Friday, March 23, 2012

ആറ്റുകാല്‍ പൊങ്കാല റോഡിന് ഒരുവശത്തെ പാടുള്ളൂ: ഹെക്കോടതി

പാതയോരങ്ങളില്‍ പൊതുയോഗം നടത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് അധികാരം നല്‍കുന്ന നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ വ്യവസ്ഥയെന്ന് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍ , പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പാതയോരങ്ങളില്‍ അനുമതിയോടെ പൊതുയോഗങ്ങള്‍ നടത്താനുള്ള 2010ലെ പൊതുപാതകള്‍ (സംഘംചേരലിനും ജാഥകള്‍ക്കും) നിയന്ത്രണം ഏര്‍പ്പെടുത്തല്‍ നിയമത്തിലെ 5(1)സി വകുപ്പാണ് കോടതി റദ്ദാക്കിയത്.

ആറ്റുകാല്‍ പൊങ്കാലയും തൃശൂര്‍ പൂരവും ഉള്‍പ്പെടെയുള്ള ഉത്സവങ്ങളും ദേശീയ ആഘോഷങ്ങളും നിയന്ത്രണങ്ങളോടെ അനുവദിക്കാവുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഉത്സവാഘോഷങ്ങള്‍ക്ക് അനുമതി നല്‍കുന്ന 5(1)ഡി വകുപ്പ് കോടതി ശരിവച്ചിട്ടുണ്ട്. എന്നാല്‍ നിയന്ത്രണത്തോടെയാവണം അനുമതിയെന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഡിജിപിക്ക് അയച്ചുകൊടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശമുണ്ട്. പാതയോരങ്ങളില്‍ പൊതുയോഗം വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചതോടെ നിയമമായി മാറിയെന്നും ഈ നിയമത്തെ മറികടക്കാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും കോടതി വിലയിരുത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വിരുദ്ധമായി സംസ്ഥാനത്തിന് നിയമം കൊണ്ടുവരാന്‍ അധികാരമില്ലെന്ന് കോടതി വിലയിരുത്തി. ഇനിയെങ്കിലും ഭരണഘടനയുടെ ഈ "ലക്ഷ്മണരേഖ" മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് സാഹസപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

ഉത്സവങ്ങളും ദേശീയാഘോഷങ്ങളും വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്നവയാണെന്നും ഘോഷയാത്രകള്‍ ചെറിയദൂരം മാത്രമാണെന്നും അതിനാല്‍ നിയന്ത്രണങ്ങളോടെ ഇവ അനുവദിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആറ്റുകാല്‍ പൊങ്കാല റോഡിന് ഒരുവശം മാത്രമേ അനുവദിക്കാവൂവെന്നും റോഡിന്റെ മറുവശം പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യസര്‍വീസുകള്‍ക്ക് ഉപയോഗിക്കാനുതകുംവിധം ഒഴിച്ചിടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വോട്ട്ബാങ്ക് ലക്ഷ്യമിടുന്ന "രാഷ്ട്രീയ മേലാളന്മാര്‍ ഇടപെടുന്നില്ലെങ്കില്‍" പൊങ്കാലയിടുന്ന വിശ്വാസികളെ പൊലീസ്തന്നെ റോഡിന് ഒരുവശത്തുമാത്രമായി നിയന്ത്രിക്കുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു. പാതയോര പൊതുയോഗ നിരോധം ലംഘിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയെത്തുടര്‍ന്ന് കോടതി സ്വമേധയാ സ്വീകരിച്ച നടപടികളില്‍ കക്ഷിചേര്‍ക്കപ്പെട്ട അഡ്വ. ബേസില്‍ അട്ടിപ്പേറ്റി, ഖാലിദ് മുണ്ടപ്പിള്ളി, അഡ്വ. ജോണ്‍സണ്‍ മനയാനി എന്നിവരുടെ വാദം കേട്ടാണ് കോടതി ഉത്തരവ്. കേസില്‍ കക്ഷിചേര്‍ന്ന ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റിയുടെ വാദങ്ങള്‍ കോടതി തള്ളി.

deshabhimani 230312

1 comment:

  1. പാതയോരങ്ങളില്‍ പൊതുയോഗം നടത്താന്‍ ജില്ലാ പൊലീസ് മേധാവിക്ക് അധികാരം നല്‍കുന്ന നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ വ്യവസ്ഥയെന്ന് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍ , പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പാതയോരങ്ങളില്‍ അനുമതിയോടെ പൊതുയോഗങ്ങള്‍ നടത്താനുള്ള 2010ലെ പൊതുപാതകള്‍ (സംഘംചേരലിനും ജാഥകള്‍ക്കും) നിയന്ത്രണം ഏര്‍പ്പെടുത്തല്‍ നിയമത്തിലെ 5(1)സി വകുപ്പാണ് കോടതി റദ്ദാക്കിയത്.

    ReplyDelete