Saturday, March 3, 2012

ഏഴ് നഗരസഭകളിലും ലീഗ് - കോണ്‍ഗ്രസ് പോര്

മലപ്പുറം: അധികാരം പങ്കിടുന്നതിനെ ചൊല്ലി മലപ്പുറത്ത് കോണ്‍ഗ്രസ് - ലീഗ് പോര് മുറുകി. ജില്ലയിലെ ഏഴ് നഗരസഭകളിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്. കൗണ്‍സില്‍ യോഗത്തില്‍ നിസ്സഹകരണവും കൈയാങ്കളിയും നിത്യസംഭവമായി. ജില്ലാ നേതൃത്വത്തിന്റെ പിടിയില്‍ ഒതുങ്ങാത്തതിനാല്‍ പ്രശ്നപരിഹാരത്തിന് സംസ്ഥാന നേതൃത്വം ഇടപെടുന്നത് കാത്തിരിക്കയാണ്. മറ്റ് നഗരസഭകളിലെ ലീഗിന്റെ ഏകാധിപത്യത്തിന് കോണ്‍ഗ്രസ് മറുപടി നല്‍കുന്നത് നിലമ്പൂര്‍ നഗരസഭയിലാണ്. ഇവിടെ ഇരുപാര്‍ടികളും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞദിവസം കൈയാങ്കളിയിലാണ് അവസാനിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ റിബലായി മത്സരിച്ച് ജയിച്ചയാളെ ആദ്യം ലീഗ് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. എന്നാല്‍ , ഇയാളെ യുഡിഎഫിന്റെ ഭാഗമായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. യുഡിഎഫ് ഉന്നതാധികാര സമിതിക്ക് പരാതി നല്‍കിയിട്ടും പ്രശ്്നം പരിഹരിക്കപ്പെട്ടിട്ടില്ല. മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഏകാധിപത്യ നടപടി ലീഗ് അംഗീകരിക്കുന്നില്ല.

മഞ്ചേരി നഗരസഭയില്‍ ലീഗിന്റെ താന്‍പ്രമാണിത്തത്തിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. പയ്യനാട്ടെ കമ്യുണിറ്റി ഹാളിന്റെ നടത്തിപ്പ് തുടരാന്‍ ലീഗ് നേതാവിന്റെ ഇഷ്ടക്കാരന് അനുമതി നല്‍കിയ വിഷയത്തിലാണ് ഇത് പ്രകടമായി പുറത്തുവന്നത്. ലീഗിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം രംഗത്തെത്തി. ചെയര്‍മാന്‍ എം പി ഇസ്ഹാഖ് കുരിക്കള്‍ക്കെതിരെ ലീഗിലെ ഒരു വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ മുന്‍നിര്‍ത്തി മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇരുപാര്‍ടികളിലെ വഴക്കും ഗ്രൂപ്പിസവും നഗരസഭാ ഭരണം പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

കോട്ടക്കലില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു പാര്‍ടികള്‍ക്കുമിടയിലുണ്ടായ ഭിന്നത മാറാവ്യാധിയായി നിലനില്‍ക്കുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റു പോലും ജയിക്കാനായിരുന്നില്ല. കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിപ്പിക്കുകയായിരുന്നു ലീഗ്. നഗരസഭാ ഭരണത്തില്‍ ബിജെപിയുമായി കൂട്ടുകൂടിയെന്ന ആരോപണമാണ് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനെതിരെ ഉന്നയിച്ചത്. ഇരു പാര്‍ടികളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായി തുടരുകയാണ്.

