Sunday, March 18, 2012

കെ വി ജിയുടെ മനസ് നിറയെ ഇപ്പോഴും വിപ്ലവഗാനങ്ങള്‍

നിരവധി വിപ്ലവഗാനത്തിലൂടെ ജനമനസുകളെ ആവേശംകൊള്ളിച്ച കെ വി ജിക്ക് 75-ാം വയസ്സിലും മനസ് നിറയെ വിപ്ലവഗാനങ്ങളാണ്. കാവുകളിലും മറ്റ് ആരാധനാലയങ്ങളിലും പൂരക്കളിക്ക് രാഷ്ട്രീയഭാഷ്യം ചമച്ച മടിക്കൈയുടെ എഴുത്തുകാരന്‍ കെ വി ജി കുടുക്കവളപ്പില്‍ എന്ന കെ വി ഗോപാലന്‍ അനീതിക്കെതിരെ വിപ്ലവപ്പാട്ട് എഴുതുന്നതില്‍ ഇന്നും സജീവം. ചെങ്കൊടിക്ക് സ്തുതിഗീതം ചൊല്ലിക്കൊണ്ട് ചെങ്കൊടിയെ കൈ തൊഴുന്നേന്‍ എന്നു തുടങ്ങി പൂരക്കളിയിലെ ആറാം തരത്തിലെ കയ്യൂര്‍ സഖാക്കളുടെ വീരചരിതം പാടുന്ന പാട്ട് ഇന്നും ജന മനസ്സില്‍ മുഴങ്ങുന്നുണ്ട്. "മാര്‍ച്ച് മാസത്തില്‍ ഇരുപത്തൊമ്പത് നേരം പുലര്‍ന്നിടുമ്പോള്‍ - നാടിനും നാട്ടാര്‍ക്കും വേണ്ടിയന്നവര്‍ തൂക്കുമരത്തിലേറി" എന്ന വരികളില്‍ ആവേശച്ചുവട് വച്ചവര്‍ എന്നും കെ വി ജിയുടെ പൂരക്കളിപ്പാട്ടും കോല്‍ക്കളിപ്പാട്ടും ഓര്‍മിച്ചെടുക്കുന്നു.

മടിക്കൈ ആലമ്പാടിയിലെ കമ്യൂണിസ്റ്റ് കുടുംബാംഗമായ കുടുക്കവളപ്പില്‍ കൊട്ടന്‍ , ചപ്പില ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവനായ ഗോപാലന്‍ 11-ാം വയസ്സില്‍ എന്‍ ജി കമ്മത്തിനും ചാത്തുവേട്ടനും ഒളിസങ്കേതത്തില്‍ ചായയും ബീഡിയുമെത്തിച്ച് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കെ എം കുഞ്ഞിക്കണ്ണന്‍ , കെ വി രാമുണ്ണി, കെ വി കുഞ്ഞിക്കണ്ണന്‍ , ചാര്‍ത്തങ്കല്‍ രാമന്‍ , ജ്യേഷ്ഠന്‍ ടി വി അപ്പ എന്നിവരുടെ കൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. അന്നത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നാടന്‍കലകളായ പൂരക്കളിക്കും കോല്‍ക്കളിക്കും രാഷ്ട്രീയ പാട്ടുകളെഴുതി സ്വന്തം വീട്ടുമുറ്റത്ത് യുവാക്കള്‍ക്ക് പരിശീലനം നല്‍കി. രാഷ്ട്രീയ ഗാനങ്ങള്‍ പുസ്തകമാക്കി ആശയപ്രചാരണത്തിനായി പാടി നടന്ന് വില്‍പന നടത്തിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് കെ വി ജി പറയുന്നു. ആദ്യകാലങ്ങളില്‍ മടിക്കൈയില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് നടന്നെത്തി ദേശാഭിമാനി പത്രം കൊണ്ടുവരികയും പാര്‍ടി സഖാക്കള്‍ക്ക് വിതരണം ചെയ്ത് ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചു. ഒളിവുകാലത്ത് എ കെ ജി, ഇ കെ നായനാര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷണവും വിശ്രമവും നല്‍കാനായതും കെ വി ജിക്ക് മറക്കാനാവില്ല. വിപ്ലവഗാനങ്ങള്‍ക്ക് പുറമെ നാടക സംവിധാനം, രാഷ്ട്രീയ കഥാപ്രസംഗ രചന, കൈയെഴുത്ത് മാസിക തയ്യാറാക്കല്‍ , കളംപാട്ട് രചന എന്നിവയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. സമൂഹത്തിനുവേണ്ടി ഇന്നും എഴുതുന്ന കെ വി ജി മടിക്കൈയുടെ അഭിമാനമാണ്. ഭാര്യ: പരേതയായ കുഞ്ഞിമാണിക്കം.

deshabhimani 170312

1 comment:

  1. നിരവധി വിപ്ലവഗാനത്തിലൂടെ ജനമനസുകളെ ആവേശംകൊള്ളിച്ച കെ വി ജിക്ക് 75-ാം വയസ്സിലും മനസ് നിറയെ വിപ്ലവഗാനങ്ങളാണ്. കാവുകളിലും മറ്റ് ആരാധനാലയങ്ങളിലും പൂരക്കളിക്ക് രാഷ്ട്രീയഭാഷ്യം ചമച്ച മടിക്കൈയുടെ എഴുത്തുകാരന്‍ കെ വി ജി കുടുക്കവളപ്പില്‍ എന്ന കെ വി ഗോപാലന്‍ അനീതിക്കെതിരെ വിപ്ലവപ്പാട്ട് എഴുതുന്നതില്‍ ഇന്നും സജീവം. ചെങ്കൊടിക്ക് സ്തുതിഗീതം ചൊല്ലിക്കൊണ്ട് ചെങ്കൊടിയെ കൈ തൊഴുന്നേന്‍ എന്നു തുടങ്ങി പൂരക്കളിയിലെ ആറാം തരത്തിലെ കയ്യൂര്‍ സഖാക്കളുടെ വീരചരിതം പാടുന്ന പാട്ട് ഇന്നും ജന മനസ്സില്‍ മുഴങ്ങുന്നുണ്ട്. "മാര്‍ച്ച് മാസത്തില്‍ ഇരുപത്തൊമ്പത് നേരം പുലര്‍ന്നിടുമ്പോള്‍ - നാടിനും നാട്ടാര്‍ക്കും വേണ്ടിയന്നവര്‍ തൂക്കുമരത്തിലേറി" എന്ന വരികളില്‍ ആവേശച്ചുവട് വച്ചവര്‍ എന്നും കെ വി ജിയുടെ പൂരക്കളിപ്പാട്ടും കോല്‍ക്കളിപ്പാട്ടും ഓര്‍മിച്ചെടുക്കുന്നു

    ReplyDelete