Tuesday, March 13, 2012

പിറവത്ത് യുഡിഎഫിനെതിരെ ധാര്‍മിക രോഷം

പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ അനിവാര്യമായ രാഷ്ട്രീയ ധര്‍മമായി മാറുകയാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനാധിപത്യ സംവിധാനത്തിലെ ശക്തിസ്രോതസ്സുകളായ ജനങ്ങളെ വിശ്വാസത്തിലെടുത്താണ്. എന്നാല്‍ യുഡിഎഫാകട്ടെ പണാധിപത്യത്തിന്റെയും ഭരണത്തിന്റെയും ദുര്‍വിനിയോഗത്തിന്റെ അകമ്പടിയോടെ രാഷ്ട്രീയ സദാചാരമോ ധാര്‍മികതയോ ഒന്നുമില്ലാതെയും. ഇതിനെതിരായ ധാര്‍മികരോഷം തിളച്ചുയരുകയാണ് പിറവത്ത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധവും ദ്രോഹകരവുമായ നടപടികൊണ്ട് ജനങ്ങള്‍ കണ്ണീര്‍ കുടിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭദ്രത സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇവര്‍ ഒന്നും ചെയ്യുന്നില്ല. മുമ്പു നല്‍കിയ ഉറപ്പുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാറ്റില്‍പ്പറത്തുന്നു. പിറവത്തെ കര്‍ഷകര്‍ , പ്രത്യേകിച്ചും റബര്‍ കര്‍ഷകര്‍ കേന്ദ്രനയത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇവര്‍ അട്ടിമറിക്കുകയാണ്. സാര്‍വത്രികമായ അഴിമതി ഭരണത്തെയാകെ ഗ്രസിച്ചു. പിറവം തെരഞ്ഞെടുപ്പു കഴിയുന്നതോടെ കേരളം ഇരുട്ടിലാവും. എല്ലാ രംഗത്തും അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.
ഇപ്പോഴിതാ കേരള രാഷ്ട്രീയത്തിന് അപമാനം സൃഷ്ടിച്ച് എംഎല്‍എയെ വിലയ്ക്കു വാങ്ങി. പിറവം തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും പ്രസക്തിയും അതുകൊണ്ടുതന്നെ വര്‍ധിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെയും യുഡിഎഫ് സര്‍ക്കാരിനെയും വിലയിരുത്താന്‍ പിറവത്തെ ജനങ്ങള്‍ക്ക് പ്രയാസമില്ല. ജീവിതാനുഭവങ്ങള്‍ അവര്‍ക്ക് നിത്യസത്യമായി ഒന്നിച്ചുണ്ട്. അതുകൊണ്ട് ജനങ്ങളോട് എല്‍ഡിഎഫ് ഭരണകാല നേട്ടങ്ങള്‍ വിവരിക്കേണ്ട കാര്യവുമില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊപ്പം നടന്നുനീങ്ങുന്ന നായകനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ്. സാമുദായിക സാഹോദര്യത്തിനും മതസൗഹാര്‍ദത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള ജീവിതമാണ് എം ജെ ജേക്കബിന്റേത്. സൗമനസ്യത്തിന്റെയും സ്നേഹത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായി ജനമനസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എം ജെ ജേക്കബിന്റെ സുഗന്ധമാണ് പിറവം മണ്ഡലത്തിലാകെ. ലാളിത്യവും വിനയാന്വിതവുമായ പെരുമാറ്റവും മതേതരത്വത്തിന്റെ സൂര്യതേജസ്സുമാണ് എം ജെ.

എം ജെയുടെ വ്യക്തിത്വവും തുണയാകും

പിറവം ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകുമെന്ന് പറഞ്ഞുനടന്ന യുഡിഎഫ് ഇപ്പോള്‍ മാറ്റിപ്പറയുകയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്. പിറവം സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിറവം ഫലം എന്തായാലും സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് ഏറ്റവുമൊടുവില്‍ വയലാര്‍ രവി വിശദീകരിച്ചത്. യുഡിഎഫ് വളരെ പരുങ്ങലിലാണെന്നു ചുരുക്കം. ഈ സാഹചര്യത്തിലാണ് മറ്റു ചില സംസ്ഥാനങ്ങളില്‍ മാത്രം കേട്ടുകേള്‍വിയുള്ള രീതിയില്‍ പ്രതിപക്ഷ എംഎല്‍എയെ രാജിവയ്പിച്ചതെന്ന് പി സി തോമസ് ദേശാഭിമാനിയോടു പറഞ്ഞു.

വലിയ ജനകീയ ചര്‍ച്ചയ്ക്കു കാരണമായ ഈ വിഷയംകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാര്‍ഥി കുറേയധികം പിന്നില്‍പ്പോയി. വന്‍ ഭൂരിപക്ഷത്തോടെ എം ജെ ജേക്കബ് വിജയക്കുമെന്നതിന് രണ്ടു പ്രധാന സാഹചര്യങ്ങളുണ്ട്- ഒന്ന്: അദ്ദേഹം അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നപ്പോള്‍ മണ്ഡലത്തില്‍ നടത്തിയ വികസന മുന്നേറ്റം. രണ്ട്: എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം. പിറവത്തു നടത്തിയ വികസനപ്രവര്‍ത്തനം അദ്ദേഹത്തിന്റെ വിജയസാധ്യതയുടെ രാഷ്ട്രീയത്തിനതീതമായ കാരണമാണ്്. എത്ര വിനയാന്വിതനാണ് എം ജെ ജേക്കബ്. അദ്ദേഹത്തിന്റെ പെരുമാറ്റവും തൊട്ടറിയാവുന്ന സത്യസന്ധതയും കഠിനാധ്വാന പ്രകൃതവും ആരെയും ആകര്‍ഷിക്കും. ഈ സ്വഭാവഗുണങ്ങള്‍ ജനങ്ങളില്‍ ഉളവാക്കിയ അനുഭാവം അതിശക്തമാണ്. അതിനെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല- അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിനോടുള്ള ജനരോഷം വളരെ ശക്തമാണ്. അതുതന്നെയാണ് എല്‍ഡിഎഫിന് അനുകൂലമായ ഏറ്റവും വലിയ രാഷ്ട്രീയ സാഹചര്യവും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചാവിഷയമാണ്. പിറവം മണ്ഡലത്തില്‍ ഇഞ്ചി, മഞ്ഞള്‍ , കൈതച്ചക്ക എന്നിവ സാധാരണക്കാരുടെ കൃഷിയാണ്. വലിയ വിലയിടിവാണ് ഈ വക ഉല്‍പ്പന്നങ്ങള്‍ക്ക്. സര്‍ക്കാര്‍ ഇടപെടുന്നേയില്ല. റബര്‍ ഇറക്കുമതിച്ചുങ്കം കേന്ദ്രം കുറച്ചു. വ്യവസായികളെ സഹായിക്കുന്ന ഈ നടപടി കര്‍ഷകര്‍ക്ക് വലിയ ദ്രോഹമാണ്. സ്വാഭാവികമായും കര്‍ഷകര്‍ രോഷത്തിലാണ്.
പിറവം മണ്ഡലത്തിലേതുള്‍പ്പെടെ 40 ലക്ഷം ജനങ്ങളുടെ ജീവനു ഭീഷണിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് കേരളവിരുദ്ധമാണ്. തമിഴ്നാടിനെ സഹായിക്കാനുള്ള എന്തോ പ്രേരണയിലോ ഭീഷണിയിലോ സര്‍ക്കാര്‍ പെട്ടുപോയെന്നു വ്യക്തം. തമിഴ്നാട് ഉന്നയിച്ച വാദമുഖങ്ങള്‍ കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍ എഴുതിക്കൊടുത്തതും ആ സത്യവാങ്മൂലം പിന്‍വലിക്കുമെന്ന് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പാലിക്കാതിരുന്നതും ഈ സമീപനത്തിന്റെ തെളിവാണ്. കേരളത്തെ വില്‍ക്കുന്ന നിലപാടാണിത്. അതിന് പിറവത്ത് ശക്തമായ തിരിച്ചടിയുണ്ടാകും- പി സി തുടര്‍ന്നു. അഴിമതിയിലും അതിലും മോശമായ കേസുകളിലും പ്രതികളാണ് മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും. അവര്‍ക്ക് ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ നേരമില്ല. പിറവത്തെ വലിയൊരു വിഭാഗമാണ് നേഴ്സുമാരും നേഴ്സിങ് വിദ്യാര്‍ഥികളും. വലിയ പ്രശ്നത്തിലാണ് അവര്‍ . സര്‍ക്കാര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഗവണ്‍മെന്റിന്റെ ഈ സമീപനത്തില്‍ അവരും രോഷാകുലരാണ്- പി സി തോമസ് ചൂണ്ടിക്കാട്ടി.

