Saturday, March 3, 2012
സൈനികരെ രക്ഷിക്കാന്‍ ഇറ്റലി മന്ത്രി കൊല്ലത്ത്
വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സ്വാധീനിച്ച് അറസ്റ്റിലായ ഇറ്റാലിയന്‍ സൈനികരെയും കപ്പലും രക്ഷിച്ചെടുക്കാന്‍ ഇറ്റലി ഉപ വിദേശമന്ത്രി കൊല്ലത്ത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രദേശത്തെ പ്രമുഖരെയും കണ്ട് മന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ സജീവമാക്കി.
ഇന്ത്യന്‍ നിയമങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതാണ് ഇറ്റലിയുടെ നീക്കം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് ഒത്താശ ചെയ്യുന്നു. മിസ്തുരയുടെ നീക്കങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേന്ദ്ര സഹമന്ത്രി കെ വി തോമസ് ശനിയാഴ്ച കൊല്ലത്ത് എത്തിയിരുന്നു. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ ജയിലിലടയ്ക്കുന്നത് ഒഴിവാക്കാന്‍ ഇടപെട്ടൂവെന്ന മിസ്തുരയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംഭവം നടന്ന ശേഷം ഫെബ്രുവരി അവസാനവാരം മിസ്തുര ആദ്യം കേരളത്തില്‍ എത്തി. അന്ന് കേന്ദ്രമന്ത്രിമാര്‍ , മുഖ്യമന്ത്രി, നയതന്ത്രജ്ഞര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ക്കുശേഷം ഇറ്റാലിയന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തടവറ ഒഴിവാക്കിയെന്ന് പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ചത്തെ സന്ദര്‍ശനം.
ഇറ്റാലിയന്‍ നാവികര്‍ക്കായി മന്ത്രി കെ വി തോമസ് അനധികൃത ഇടപെടല്‍ നടത്തിയതിന് നേരത്തെ സൂചനകളുണ്ടായിരുന്നു. ശനിയാഴ്ച കെ വി തോമസ് പ്രദേശത്തെ ചില പ്രമുഖരെ കണ്ട് വിഷയം ചര്‍ച്ചചെയ്തു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് ഇറ്റാലിയന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ , ഇത് അവഗണിച്ച് മിസ്തുര ഞായറാഴ്ച ഈ കുടുംബങ്ങളെ സന്ദര്‍ശിക്കാനാണ് ശ്രമിക്കുന്നത്. ഇറ്റാലിയന്‍ മന്ത്രിയുടെ സന്ദര്‍ശനം അനൗദ്യോഗികമാണെന്ന് പൊലീസ് പറയുന്നു. ഇറ്റലി ഏര്‍പ്പെടുത്തിയ ചില ദൂതന്മാര് കൊല്ലപ്പെട്ട വലന്റൈന്റെ ഭാര്യ ഡോറയെ നേരത്തെ കണ്ടിരുന്നു. ഈ നീക്കം പാളിയ സാഹചര്യത്തിലാണ് മന്ത്രി നേരിട്ടെത്തിയത്. പകല്‍ മൂന്നോടെ മിസ്തുര തങ്കശേരിയില്‍ എത്തി. പൊലീസ് അകമ്പടിയില്ലാതെ രണ്ടു വാഹനത്തിലെത്തിയ അദ്ദേഹത്തിനൊപ്പം രണ്ട് ഇറ്റാലിയന്‍ ഉദ്യോഗസ്ഥരുമുണ്ട്. തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂളിലെ ഹോസ്റ്റല്‍ വാര്ഡന് ഫാ. റെജിസണുമായി മിസ്തുര ഒരുമണിക്കൂറോളം ഹോസ്റ്റല്‍മുറിയില്‍ ചര്‍ച്ച നടത്തി. ഇറ്റാലിയന്‍ ഭാഷയില്‍ വിദഗ്ധനാണ് ഫാ. റെജിസണ്‍ . സംഭാഷണത്തിനിടെ വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ് ആന്റണി ബോട്ടിന്റെ ഉടമ ഫ്രെഡിയോട് ഫാ. റെജിസണ്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു. പ്രതികളായ സൈനികരെ ഇറ്റലിക്കു കൈമാറുന്നതില്‍ ഫ്രെഡിയുടെ അഭിപ്രായം ഫാദര്‍ ആരാഞ്ഞു. സമ്മതിക്കില്ലെന്ന് ഫ്രെഡി മറുപടി പറഞ്ഞു.
