സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുമാസം നീളുന്ന ചരിത്ര പ്രദര്‍ശനത്തിന് അഞ്ചിന് (തിങ്കളാഴ്ച) തുടക്കമാകും. കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. "സോഷ്യലിസമാണ് ഭാവി" എന്ന പേരിലാണ് പ്രദര്‍ശനം. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേര് സ്വീകരിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇ എം എസിന്റെ നാമധേയത്തില്‍ ടൗണ്‍ഹാളിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. ഏപ്രില്‍ 8 വരെ നീളുന്ന പ്രദര്‍ശനം രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ്. ചരിത്രകാരന്മാരും എഴുത്തുകാരും ചിത്രകാരന്മാരും ശില്‍പ്പികളും ഗ്രാഫിക് ഡിസൈനര്‍മാരുമുള്‍പ്പെടെ വിവിധ മേഖലകളിലെ നിരവധി വ്യക്തികളുടെ പ്രയത്നഫലമാണ് പ്രദര്‍ശനം. സാര്‍വദേശീയം, ദേശീയം, കേരളം, കോഴിക്കോട്, സമകാലീനം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി പോസ്റ്ററുകളും പ്രധാന ചരിത്ര മുഹൂര്‍ത്തങ്ങളെ ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും ഒരുക്കിയിട്ടുണ്ട്.
വ്യവസായ വിപ്ലവത്തോടെയുണ്ടായ മുതലാളി- തൊഴിലാളി വര്‍ഗങ്ങളുടെ ഉദയവും തുടര്‍ന്ന് ലോക ചരിത്രഗതിയെ മാറ്റിമറിച്ച മനുഷ്യന്റെ മോചന പോരാട്ടങ്ങളും അതില്‍ തൊഴിലാളി- കര്‍ഷകരടക്കം ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കുണ്ടായ വിജയവും തിരിച്ചടികളും ഇതില്‍ പ്രതിപാദിക്കുന്നു. ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ , സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ , സാംസ്കാരിക രംഗത്തുനടന്ന പോരാട്ടങ്ങള്‍ , പത്രപ്രവര്‍ത്തനരംഗത്ത് നടക്കുന്ന ആശയസംഘട്ടനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ അനാവൃതമാകും. ചരിത്രരേഖകളുടെയും അംഗീകൃത പഠനപ്രബന്ധങ്ങളുടെയും പിന്‍ബലത്തോടെയാണ് പ്രദര്‍ശനത്തിലെ ഓരോ വാക്കും ദൃശ്യവും ഒരുക്കിയിരിക്കുന്നത്. ഇതില്‍ വിശദാംശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പ്രദര്‍ശന നഗരിക്കകത്ത് റഫറന്‍സ് ലൈബ്രറിയുമുണ്ട്. താളിയോലകളടക്കം അപൂര്‍വ രേഖകളും ഗ്രന്ഥങ്ങളും പഴയ ആനുകാലികങ്ങളും നഗരിയില്‍ ക്രമീകരിക്കും.
അമേരിക്ക നേതൃത്വം നല്‍കുന്ന ആഗോള സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളും അതിന് ദാസ്യപ്പെടുന്ന മൂന്നാംലോക ഭരണാധികാരികളുടെ നടപടികളും പ്രദര്‍ശനത്തിലെ പ്രതിപാദ്യ വിഷയമാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍സമീപനങ്ങളും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തിരിച്ചുവരവുകളും അമേരിക്കയിലും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലും മുഴങ്ങുന്ന കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളും അറബ് വസന്തവും സംബന്ധിച്ച സന്ദേശങ്ങള്‍ പ്രദര്‍ശനത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ ലഭിക്കും. പ്രദര്‍ശന നഗരിയില്‍ ചെറു തിയേറ്ററും ഒരുക്കുന്നുണ്ട്. പ്രസിദ്ധ സംവിധായകരുടെ ഡോക്യുമെന്ററികളും ഫീച്ചര്‍ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിലെ വിഷയത്തിലൂന്നിയ ചോദ്യാവലി സന്ദര്‍ശകര്‍ക്ക് നല്‍കുകയും ശരിയുത്തരമെഴുതുന്നവര്‍ക്ക് ദിവസവും സമ്മാനം നല്‍കുകയും ചെയ്യും. തുടര്‍പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പുസ്തകശാലയും പ്രദര്‍ശന ഉള്ളടക്കം പുസ്തകരൂപത്തിലും സിഡിയിലും ലഭിക്കുന്ന സ്റ്റാളുകളും നഗരിയിലുണ്ടാകും. കൈത്തറി സ്റ്റാള്‍ , സുഭിക്ഷ സ്റ്റാള്‍ , സിപ്കോ സ്റ്റാള്‍ , ദേശാഭിമാനി ബുക്ക് ഹൗസ് സ്റ്റാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഇ എം എസ് ആദ്യമായി ലേഖനമെഴുതിയ "ഉണ്ണിനമ്പൂതിരി" മാസികയും 1920ലെ കമ്യൂണിസ്റ്റ് പാര്‍ടി താഷ്കന്റ് യോഗത്തിന്റെ മിനുട്ട്സും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമ കാണ്‍പൂര്‍ സമ്മേളനത്തിലെ(1925) ബാഡ്ജും സ്ലിപ്പും പ്രദര്‍ശനത്തിലെ അപൂര്‍വതയാണെന്ന് സംഘാടകന്‍ ബി ആനന്ദക്കുട്ടന്‍ പറഞ്ഞു. പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഭാസ്കരന്‍ , ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് എന്നിവരും പങ്കെടുത്തു.
deshabhimani 030312

സിപിഐ എം 20ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുമാസം നീളുന്ന ചരിത്ര പ്രദര്‍ശനത്തിന് അഞ്ചിന് (തിങ്കളാഴ്ച) തുടക്കമാകും. കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. "സോഷ്യലിസമാണ് ഭാവി" എന്ന പേരിലാണ് പ്രദര്‍ശനം. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേര് സ്വീകരിച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete