Tuesday, March 13, 2012

കന്ദഹാര്‍ കൂട്ടക്കൊലയ്ക്കുപിന്നില്‍ ഒന്നിലേറെ സൈനികരെന്ന് സംശയം

അഫ്ഗാനിസ്ഥാനില്‍ 16 ഗ്രാമീണരെ കൂട്ടക്കൊലചെയ്ത സംഭവത്തിനു പിന്നില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കന്ദഹാറിലെ സേനാതാവളത്തില്‍നിന്ന് തോക്കുമായി പുറത്തുകടന്ന സൈനികന്റെ വെടിയേറ്റാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത് എന്നാണ് അമേരിക്കന്‍ സൈന്യം വിശദീകരിച്ചത്. എന്നാല്‍ , താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വീടുകളിലേക്ക് പുലര്‍ച്ചെ കടന്നുകയറി ഇത്രയുംപേരെ വധിക്കാന്‍ ഒറ്റയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍ . പലദിക്കുകളിലുംനിന്ന് തുരുതുരാ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായി ഗ്രാമവാസികള്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തുകയുംചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരാളുടെമേല്‍ കെട്ടിവച്ച് തടിയൂരാനാണ് അമേരിക്കയുടെ നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കന്ദഹാറിനു പുറത്ത് പഞ്ച്വായ് ജില്ലയിലെ ഗ്രാമങ്ങളായ ബലാന്‍ഡി, അല്‍കോസായ് ഗ്രാമങ്ങളില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമുതലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരില്‍ ഒമ്പത് കുട്ടികളും മൂന്ന് സ്ത്രീകളുമുണ്ട്. കൂട്ടക്കൊലയെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ വിരുദ്ധവികാരം വീണ്ടും ആളിക്കത്തുകയാണ്. നാറ്റോ സേനാതാവളത്തില്‍ ഖുര്‍ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം കന്ദഹാര്‍ കൂട്ടക്കൊലയോടെ കൂടുതല്‍ ശക്തമായി. ഖുര്‍ആന്‍ കത്തിക്കല്‍ സംഭവത്തില്‍ അഫ്ഗാന്‍ ജനതയോട് മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് പുതിയ സംഭവം വലിയ പ്രതിസന്ധിയായി.

തന്ത്രപരമായ പങ്കാളിത്തത്തിനുള്ള പ്രധാന കരാറില്‍ അമേരിക്കയും അഫ്ഗാന്‍ സര്‍ക്കാരും ധാരണയിലെത്തി ദിവസങ്ങള്‍ക്കുള്ളിലാണ് കന്ദഹാറിലെ വെടിവയ്പ്. സേനാപിന്മാറ്റത്തിന് നിശ്ചയിക്കപ്പെട്ട 2014നു ശേഷവും ഉപദേശകരായും പ്രത്യേക സേനയായും സ്വന്തം സൈനികരെ അഫ്ഗാനില്‍ നിലനിര്‍ത്താനായിരുന്നു കരാര്‍ . എന്നാല്‍ , അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതആവര്‍ത്തിച്ചത് അഫ്ഗാനില്‍ ദീര്‍ഘകാലത്തേക്ക് സൈനിക സാന്നിധ്യം നിലനിര്‍ത്താനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടിയായി. 2014ന് മുമ്പുതന്നെ അമേരിക്കന്‍ സൈന്യം രാജ്യംവിട്ടുപോകണമെന്ന വികാരമാണ് അഫ്ഗാനില്‍ അലയടിക്കുന്നത്. ഖുര്‍ ആന്‍ കത്തിക്കലിനു പിന്നാലെ കന്ദഹാറിലെ വെടിവയ്പുമുണ്ടായത് പുതിയ കരാര്‍ ഒപ്പിടുന്നതിന് തടസ്സമാകുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്ന അഫ്ഗാനിലെ അധിനിവേശയുദ്ധത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് അമേരിക്ക നേരിടുന്നത്. അരലക്ഷം കോടി ഡോളറാണ് അഫ്ഗാന്‍ അധിനിവേശത്തിനായി അമേരിക്ക ചെലവിട്ടത്. 1900 അമേരിക്കന്‍ സൈനികരടക്കം മൂവായിരത്തിലേറെ നാറ്റോസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. രാജ്യത്താകെ അലയടിക്കുന്ന വികാരം കണ്ടില്ലെന്ന് നടിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനുമാകില്ല. കന്ദഹാര്‍ കൂട്ടക്കൊലയെ അഫ്ഗാന്‍ പാര്‍ലമെന്റ് അപലപിച്ചു. വിദേശസൈനികരുടെ പ്രവൃത്തികൊണ്ട് അഫ്ഗാന്‍ ജനതയ്ക്ക് സഹികെട്ടുവെന്ന് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്കും രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും പൊതുവികാരത്തിനൊപ്പം നില്‍ക്കേണ്ടിവരും.