ഇറ്റാലിയന്‍ പൊലീസ് നാവികര്‍ക്കെതിരെ 21 വര്‍ഷത്തെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും നാവികരെ വിട്ടുകൊടുക്കണമെന്ന നിലപാടില്‍ അവിടത്തെ സൈന്യം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുകയാണെന്നും ഫ്രെഡിയെ അറിയിച്ചെങ്കിലും ഫ്രെഡി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇക്കാര്യം ഫാദര്‍ മിസ്തുരയെ ധരിപ്പിച്ചു. വെടിവയ്പ്പില്‍ മരിച്ച വാലന്റൈന്റെ കുടുംബത്തെ സഹായിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും മിസ്തുര പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ കൊല്ലം പൊലീസ് ക്ലബ്ബില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലെസ്തോറ മാസി മിലാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെയും മിസ്തുര സന്ദര്‍ശിച്ചു.
ഞായറാഴ്ച വാലന്റൈന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പരിപാടി. ഇതിന് രണ്ട് സാധ്യതകള്‍ പരിഗണിക്കുന്നു. രാവിലെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കാണുക, അതിന് കഴിയുന്നില്ലെങ്കില്‍ വാലന്റൈന്റെ ഇടവക ഉള്‍പ്പെടുന്ന മുദാക്കര സെന്റ് പീറ്റേഴ്സ് പള്ളിയില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കുക. രണ്ടാമത്തേതിനാണ് കൂടുതല്‍ സാധ്യത. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് മിസ്തുര തങ്ങുന്നത്. വെടിയേറ്റുമരിച്ച കൊല്ലം മുദാക്കര സ്ലം കോളനിയില്‍ ഡെറിക് വില്ലയില്‍ വലന്റൈന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെ കെ വി തോമസ് എത്തി. ഭാര്യ ഡോറ, മക്കളായ ഡെറിക്, ജീന്‍ എന്നിവരുമായും തോമസ് സംസാരിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ശേഖരിച്ച ധനസഹായം രണ്ടുലക്ഷം രൂപയുടെ ചെക്ക് തോമസ് കൈമാറി.
എം സുരേന്ദ്രന്
വോയേജ് ഡാറ്റാ റെക്കോര്‍ഡറിലെ വിവരങ്ങള്‍ നശിപ്പിച്ചു
കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്സിയുടെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന വിഡിആറിലെ (വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍) സുപ്രധാന രേഖകള്‍ നശിപ്പിച്ച നിലയില്‍ . മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റ്(എംഎംഡി) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായി കപ്പലിന്റെ യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തുന്ന സംവിധാനമാണ് വിഡിആര്‍ . ഡിജിറ്റല്‍ രൂപത്തിലാണ് വിഡിആറില്‍ രേഖകള്‍ സൂക്ഷിക്കുക. ഓരോ 12 മണിക്കൂറിലും കപ്പലില്‍ നടക്കുന്ന സംഭവങ്ങള്‍ , ക്യാപ്റ്റന്റെ ക്യാബിനില്‍ നിന്നുള്ള ആശയവിനിമയം, കപ്പലിന്റെ സ്ഥാനം തുടങ്ങിയ വിവരങ്ങള്‍ വിഡിആറില്‍ രേഖപ്പെടുത്തും. കപ്പലിന്റെ യാത്ര സംബന്ധിച്ച എല്ലാ വിവരവും വിഡിആറില്‍ സൂക്ഷിക്കണമെന്നാണ് അന്താരാഷ്ട്ര നിയമം. തീപിടിത്തം, കൂട്ടിയിടി, പെട്ടിത്തെറി തുടങ്ങിയ അപകടങ്ങള്‍ ഉണ്ടായാല്‍ നശിക്കാത്തതാണ് ഈ ഉപകരണം. ഓറഞ്ച് നിറത്തിലുള്ള ഉപകരണം കപ്പലിന്റെ മുകള്‍ത്തട്ടിലാണ് സ്ഥാപിച്ചിരിക്കുക. അപകടമോ അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ ക്യാപ്റ്റന്‍ വിഡിആര്‍ ഉടന്‍ ലോക്ക് ചെയ്യുകയും അടുത്തുള്ള തുറമുഖത്ത് കപ്പല്‍ അടുപ്പിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ വിഡിആര്‍ സമര്‍പ്പിക്കുകയും വേണമെന്നാണ് നിയമം. എന്നാല്‍ ഇതുണ്ടായില്ല.