തിരൂര്‍ നഗരസഭയിലും ലീഗ് മേല്‍ക്കോയ്മക്കെതിരെ കോണ്‍ഗ്രസില്‍ കടുത്ത വികാരമാണ് നിലനില്‍ക്കുന്നത്. ചെയര്‍പേഴ്സണെ റബര്‍സ്റ്റാമ്പാക്കി ലീഗ് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായാണ് കോണ്‍ഗ്രസിന്റെ പരാതി. നയപരമായ കാര്യങ്ങളില്‍പ്പോലും കോണ്‍ഗ്രസുമായി കൂടിയാലോചിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. നഗരസഭയിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ എന്തും കാട്ടിക്കൂട്ടാമെന്ന നിലപാട് വച്ചുപൊറുപ്പിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിലെ പൊതു വികാരം.

മലപ്പുറം നഗരസഭയിലും കോണ്‍ഗ്രസ്-ലീഗ് പോര് നഗരസഭാ കൗണ്‍സിലില്‍ മറനീക്കി പുറത്തുവന്നിരുന്നു. പൊതു ശ്മശാനത്തിലെ ഗ്യാസ് സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിന് വഴിവച്ചത്. കൗണ്‍സില്‍ യോഗത്തില്‍ "പ്രതിപക്ഷ"മാവാനാണ് കോണ്‍ഗ്രസ് തീരുമാനം.

പൊന്നാനി നഗരസഭയില്‍ ലീഗ് - കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ തമ്മില്‍ത്തല്ല് നിത്യസംഭവമാണ്. ചെമ്മങ്കടവില്‍ ഹൈമാസ്റ്റ് ലൈറ്റ് മാറ്റിസ്ഥാപിച്ച വിഷയത്തിലാണ് അടുത്തിടെ ഇരു കൗണ്‍സിലര്‍മാരും ഏറ്റുമുട്ടിയത്. കൗണ്‍സിലില്‍ ആലോചിക്കാതെ ചെയര്‍പേഴ്സണ്‍ തന്നിഷ്ടപ്രകാരം പ്രവൃത്തി നടത്തിയതിനാല്‍ തുക പാസാക്കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ കഴിഞ്ഞദിവസം നടന്ന വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍നിന്ന് ലീഗ് കൗണ്‍സിലര്‍ വിട്ടുനിന്നതും വിവാദമായിട്ടുണ്ട്.

നിട്ടൂരില്‍ ലീഗ് കേന്ദ്രത്തില്‍നിന്ന് ആയുധ ശേഖരം കണ്ടെത്തി

കുറ്റ്യാടി: മുസ്ലിം ലീഗ് കേന്ദ്രമായ നിട്ടൂര്‍ വട്ടക്കണ്ടിപ്പാറയില്‍ വാളുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം പിടികൂടി. തൊടുവളപ്പില്‍ പള്ളിക്കു സമീപത്തെ കനാല്‍ പാലത്തിനരികില്‍ ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍ . ആറ് വാളുകള്‍ , എട്ട് ഇരുമ്പുദണ്ഡുകള്‍ , ആയുധം മൂര്‍ച്ചകൂട്ടാന്‍ ഉപയോഗിക്കുന്ന അരം, ഒരു ലാത്തി എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ തൊഴിലുറപ്പു പദ്ധതിയില്‍ കാട് വെട്ടിത്തെളിക്കുമ്പോഴാണ് ആയുധങ്ങള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുറ്റ്യാടി എസ്ഐ അബ്ദുള്‍സലാമും സംഘവും ആയുധം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വട്ടക്കണ്ടിപ്പാറയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് സിപിഐ എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗം ഏരത്ത് ബാലന്‍ , മനോജന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. രണ്ടു വര്‍ഷം മുമ്പ് ബോംബ് നിര്‍മാണത്തിനിടയില്‍ ഇവിടെ സ്ഫോടനമുണ്ടായി ലീഗുകാരന്റെ കൈപ്പത്തി തകര്‍ന്നിരുന്നു. ഇതിനടുത്ത പ്രദേശമായ മെട്ടത്തറ കുഴിച്ചാലില്‍ കരിങ്കല്‍ ക്വാറിയില്‍ നിന്ന് വ്യാഴാഴ്ച 35 കിലോഗ്രാം അമോണിയം നൈട്രേറ്റ് നാദാപുരം പൊലീസ് പിടിച്ചെടുത്തിരുന്നു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന നിട്ടൂരിലും പരിസര പ്രദേശങ്ങളിലും വര്‍ഗീയ ധ്രുവീകരണം നടത്തി സംഘര്‍ഷമുണ്ടാക്കാനുള്ള ലീഗിന്റെയും തീവ്രവാദ സംഘടനകളുടെയും നീക്കത്തില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് സിപിഐ എം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

