Friday, March 23, 2012

ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ബിജെപിക്ക് കനത്ത തോല്‍വി

ആന്ധ്രപ്രദേശില്‍ ഏഴു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഒരിടത്തുപോലും കോണ്‍ഗ്രസിന് വിജയം നേടാനായില്ല. നാലിടത്ത് ടിആര്‍എസും ഒരിടത്ത് ടിആര്‍എസ് പിന്തുണച്ച സ്വതന്ത്രനും ജയിച്ചു. ഒരു സീറ്റ് ബിജെപിക്ക് ലഭിച്ചപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ഒരു സീറ്റില്‍ വിജയിച്ചു. വിജയിച്ച ടിആര്‍എസ് സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചവരാണ്. തെലങ്കാന പ്രശ്നത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ടിആര്‍എസില്‍ ചേരുകയായിരുന്നു. ടിഡിപിയില്‍നിന്ന് രാജിവച്ചയാളാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ടിആര്‍എസ് പിന്തുണയും നല്‍കി.

കോവൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ശ്രദ്ധേയമാണ്. തെലുങ്ക്ദേശം പാര്‍ടിക്ക് മൂന്നിടത്ത് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. അദിലാബാദ്, സ്റ്റേഷന്‍ ഘാന്‍പുര്‍ , കോലാപുര്‍ , കാമറെഡ്ഡി എന്നീ മണ്ഡലങ്ങളിലാണ് ടിആര്‍എസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി നാഗര്‍ കുര്‍ണൂലിലാണ് വിജയം കണ്ടത്. മെഹ്ബൂബ് നഗറില്‍ ബിജെപിയും കോവൂരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും വിജയിച്ചു.

 ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന് കനത്ത പ്രഹരം നല്‍കുന്നതാണ് മാന്‍സ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. ബിജെപി സ്ഥാനാര്‍ഥി ഡി ഡി പാട്ടീലിനെ 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. 1995നു ശേഷം ഇതാദ്യമായാണ് ബിജെപിക്ക് ഇവിടെ സീറ്റ് നഷ്ടപ്പെട്ടത്. ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരി ക്കെ ബിജെപി സ്ഥാനാര്‍ഥിയുടെ പരാജയത്തിന് പ്രാധാന്യമേറെയാണ്. തമിഴ്നാട്ടിലെ ശങ്കരന്‍കോയില്‍ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെ സീറ്റ് നിലനിര്‍ത്തി. 68,757 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഡിഎംകെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇവിടെ ഡിഎംകെയ്ക്ക് കെട്ടിവച്ച പണം പോയി.

ബിജെപിക്ക് കനത്ത തോല്‍വി

മംഗളൂരു: ഉഡുപ്പി-ചിക്മഗളൂരു ലോക്സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തോല്‍വി. തുടര്‍ച്ചയായി അഞ്ചുതവണ ബിജെപി ജയിച്ച മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ജയപ്രകാശ് ഹെഗ്ഡെ 45,724 വോട്ടിനാണ് പിടിച്ചെടുത്തത്. ഹെഗ്ഡെയ്ക്ക് 3,98,723 വോട്ടുലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി വി സുനില്‍കുമാറിന് 3,52,999 വോട്ട് ലഭിച്ചു. ജെഡിഎസ് സ്ഥാനാര്‍ഥി എസ് എല്‍ ഭോജെഗൗഡ 70,206 വോട്ടില്‍ ഒതുങ്ങി. ബി എസ് യെദ്യൂരപ്പയുടെ രാജിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായ ഡി വി സദാനന്ദഗൗഡ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തിന് കരുനീക്കുന്നതിനിടെ ബിജെപിയിലെ തര്‍ക്കം മുതലെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന് തുണയായത്. യെദ്യൂരപ്പയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നത് ബിജെപിയെ പ്രതികൂലമായി ബാധിച്ചു. അഭിമാനപ്രശ്നമായിരുന്ന ഉപതെരഞ്ഞെടുപ്പ് പരാജയമായതോടെ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയുമാണ് പ്രതിസന്ധിയിലായത്.

deshabhimani 220312

1 comment:

  1. ആന്ധ്രപ്രദേശില്‍ ഏഴു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഒരിടത്തുപോലും കോണ്‍ഗ്രസിന് വിജയം നേടാനായില്ല. ