Sunday, March 18, 2012

പഴന്തോട്ടം പള്ളിയില്‍ പൊലീസ് ലാത്തിച്ചാര്‍ജ്

കോലഞ്ചേരി: സഭാതര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. വിശ്വാസികള്‍ക്കുനേരെ നാലുതവണയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പള്ളി വികാരി ഫാദര്‍ ഷാജി വര്‍ഗീസ് താമരച്ചാലിനും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ക്കും പരിക്കേറ്റു. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെയായിരുന്നു സ്ത്രീകള്‍ക്കുനേരെയുള്ള പൊലീസിന്റെ അതിക്രമം. അതേസമയം, റൂറല്‍ എസ്പിയുമായി യാക്കോബായ സഭ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്തയും പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചശേഷം മൃതദേഹം സംസ്കരിച്ചു.

35 വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ യാക്കോബായ വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞയാഴ്ച ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിയില്‍ ആരാധനയര്‍പ്പിക്കുകയും പ്രാര്‍ഥനായജ്ഞം ആരംഭിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സര്‍ക്കാര്‍ പള്ളി ഏറ്റെടുത്ത് ആര്‍ഡിഒയുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. വരുന്ന ശനിയാഴ്ചവരെ ആര്‍ഡിഒയുടെ നിയന്ത്രണം നീട്ടിയിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച മരിച്ച ഇടയനാല്‍ തോമസിന്റെ മൃതദേഹം പള്ളിക്കകത്ത് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം എത്തിയത്.

എന്നാല്‍ മൃതദേഹം പള്ളിക്കകത്ത് പ്രവേശിപ്പിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ രാവിലെമുതല്‍ പഴന്തോട്ടത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. വൈകിട്ട് അഞ്ചോടെ വീട്ടില്‍നിന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുവന്നപ്പോള്‍ പുത്തന്‍കുരിശ് സിഐ എം ആര്‍ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ പള്ളിയുടെ ഗേറ്റിനുമുന്നില്‍ പൊലീസ് തടഞ്ഞു. ലാത്തിച്ചാര്‍ജില്‍ പഴമ്പിള്ളിക്കുടി പോള്‍ ജോര്‍ജ് (36) തട്ടാറയില്‍ ബിജു ജോയി (25), ഇടയനാല്‍ സാറാമ്മ (48),മണപ്പിള്ളിക്കുടി മറിയാമ്മ വര്‍ഗീസ് (60), തോട്ടത്തില്‍ സാലി കുര്യാക്കോസ് (38), ബിനു വര്‍ഗീസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂടാതെ രാത്രി എട്ടരയോടെ നടന്ന ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു.

deshabhimani 180312

1 comment:

  1. സഭാതര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കാനെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. വിശ്വാസികള്‍ക്കുനേരെ നാലുതവണയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പള്ളി വികാരി ഫാദര്‍ ഷാജി വര്‍ഗീസ് താമരച്ചാലിനും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധിപേര്‍ക്കും പരിക്കേറ്റു. വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെയായിരുന്നു സ്ത്രീകള്‍ക്കുനേരെയുള്ള പൊലീസിന്റെ അതിക്രമം. അതേസമയം, റൂറല്‍ എസ്പിയുമായി യാക്കോബായ സഭ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏലിയാസ് മാര്‍ അത്തനാസിയോസ് മെത്രാപോലീത്തയും പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചശേഷം മൃതദേഹം സംസ്കരിച്ചു

    ReplyDelete