപ്പിച്ചു. ഭര്‍ത്താവ് പീഡിപ്പിക്കുന്നത് സ്വകാര്യവിഷയമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമലംഘനമാണെന്ന് ആര്‍ പര്‍വതീദേവി പറഞ്ഞു. ഒരു മന്ത്രി പീഡിപ്പിക്കുന്നതായി മന്ത്രിയുടെ ഭാര്യ പരാതി പറയുന്നത് അതീവ ഗൗരവത്തിലെടുക്കേണ്ടതാണെന്ന് അവര്‍ പറഞ്ഞു.
ഏതൊരു സ്ത്രീയും ഏതുതരത്തിലുള്ള അതിക്രമത്തിന് വിധേയമായാലും, പരാതി നല്‍കിയാല്‍ പൊലീസ് സ്റ്റേഷനില്‍ അയച്ച് കേസ് രജിസ്ട്രര്‍ ചെയ്യേണ്ടതാണെന്ന് അഡ്വ. ഗീന കുമാരി പറഞ്ഞു. പ്രതി മന്ത്രിയായതിനാല്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി സമര്‍പ്പിച്ചാല്‍ സ്വതന്ത്രമായ അന്വേഷണവും തീരുമാനവും ഉണ്ടാകില്ല എന്നതുകൊണ്ടാണ് യാമിനി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. സ്വതന്ത്രമായ അന്വേഷണത്തിനും പരിഹാരത്തിനും വേണ്ടി സമര്‍പ്പിച്ച പരാതിയായി പരിഗണിച്ച് മുഖ്യമന്ത്രി നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഗീന ആവശ്യപ്പെട്ടു.
രാഷ്ട്രീയഭാഷ സ്ത്രീവിരുദ്ധമായി
പ്രൊഫ. എ ജി ഒലീന
രാഷ്ട്രീയ സമൂഹത്തിന്റെ മുഖമുദ്രയാണ് അവിടത്തെ രാഷ്ട്രീയപ്രയോഗഭാഷ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരത ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും വളരാന്‍ സാഹചര്യം ഒരുക്കി. ഇതുരൂപപ്പെട്ടത് അമ്പതുകളിലും അറുപതുകളിലും ഒക്കെ ഉരുത്തിരിഞ്ഞ പൊതുമണ്ഡലത്തിലൂടെയാണ്. നാട്ടിന്‍പുറത്തെ വായനശാലകളിലും കവലകളിലും ചായക്കടകളിലും കൂടിയിരുന്ന് പത്രം വായിക്കുകയും അഭിപ്രായങ്ങള്‍ സ്വാംശീകരിക്കുകയുംചെയ്ത മലയാളി രൂപം നല്‍കിയ ഒരു പൊതുമണ്ഡലം ഉണ്ടായിരുന്നു. പക്ഷേ, ആ പൊതുമണ്ഡലത്തിലും സ്ത്രീക്ക് ഇടമുണ്ടായിരുന്നുവോ."പൊതുഇട"ങ്ങളും പൊതുമണ്ഡലവും എക്കാലത്തും സ്ത്രീക്ക് അന്യമായിരുന്നു. ഈ സാഹചര്യത്തിലാണ് "വിമോചനസമരം"എന്ന കേരളത്തിലെ ഏറ്റവും നാണംകെട്ട രാഷ്ട്രീയാഭാസം നടപ്പാകുന്നത്.
