Sunday, March 18, 2012

അടിയന്തരപ്രമേയം അനുവദിച്ചില്ല; എംജി സെനറ്റ് ബഹളത്തില്‍ മുങ്ങി

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ത്ത ഓര്‍ഡിനന്‍സ് മൂലമുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലാ സെനറ്റ് യോഗം ബഹളത്തില്‍ മുങ്ങി. സര്‍വകലാശാലയെ ഗുരുതരമായി ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചുള്ള ബഹളത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ യോഗം പിരിച്ചുവിട്ടു.

എകെപിസിടിഎ ജില്ലാ സെക്രട്ടറി പ്രൊഫ. ടോമിച്ചന്‍ ജോസഫാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. സെനറ്റിലെ 21 പേരുടെ പിന്തുണയുമുണ്ടായിരുന്നു. സര്‍ക്കാരിന് അപ്രീതി തോന്നിയാല്‍ എതു സിന്‍ഡിക്കറ്റ് അംഗത്തെയും അകാരണമായി പിരിച്ചുവിടാമെന്ന സര്‍വകലാശാലാ നിയമഭേദഗതി അക്കാദമികരംഗത്ത് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയെന്നായിരുന്നു പ്രൊഫ. ടോമിച്ചന്‍ ജോസഫ് കൊണ്ടുവന്ന പ്രമേയത്തില്‍ പറഞ്ഞത്. നിര്‍ഭയമായും നിയമപരമായും തീരുമാനമെടുക്കാന്‍ സര്‍വകലാശാലാ ഭരണസമിതിക്ക് കഴിയാത്ത സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. സര്‍വകലാശാലയെ വെറും സര്‍ക്കാര്‍ വകുപ്പായി അധഃപതിപ്പിക്കുകയും സിന്‍ഡിക്കറ്റുകളെ രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയുമാണ്. എന്നാല്‍ , ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അംഗീകാരത്തോടെ നടപ്പാക്കിയ ഓര്‍ഡിനന്‍സിനെതിരെ സെനറ്റ് യോഗം ചര്‍ച്ച ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്ന് ഇടതുപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളിക്കിടെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. അതോടാപ്പം യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയവും അനുവദിക്കാവുന്നതല്ലെന്ന് അദ്ദേഹം അറിയിച്ചു.

ഒരു പത്രത്തില്‍ വാര്‍ത്ത നല്‍കിയ ശേഷം രാഷ്ട്രീയലക്ഷ്യത്തോടെ യുഡിഎഫ് അംഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനാണ് വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചത്. ഒരു മണിക്കൂര്‍ ചോദ്യോത്തരവേളയ്ക്കു ശേഷമാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സെനറ്റ് അംഗങ്ങള്‍ സര്‍വകലാശാലാ കാമ്പസില്‍ പ്രകടനം നടത്തി. തുടര്‍ന്നു ചേര്‍ന്ന വിശദീകരണ യോഗത്തില്‍ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, കെ ഷെറഫുദ്ദീന്‍ , വി പി ഇസ്മയില്‍ , ഡോ. പി കെ പത്മകുമാര്‍ , മഹേഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാലയുടെ വാര്‍ഷികബജറ്റ് അവതരിപ്പിക്കുന്നതിനായി 31ന് അടുത്ത സെനറ്റ്യോഗം ചേരും.

deshabhimani 180312

1 comment:

  1. സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം തകര്‍ത്ത ഓര്‍ഡിനന്‍സ് മൂലമുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം അനുവദിക്കാത്തതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലാ സെനറ്റ് യോഗം ബഹളത്തില്‍ മുങ്ങി. സര്‍വകലാശാലയെ ഗുരുതരമായി ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചുള്ള ബഹളത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ യോഗം പിരിച്ചുവിട്ടു.

    ReplyDelete