പൊലീസ് ഇക്കാര്യം അന്വേഷിച്ചില്ല. വിഡിആര്‍ കണ്ടെടുക്കുന്നതില്‍ കേരള പൊലീസ് വീഴ്ച വരുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കപ്പലില്‍നിന്ന് തോക്കുകള്‍ കണ്ടെടുക്കുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടിയിരുന്നത് വിഡിആര്‍ കണ്ടെത്താനാണ്. അതു വൈകിയത് രേഖകള്‍ മായ്ക്കാന്‍ ഇറ്റാലിയന്‍ കപ്പല്‍ ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്കി. വെടിവെയ്പ്പിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ വിഡിആര്‍ നല്‍കുമായിരുന്നു. ഇത് നഷ്ടപ്പെട്ടത് ഇറ്റാലിയന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലിയുടെ ബോധപൂര്‍വമായ വീഴ്ചയാണെന്നും ഇതിന്റെ പേരില്‍ ക്യാപ്റ്റനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിഡിആറും ലോഗ്ബുക്കും ലഭിക്കാത്തതിനാല്‍ അന്വേഷണം ദുര്‍ബലമാകും. കപ്പല്‍ ജീവനക്കാരെ രക്ഷിക്കാന്‍ കേരളപൊലീസ് ബോധപൂര്‍വം അനാസ്ഥ കാട്ടിയെന്നാണ് അനുമാനിക്കേണ്ടത്. ഉന്നത നിര്‍ദ്ദേശമില്ലാതെ പൊലീസ് ഇത്തരമൊരു തീരുമാനമെടുക്കില്ല. എന്റിക ലെക്സിയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ച കേസ് എംഎംഡി അന്വേഷിച്ചുവരികയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നും ഷിപ്പിങ് ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എംഎംഡി അധികൃതര്‍ അറിയിച്ചു.
deshabhimani 040312
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)

വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സ്വാധീനിച്ച് അറസ്റ്റിലായ ഇറ്റാലിയന്‍ സൈനികരെയും കപ്പലും രക്ഷിച്ചെടുക്കാന്‍ ഇറ്റലി ഉപ വിദേശമന്ത്രി കൊല്ലത്ത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രദേശത്തെ പ്രമുഖരെയും കണ്ട് മന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ സജീവമാക്കി.
ReplyDeleteഇന്ത്യന്‍ നിയമങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതാണ് ഇറ്റലിയുടെ നീക്കം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് ഒത്താശ ചെയ്യുന്നു. മിസ്തുരയുടെ നീക്കങ്ങള്‍ക്ക് വഴിയൊരുക്കാന്‍ കേന്ദ്ര സഹമന്ത്രി കെ വി തോമസ് ശനിയാഴ്ച കൊല്ലത്ത് എത്തിയിരുന്നു. നിരപരാധികളായ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ ജയിലിലടയ്ക്കുന്നത് ഒഴിവാക്കാന്‍ ഇടപെട്ടൂവെന്ന മിസ്തുരയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംഭവം നടന്ന ശേഷം ഫെബ്രുവരി അവസാനവാരം മിസ്തുര ആദ്യം കേരളത്തില്‍ എത്തി. അന്ന് കേന്ദ്രമന്ത്രിമാര്‍ , മുഖ്യമന്ത്രി, നയതന്ത്രജ്ഞര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ക്കുശേഷം ഇറ്റാലിയന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തടവറ ഒഴിവാക്കിയെന്ന് പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ചത്തെ സന്ദര്‍ശനം.