കണ്ണൂരിലെ സ്വദേശാഭിമാനിയുടെ ശവകുടീരത്തില്‍നിന്ന് "ഊരിയെടുത്ത എല്ലുയര്‍ത്തി" ആരംഭിച്ച സമരാഭാസത്തില്‍ വന്‍ തോതില്‍ സ്ത്രീകള്‍ പങ്കെടുത്തു. അന്ന് സ്ത്രീകളെ തെരുവിലിറക്കിയത് വര്‍ഗീയ-ജാതി-മത ശക്തികള്‍ ആയിരുന്നു. ഇന്നും സ്ത്രീകളെ വന്‍തോതില്‍ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുന്നു. "ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ" എന്ന മുദ്രാവാക്യത്തിലന്തര്‍ഹിതമായ സ്ത്രീവിരുദ്ധത മാത്രമല്ല, ജാതിസൂചനയും ശ്രദ്ധിക്കേണ്ടതുണ്ട്. വിമോചനസമരത്തിന്റെ മറപറ്റി കോട്ടയത്തും കോടമ്പാക്കത്തും രൂപംകൊണ്ട "സാംസ്കാരികവ്യവസായ"ത്തിന്റെ സ്വാധീനം കേരളത്തിന്റെ സാംസ്കാരികദിശാബോധത്തെയും രാഷ്ട്രീയദിശാബോധത്തെയും എപ്രകാരം അട്ടിമറിച്ചുവെന്ന് ഇന്നു നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലനില്‍പ്പിനായി പോരാട്ടം തുടരുന്നു
ടി എന്‍ സീമ എംപി
സാര്‍വദേശീയ വനിതാദിനം ആചരിക്കാന്‍ തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും സാമൂഹ്യ-സാമ്പത്തിക ചൂഷണം കൂടുതല്‍ സങ്കീര്‍ണവും രൂക്ഷവുമായി മാറിയ അവസ്ഥയാണ്. സാമ്രാജ്യത്വ കൈയേറ്റത്തിന്റെയും യുദ്ധങ്ങളുടെയും വര്‍ഗീയകലാപങ്ങളുടെയും വംശീയസംഘട്ടനങ്ങളുടെയും ആദ്യത്തെ ഇരകളായ സ്ത്രീകള്‍ നടത്തുന്ന നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്.
1975ല്‍ ഐക്യരാഷ്ട്രസഭയുടെ വനിതാ ദശകാചരണം തുടങ്ങുന്ന വേളയില്‍ ഇ എം എസ് ഒരു ലേഖനത്തില്‍ ചോദിച്ചു; ഇത്രയധികം സ്ത്രീസംരക്ഷണ നിയമങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്? എന്തുകൊണ്ടാണ് സ്ത്രീവിരുദ്ധ അനാചാരങ്ങള്‍ തുടരുന്നത്? അദ്ദേഹം നല്‍കിയ മറുപടി ഇതാണ്; "നിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടത്തിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്". ഇ എം എസിന്റെ ഈ വിമര്‍ശത്തിനുശേഷം നാലു ദശകത്തോളം കഴിഞ്ഞ് ജസ്റ്റിസ് വര്‍മ കമ്മിറ്റി ശക്തമായ ഭാഷയില്‍ നിരീക്ഷിച്ചു; "സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഭരണത്തിന്റെ പരാജയമാണ്".
നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരും പൊലീസും ഉദ്യോഗസ്ഥ സംവിധാനവും കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ആരാണ് കൂടുതല്‍ തെറ്റുകാര്‍? പെണ്‍വാണിഭക്കേസില്‍ ആരോപണവിധേയനായ വ്യക്തിയെ ഉന്നതപദവിയില്‍ സംരക്ഷിക്കുന്നവര്‍ക്ക് എങ്ങനെയാണ് സ്ത്രീസംരക്ഷണം ഉറപ്പുവരുത്താനാകുക? ഗാര്‍ഹികപീഡനം ആരോപിക്കപ്പെട്ട മന്ത്രിയെ അധികാരക്കസേരയില്‍ നിലനിര്‍ത്തുന്ന രാഷ്ട്രീയ ജീര്‍ണതയെ എന്തു പേരുമപറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ലിംഗനീതിയുടെയും ലിംഗതുല്യതയുടെയും ഉറപ്പുനല്‍കുന്ന രാജ്യത്തെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയല്ലേ ഇവര്‍?