വിധി നടപ്പാക്കുന്നില്ല; ലീഗ് പഞ്ചായത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു

തൃക്കരിപ്പൂര്‍ : ഓംബുഡ്സ്മാന്‍ വിധി കാറ്റില്‍പറത്തി തൃക്കരിപ്പൂര്‍ പഞ്ചായത്ത്. ആറുമാസത്തിനിടെ ഓംബുഡ്സ്മാന്‍ പുറപ്പെടുവിച്ച മൂന്ന് വിധികളാണ് ലീഗ് നേതൃത്വം നല്‍കുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭരണസമിതി പൂഴ്ത്തിവച്ചത്. മാര്‍ക്കറ്റിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുക, അനധികൃതമായി ഗുണഭോക്താവിന് നല്‍കിയ തുക തിരിച്ചുപിടിക്കുക, ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ പദ്ധതികള്‍ക്കായി കണ്‍വീനര്‍മാര്‍ക്ക് നല്‍കിയ തുക റവന്യൂ റിക്കവറി മുഖേന ഈടാക്കുക തുടങ്ങിയ ഉത്തരവുകളാണ് പൂഴ്ത്തിവച്ചത്. മാര്‍ക്കറ്റ് പരിസരത്ത് സ്ഥാപിച്ച മാലിന്യ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചിരുന്നു.

ടൗണിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ പത്തു ലക്ഷം രൂപ ചെലവിലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. മാര്‍ക്കറ്റിലേക്കുള്ള പ്രധാന വഴി തടസ്സപ്പെടുത്തി സ്വകാര്യകമ്പനിയെ സഹായിക്കാന്‍ പഞ്ചായത്ത് പദ്ധതി ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു. കേരള ശുചിത്വമിഷന്‍ ഡയറക്ടറുടെ പരിശോധന റിപ്പോര്‍ട്ടിന്മേല്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടിരുന്നു. പ്രവര്‍ത്തനച്ചെലവിന്റെ അമ്പതുശതമാനം ശുചിത്വ മിഷന്‍ വഹിക്കാമെന്ന് ശുചിത്വമിഷന്‍ ഡയറക്ടര്‍ ഓംബുഡ്സ്മാന് ഉറപ്പുനല്‍കി. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനിയര്‍ , ശുചിത്വ മിഷന്‍ എന്നിവ ചേര്‍ന്ന് പ്രൊജക്ട് തയ്യാറാക്കി ഭരണ സമിതി അംഗീകാരത്തോടെ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. വിധി കൈപ്പറ്റി ആറുമാസം കഴിഞ്ഞിട്ടും അനന്തര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സന്നദ്ധമായിട്ടില്ല.

