Saturday, March 9, 2013
തപാല്‍ ജീവനക്കാരുടെ ദേശീയ സമ്മേളനം നാളെ തുടങ്ങും
എന്‍എഫ്പിഇയുടെ ഘടകസംഘടനയായ ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ്-സിയുടെ ദേശീയ സമ്മേളനം 10 മുതല്‍ 12 വരെ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ മേയര്‍ കെ ചന്ദ്രിക, എന്‍എഫ്പിഇ സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30ന് ഇടപ്പഴിഞ്ഞി ആര്‍ഡിആര്‍ ഹാളി(നാനി ബാനര്‍ജി നഗര്‍)ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. പി കരുണാകരന്‍ എംപി, തപാല്‍ വകുപ്പ് സെക്രട്ടറി പി ഗോപിനാഥ്, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പ്രതിനിധിസമ്മേളനം ആരംഭിക്കും.
തിങ്കളാഴ്ച പകല്‍ 11ന് വനിതാസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. ഏഴാച്ചേരി രാമചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിക്കും. മൂന്നിന് ആശാന്‍ സ്ക്വയറില്‍ നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ഗാന്ധിപാര്‍ക്കില്‍ (ക്യാപ്റ്റന്‍ ലക്ഷ്മിനഗര്‍) നടക്കുന്ന പൊതുസമ്മേളനം ഡോ. പ്രഭാത് പട്നായിക് ഉദ്ഘാടനംചെയ്യും. സി പി ശോഭന അധ്യക്ഷയാകും. വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കള്‍ പങ്കെടുക്കും. 12നു രാവിലെ ഒമ്പതിന് പ്രതിനിധിസമ്മേളനം പുനരാരംഭിക്കും. സുവനീര്‍ പ്രകാശനം സുകുമോള്‍സെന്‍ നിര്‍വഹിക്കും. സമ്മേളനം വൈകിട്ട് സമാപിക്കും. സമ്മേളന നഗരിയിലേക്കുള്ള പതാക നെയ്യാറ്റിന്‍കരയില്‍ നിന്ന് ശനിയാഴ്ച പകല്‍ മൂന്നിന് കൊണ്ടുവരും. പതാകജാഥ സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച രാവിലെ സെന്‍ട്രല്‍ വര്‍ക്കിങ് കമ്മിറ്റി ചേരും. സമ്മേളനത്തില്‍ 1000 പ്രതിനിധികളും 2800 സന്ദര്‍ശക പ്രതിനിധികളും പങ്കെടുക്കും. 200 വനിതാ പ്രതിനിധികളുണ്ട്.
താപാല്‍ വകുപ്പിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കും. പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനും തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം തൊഴിലാളികളുടെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ്-സി മുന്‍ ജനറല്‍ സെക്രട്ടറി കെ വി ശ്രീധരന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജേക്കബ് തോമസ്, വിവിധ കമ്മിറ്റി ഭാരവാഹികളായ സുരേഷ് വെള്ളിമംഗലം, എന്‍ ഡി ബാബു, എസ് അശോക്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 090313
Subscribe to:
Post Comments (Atom)
No comments:
Post a Comment