അധികാരം നിലനിര്‍ത്താനുള്ള ഞാണിന്മേല്‍ കളിക്കിടയില്‍ ഭരണക്കാര്‍ ചവിട്ടിത്താഴ്ത്തുന്നത് സ്ത്രീയുടെ ആത്മാഭിമാനമാണ്. പുഴുവായി ജനിച്ച് ജീവിച്ച് മരിക്കാനുള്ളതല്ല സ്ത്രീജീവിതം. ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ ജീവിക്കാനാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. ഇന്നേവരെ കടന്നുചെല്ലാത്ത രംഗങ്ങളില്‍ പോലും ധീരമായി കടന്നുചെന്ന് കഴിവു തെളിയിച്ച സ്ത്രീകളെക്കുറിച്ച് ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും പാര്‍പ്പിടവുമെല്ലാം സ്ത്രീയുടെ അവകാശമാണ്. ഭരണത്തില്‍ സ്ത്രീയുടെ പങ്കാളിത്തം സ്ത്രീയുടെ അധികാരമാണ്. അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. വാഗ്ദാനങ്ങളുടെ പൂമഴയല്ല, മൂര്‍ത്തമായ പ്രയോഗിക പ്രവര്‍ത്തനങ്ങളാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. സഹനസമരങ്ങളുടെ സംഘര്‍ഷ പാതകളിലൂടെ, തോല്‍ക്കാന്‍ മടിച്ചുകൊണ്ട്, ഇന്ത്യന്‍ സ്ത്രീയുടെ പോരാട്ടം തുടരുകയാണെന്ന സന്ദേശമാണ് മാര്‍ച്ച് എട്ട് നല്‍കിയത്.
കേന്ദ്ര ഓര്‍ഡിനന്‍സും രക്ഷയാകില്ല
അഡ്വ. ഗീനാകുമാരി
സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ച അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലല്ല കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സ്. രാജ്യത്ത് വിവിധതരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ പ്രതിഷേധങ്ങള്‍ വളര്‍ന്ന സാഹര്യത്തിലാണ് ക്രിമിനല്‍ നിയമ ഭേദഗതിക്കായി കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായി കമ്മിറ്റിയെ നിയമിച്ചത്. വര്‍മാ കമ്മിറ്റിയുടെ മുമ്പാകെ വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നുമായി 800ല്‍ ഏറെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ സിറ്റിങ്ങില്‍ കിട്ടിയ വിവരങ്ങളും ഇ മെയില്‍ സന്ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ചാണ് വര്‍മാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. വര്‍മാ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടി നിയമഭേദഗതിക്കായുള്ള ഓര്‍ഡിനന്‍സെന്ന് ആമുഖത്തില്‍ പറയുന്നെങ്കിലും കമീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടില്ലെന്നു മാത്രമല്ല കാതലായ പല നിര്‍ദേശങ്ങളെയും ലഘൂകരിക്കുകയും ചെയ്തു. പ്രധാനമായും വിവാഹബന്ധത്തിനുള്ളിലെ ബലാത്സംഗം നിര്‍വചിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ല. വിവാഹബന്ധം വേര്‍പിരിഞ്ഞ വേളയില്‍ മുന്‍ ഭര്‍ത്താവില്‍നിന്നുള്ള നിര്‍ബന്ധിത ലൈംഗികബന്ധം മാത്രമാണ് ഇപ്പോള്‍ കുറ്റകരമാക്കിയത്.