2014ല്‍ സേനാപിന്മാറ്റത്തിനുശേഷം അഫ്ഗാനില്‍ അമേരിക്കയുടെ പങ്ക് നിര്‍ണയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി നടക്കുകയാണ്. കരാര്‍ ഒപ്പുവയ്ക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് വീണ്ടും തിരിച്ചടിയായത്. അതേസമയം, അമേരിക്കന്‍ സൈന്യം ക്രൂരത തുടരുന്നത് താലിബാന്‍ തീവ്രവാദികള്‍ വീണ്ടും സജീവമാകാന്‍ വഴിയൊരുക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള കൂട്ടക്കൊലകള്‍ താലിബാന്‍കാര്‍ക്ക് സ്വാതന്ത്ര്യപ്പോരാളികളുടെ പരിവേഷം നല്‍കുമെന്ന് അഫ്ഗാന്‍ അനലിസ്റ്റ് നെറ്റ്വര്‍ക്കിലെ വഹീദ മുജ്ദ പറഞ്ഞു. പ്രത്യാക്രമണം ഭയന്ന് സ്വന്തം പൗരന്മാര്‍ക്ക് അമേരിക്കന്‍ എംബസി ജാഗ്രതാനിര്‍ദേശം നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കര്‍സായിയെ ഫോണില്‍വിളിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ ഉടന്‍ ശിക്ഷിക്കുമെന്നും ഒബാമ അറിയിച്ചു. അതിനിടെ, ജര്‍മന്‍ ചാന്‍സലര്‍ ആമഗല മെര്‍ക്കല്‍ അഫ്ഗാനില്‍ സന്ദര്‍ശനത്തിനെത്തി. മുന്‍കൂട്ടി അറിയിക്കാതെയാണ് സന്ദര്‍ശനം.

deshabhimani 130312

1 comment:

  1. അഫ്ഗാനിസ്ഥാനില്‍ 16 ഗ്രാമീണരെ കൂട്ടക്കൊലചെയ്ത സംഭവത്തിനു പിന്നില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കന്ദഹാറിലെ സേനാതാവളത്തില്‍നിന്ന് തോക്കുമായി പുറത്തുകടന്ന സൈനികന്റെ വെടിയേറ്റാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത് എന്നാണ് അമേരിക്കന്‍ സൈന്യം വിശദീകരിച്ചത്. എന്നാല്‍ , താവളത്തിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെ വീടുകളിലേക്ക് പുലര്‍ച്ചെ കടന്നുകയറി ഇത്രയുംപേരെ വധിക്കാന്‍ ഒറ്റയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തല്‍ . പലദിക്കുകളിലുംനിന്ന് തുരുതുരാ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായി ഗ്രാമവാസികള്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തുകയുംചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരാളുടെമേല്‍ കെട്ടിവച്ച് തടിയൂരാനാണ് അമേരിക്കയുടെ നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

    ReplyDelete