ഗ്രാമസഭ നിര്‍ദേശിക്കാത്ത വ്യക്തിക്ക് വീട് അറ്റകുറ്റ പ്രവൃത്തിക്ക് നല്‍കിയ 12,500 രൂപ ഗുണഭോക്താവില്‍നിന്ന് തിരിച്ചു പിടിക്കണമെന്നായിരുന്നു 869/09 നമ്പര്‍ ഉത്തരവ്. മിനുട്സ് തിരുത്തിയാണ് തുക അനുവദിച്ചത്. രേഖ തിരുത്തി തുക കൈമാറിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു. ഗുണഭോക്താവ് തുക തിരിച്ചടച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് തുക ഈടാക്കണമെന്നുംആവശ്യപ്പെട്ടിരുന്നു. രണ്ടു മാസത്തിനുള്ളില്‍ വിധി നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എം എല്‍ കൃഷ്ണന്‍ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. മൊബലൈസേഷന്‍ ഫണ്ട് വാങ്ങി പ്രവൃത്തി ആരംഭിക്കാതെ വര്‍ഷങ്ങളായി തുക കൈവശം വയ്ക്കുന്ന കണ്‍വീനര്‍മാരില്‍നിന്ന് റവന്യൂ| റിക്കവറിയിലൂടെ ഈടാക്കാന്‍ 208/11 ലെ ഉത്തരവില്‍ നിര്‍ദേശം നല്‍കി. വിധി പ്രഖ്യാപിച്ച് 15 ദിവസത്തിനകം തുക ഈടാക്കണമെന്നായിരുന്നു ഉത്തരവ്. ഇവ നടപ്പിലാക്കാതെ സര്‍ക്കാറിനെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.

ലീഗ് ഓഫീസിന് ലീഗുകാര്‍ തീയിട്ടു

കമ്പില്‍ : കമ്പില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ മുസ്ലിംലീഗ് ഓഫീസിന് ലീഗുകാര്‍ തീയിട്ടു. ഓഫീസിനകത്തെ കാരംസ് ബോര്‍ഡിന് മുകളില്‍ കടലാസ് കൂട്ടിയിട്ടാണ് തീയിട്ടത്. ഓഫീസിനകത്തുണ്ടായിരുന്ന ടിവി നിലത്തിട്ട് പൊട്ടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ലീഗ് അക്രമത്തെ തുടര്‍ന്ന് കമ്പില്‍ ക്യാമ്പ് ചെയ്യുന്ന പൊലീസ് എത്തിയപ്പോള്‍ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. ടിവി മയ്യില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തീയിട്ടത് സിപിഐ എം പ്രവര്‍ത്തകരാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ലീഗ് ശ്രമം. കഴിഞ്ഞ ദിവസം നാലാംപീടികയിലെ ലീഗ് ഓഫീസ് ലീഗുകാര്‍തന്നെ തകര്‍ത്തിരുന്നു.

കണ്ണൂര്‍ -മയ്യില്‍ റൂട്ടില്‍ ഇന്ന് ബസ്സോടില്ല: കമ്പില്‍ ലീഗുകാര്‍ 5 ബസ് തകര്‍ത്തു

കമ്പില്‍ : കമ്പില്‍ മുസ്ലിംലീഗ് അക്രമം; അഞ്ച് ബസ്സുകള്‍ തകര്‍ത്തു. ഒരാള്‍ക്ക് പരിക്ക്. അക്രമത്തില്‍ പ്രതിഷേധിച്ച് മയ്യില്‍ -കണ്ണൂര്‍ റൂട്ടില്‍ ശനിയാഴ്ച ബസ് ഓട്ടം നിര്‍ത്തും. നാലാംപീടിക, പന്ന്യങ്കണ്ടി സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് ബസ്സുകള്‍ ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ -മയ്യില്‍ റൂട്ടിലോടുന്ന ഗോപിക, തിരുവോണം, ലാല, സഫാരി, പ്രിന്‍സ് ബസ്സുകളാണ് ആക്രമിച്ചത്. ചില്ലുകള്‍ തകര്‍ത്തു. വെള്ളിയാഴ്ച വൈകിട്ട് കമ്പില്‍ നടന്ന സിപിഐ എം പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങിയ മാണിയൂര്‍ ചെമ്മാടത്തെ രാജനാണ് പരിക്കേറ്റത്. ബസ് തടഞ്ഞ് ചില്ല് അടിച്ചും എറിഞ്ഞും തകര്‍ക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയും ഇവിടെ ബസ് ആക്രമിച്ചിരുന്നു. അക്രമത്തില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രതിഷേധിച്ചു. ബസ് തകര്‍ക്കുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

deshabhimani 030312

No comments:

Post a Comment