കൂട്ടബലാത്സംഗത്തിന്റെ നിര്‍വചനത്തിലുള്ള അപര്യാപ്തത പരിഹരിക്കാനായിട്ടില്ല. സൈന്യത്തിനുള്ള പ്രത്യേക അവകാശനിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ അതിക്രമങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്നില്ല. ഇരയുടെ പേരും തിരിച്ചറിയാവുന്ന തരത്തിലുള്ള വിവരങ്ങളും നല്‍കരുതെന്ന ക്രിമിനല്‍ നടപടി നിയമത്തിലെ 228(2)-ാം വകുപ്പിനോടനുബന്ധമായി ഇരയെ വ്യക്തിഹത്യ നടത്തുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതുകൂടി ശിക്ഷാര്‍ഹമാക്കേണ്ട പ്രസക്തമായ ഭേദഗതിയും ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവന്ന "സ്ത്രീകളുടെ മാന്യതയും സ്വകാര്യതയും" സംരക്ഷിക്കുന്ന ബില്ലും ഗുണപരമായ മാറ്റം ഉണ്ടാക്കുകയില്ല. പൊതുഇടങ്ങള്‍, സ്വകാര്യത, മാന്യത തുടങ്ങിയ പരമപ്രധാനമായവയ്ക്ക് കൃത്യമായ നിര്‍വചനംപോലും ബില്ലില്‍ നല്‍കിയിട്ടില്ല. ഇതുകൂടാതെ കേന്ദ്രനിയമങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകവഴി പ്രായോഗികമല്ലാത്ത വകുപ്പുകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്ത്രീവിരുദ്ധതയും സ്ത്രീപ്രശ്നങ്ങളിലുള്ള താല്‍പ്പര്യമില്ലായ്മയും നിഴലിക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ഈ ബില്‍.
പീഡിതര്‍ക്കും അതിജീവിച്ചവര്‍ക്കും ഐക്യദാര്‍ഢ്യം
കോട്ടയം: ആ 17 വര്‍ഷം എങ്ങനെ....? അതൊരു വലിയ ചോദ്യമായിരുന്നു. അത് ഉയര്‍ന്നു വന്നത് കേരള സമൂത്തിന് നേരെയും. സൂര്യനെല്ലിയിലെ കുട്ടിയും അവളുടെ കുടുംബവും എങ്ങനെ കഴിയുന്നൂവെന്ന് നാം അന്വേഷിച്ചില്ല. പക്ഷേ അവരെ അസഭ്യം പറഞ്ഞും അവഗണിച്ചും കളിയാക്കിയും നമ്മള്‍ വീണ്ടും വീണ്ടും പീഡിപ്പിച്ചു. പിന്നെ മാധ്യമ വിചാരണയും പീഡനങ്ങളെയും അതിക്രമങ്ങളെയും അതിജീവിച്ചവര്‍ക്കും മനുഷ്യരായി ജീവിക്കാന്‍ ഇവിടെ അവകാശമുണ്ടെന്ന് സ്ത്രീദിനം ഓര്‍മപ്പെടത്തുന്നു. പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ സഹജ സംഘടിപ്പിച്ച അന്തര്‍ദേശീയ വനിതാദിനാചരണം ഇത്തരം ചില ഓര്‍മപ്പെടുത്തലുകള്‍ക്ക് വേദിയായി. തമിഴ് കവയിത്രി മീന കന്ദസ്വാമി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രതിയായി അധികാരത്തിലിരിക്കുന്ന വരെ രക്ഷിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നത് അപമാനകരമാണെന്ന് മീന പറഞ്ഞു. തഞ്ചാവൂരില്‍ 44 പേരെ ചുട്ടുകൊന്ന കേസില്‍ കോടതി പറഞ്ഞത് പ്രതികള്‍ ഭൂപ്രഭുക്കളും ശക്തരുമെന്നാണ്. പ്രതികളാരും ശിക്ഷിക്കപ്പെട്ടില്ല. ഉന്നതര്‍ക്ക് കൊലയും ലൈംഗികാതിക്രമവും അവകാശമാക്കുകയും വിധേയരാകുന്നവര്‍ അതനുഭവിക്കാന്‍ വിധിക്കപ്പെട്ടവരുമെന്ന ചിന്ത സമൂഹത്തില്‍ വ്യാപകമാകുന്നതായും അവര്‍ പറഞ്ഞു. സൂര്യനെല്ലി പെണ്‍കുട്ടിക്കും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച മറ്റെല്ലാവര്‍ക്കുമൊപ്പം എന്ന പേരില്‍ ആചരിച്ച ദിനാചരണത്തിന്റെ ഭാഗമായി സഹജപ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. എലിസബേത്ത് ഫിലിപ്പ്, അനില ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
deshabhimani 090313
No comments:
Post a Comment