ഒരുമനസ്സായി എം ജെയ്ക്കൊപ്പം

പിറവം: "ഇത്തവണ എന്തായാലും അങ്ങേര്‍ക്ക് വോട്ട്ചെയ്യും. വേറൊന്നുംകൊണ്ടല്ല; ഇത്തവണയെങ്കിലും ഞങ്ങള്‍ക്ക് വെള്ളം വേണം. അതിന് അങ്ങേര്‍ ജയിക്കണമെന്ന് ഞങ്ങള്‍ക്കറിയാം." മുത്തോലപുരം ഉരുളിച്ചാലില്‍ കോളനിയിലെ ശാന്തയ്ക്കും മോളിക്കും തങ്കമ്മയ്ക്കുമൊക്കെ അങ്ങേര്‍ എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബാണ്. കാരണം മറ്റൊന്നുമല്ല; 28 വീടുള്ള കോളനിയിലേക്ക് ആകെയുള്ളത് ഒരു കുടിവെള്ള പൈപ്പ്, അതും കാറ്റുമാത്രം വരുന്നത്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ടാങ്കറില്‍ വെള്ളമെത്തിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ടാങ്കര്‍ ഈ വഴി വരില്ലെന്നും വെള്ളം കിട്ടണമെങ്കില്‍ എം ജെ എംഎല്‍എ ആകണമെന്നും ഇവര്‍ക്കറിയാം.

പഞ്ചായത്തില്‍ പര്യടനം നടത്തുകയായിരുന്ന എം ജെ പള്ളിത്താഴത്തെ സ്വീകരണം കഴിഞ്ഞ് തൊട്ടടുത്ത കേന്ദ്രത്തിലേക്ക് പോകവേയാണ് റോഡരികില്‍ ടാങ്കറില്‍നിന്ന് ശേഖരിച്ച വെള്ളം വീടുകളിലേക്ക് കൊണ്ടുപോകാന്‍ നില്‍ക്കുന്ന കോളനിവാസികളെ കണ്ടത്. ഉടന്‍ അവിടെയിറങ്ങി. മുന്‍നിശ്ചയിച്ച സ്വീകരണ കേന്ദ്രങ്ങളില്‍ ഇടംപിടിക്കാതിരുന്നിട്ടും കോളനിക്കാര്‍ എം ജെയെ വരവേറ്റു. കോളനിയുടെ ഏറ്റവും താഴ്ഭാഗത്ത് താമസിക്കുന്ന തങ്കമ്മ എം ജെയോട് പരാതി പറഞ്ഞു. "72 പടി കേറണം റോഡിലെത്താന്‍ . വന്നുനോക്കിയാല്‍ പൈപ്പില്‍ വെള്ളമില്ല; തെരഞ്ഞെടുപ്പായതിനാല്‍ ഇന്നലേം ഇന്നും അവര് വണ്ടീല്‍ വെള്ളംതന്നു. നാളത്തെകാര്യം ഉറപ്പില്ല." ഇലഞ്ഞി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് എം ജെ മറുപടി നല്‍കി. വെള്ളമെടുക്കാന്‍ വന്ന ശാന്ത പറഞ്ഞു- "ഇക്കുറി വോട്ട് എം ജെയ്ക്ക്. പിറവത്ത് ചെയ്ത കാര്യങ്ങളൊക്കെ ഞങ്ങള്‍ക്ക് നേരിട്ടറിയാം. ഇവിടെയും അതുപോലൊരു എംഎല്‍എയെയാണാവശ്യം."

പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളം സംബന്ധിച്ച പരാതികളാണ് പര്യടനത്തിനെത്തിയ എം ജെയ്ക്ക് കേള്‍ക്കേണ്ടിവന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആറേകാല്‍കോടി രൂപ ചെലവില്‍ ആരംഭിച്ച ഇലഞ്ഞി സമ്പൂര്‍ണ കുടിവെള്ളപദ്ധതി പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. പൈപ്പുകള്‍ മാറാതെ നൂറുദിന കര്‍മപരിപാടിയില്‍ പദ്ധതി കമീഷന്‍ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ പക്ഷേ വെള്ളം കിട്ടുന്നുണ്ടോയെന്ന് നോക്കിയില്ല. പുത്തന്‍കോളനിയും ചക്കാലപ്പാറയും ചേറ്റാനിയും പിന്നിട്ട് നെല്ലിക്കാനത്തെത്തുമ്പോഴും പരാതി കുടിവെള്ളംതന്നെ. നെല്ലിക്കാനം കോളനിയില്‍ ആകെയുള്ള പഞ്ചായത്തുകിണറിന്റെ അടിയില്‍ പാറ തെളിഞ്ഞുനില്‍ക്കുന്നു. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി എം ജെയെ പൊതിഞ്ഞു. പാറപൊട്ടിച്ചാല്‍ വെള്ളംകിട്ടും, പഞ്ചായത്തില്‍ പറഞ്ഞിട്ടു പക്ഷേ തിരിഞ്ഞുനോക്കിയില്ലെന്ന് എല്ലാവര്‍ക്കും പരാതി. പല രാഷ്ട്രീയപാര്‍ടികളിലുള്ളവര്‍ കോളനിയിലുണ്ട്, പക്ഷേ ഇക്കുറി വോട്ട് എം ജെയ്ക്കെന്ന് കോളനിക്കാര്‍ പറയുന്നു.
പരാതിപ്രവാഹത്തിനിടയിലും എം ജെയോടുള്ള ജനങ്ങളുടെ സ്നേഹവായ്പ് പര്യടനത്തില്‍ നിറഞ്ഞുനിന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ കണിക്കൊന്നയും കോളാമ്പിയും മുല്ലപ്പൂവുമെല്ലാം വാഴനാരില്‍ കോര്‍ത്തിണക്കിയ മാലയിട്ട് ചെത്തിയും ചെണ്ടുമുല്ലയുമെല്ലാം ബൊക്കെയായി നല്‍കി ഒരുമനസോടെ ജനം എം ജെയെ വരവേറ്റു. ജനങ്ങളുടെ ആവേശത്തിനു മാറ്റുകൂട്ടി വനിതാ ചെണ്ടമേളസംഘവും പര്യടനത്തിന് അകമ്പടിയായി.

ഉദ്യോഗസ്ഥര്‍ നോക്കുകുത്തി; യുഡിഎഫിന്റെ കള്ളവണ്ടിയോട്ടം തുടരുന്നു

പിറവം: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹനപര്യടന സംഘത്തിലെ കള്ളവണ്ടിയോട്ടം തുടരുന്നു. തെരഞ്ഞെടുപ്പു നിരീക്ഷകരായ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കിയാണ് ഈ കള്ളയോട്ടം. വാഹനച്ചെലവിനത്തില്‍ കള്ളക്കണക്കുകാണിച്ച് തെരഞ്ഞെടുപ്പു കമീഷനെ കബളിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. "ദേശാഭിമാനി" ഇക്കാര്യം റിപ്പോര്‍ട്ട്ചെയ്തിട്ടും തെരഞ്ഞെടുപ്പു നിരീക്ഷകര്‍ നടപടിയെടുക്കുന്നില്ല.
 ടാക്സികളുടെ നമ്പര്‍പ്ലേറ്റിന്റെ നിറം മാറ്റി സ്വകാര്യ വാഹനമാക്കി മാറ്റിയാണ് തട്ടിപ്പ്. മഞ്ഞ നിറത്തിലുള്ള പ്ലേറ്റ് മാറ്റി വെള്ള പ്ലേറ്റില്‍ കറുത്ത മഷിയില്‍ ടാക്സി നമ്പര്‍തന്നെ എഴുതി സ്വകാര്യ വാഹനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സ്ഥാനാര്‍ഥിയെ അനുഗമിക്കുന്ന വണ്ടികളില്‍ പലതും ഇത്തരത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ്വച്ച് ഓടുന്നവയാണ്. തിങ്കളാഴ്ച മുളന്തുരുത്തി പഞ്ചായത്തില്‍ നടന്ന പര്യടനത്തിന് ഓടിയ കെഎല്‍ 17 എഫ്- 8369 ഇന്‍ഡിക്ക കാറും കെഎല്‍ 01 എസി-4325 ക്വാളിസും ഇത്തരത്തിലുള്ള കള്ളവാഹനങ്ങളാണ്. സജീവ് വി കെ എന്നയാളുടെ പേരിലുള്ളതാണ് ഇന്‍ഡിക്ക വണ്ടി. കെ ടി കുരുവിളയുടെ പേരിലുള്ളതാണ് ക്വാളിസ്. മൂവാറ്റുപുഴ ആര്‍ടിഒ ഓഫീസിലെ രേഖകള്‍ പ്രകാരം രണ്ടിനും ടാക്സി പെര്‍മിറ്റാണ്.
വാഹനങ്ങളുടെ പടതന്നെയുണ്ട് യുഡിഎഫിന്റെ പര്യടനത്തിന്. തിങ്കളാഴ്ച 20ലധികം വാഹനങ്ങള്‍ സ്ഥാനാര്‍ഥിയുടെ തുറന്ന വാഹനത്തിന് അകമ്പടിയായി ഉണ്ടായിരുന്നു. വണ്ടികളില്‍ ആളെ നിറയ്ക്കാന്‍ വണ്ടിക്കുള്ളില്‍തന്നെ മദ്യം വിളമ്പലും നടക്കുന്നുണ്ട്. സ്വീകരണകേന്ദ്രങ്ങളിലെ ആള്‍ക്ഷാമം പരിഹരിക്കാനും ഇവരെത്തന്നെയാണ് ഉപയോഗിക്കുന്നത്. വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലാണ് ഇത്തരം "മദ്യവണ്ടികള്‍" സഞ്ചരിക്കുന്നത്. റോഡിനു നടുക്കാണ് പലപ്പോഴും വണ്ടികള്‍ പാര്‍ക്ക്ചെയ്യുന്നത്. വെട്ടിക്കല്‍ ജങ്ഷനില്‍വച്ച് ഇത് ചോദ്യംചെയ്ത ബസ്യാത്രക്കാരനോട് അസഭ്യംപറഞ്ഞാണ് യുഡിഎഫുകാര്‍ രോഷംതീര്‍ത്തത്.

deshabhimani 130312

2 comments:

  1. പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കേണ്ടത് കേരളത്തിന്റെ അനിവാര്യമായ രാഷ്ട്രീയ ധര്‍മമായി മാറുകയാണെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

    എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനാധിപത്യ സംവിധാനത്തിലെ ശക്തിസ്രോതസ്സുകളായ ജനങ്ങളെ വിശ്വാസത്തിലെടുത്താണ്. എന്നാല്‍ യുഡിഎഫാകട്ടെ പണാധിപത്യത്തിന്റെയും ഭരണത്തിന്റെയും ദുര്‍വിനിയോഗത്തിന്റെ അകമ്പടിയോടെ രാഷ്ട്രീയ സദാചാരമോ ധാര്‍മികതയോ ഒന്നുമില്ലാതെയും. ഇതിനെതിരായ ധാര്‍മികരോഷം തിളച്ചുയരുകയാണ് പിറവത്ത്.

    ReplyDelete
  2. പിറവത്ത് വിജയിക്കേണ്ടത് l.d.f ന്‍റെ മാത്രമല്ല സാധാരണക്കാരുടെ കൂടെയാണ് .പി .സി ജോര്‍ജ്ജും ,കുഞ്ഞാലിക്കുട്ടിയും ഗണേശനും ഒക്കെ ജനങ്ങള്‍ സഹിക്കേണ്ടേ.എല്ലാവിധ ധാര്‍മ്മിക പിന്തുണയും വാഗ്ദാനം ചെയ്യട്ടെ .വിജയാശംസകള്‍ .

    ReplyDelete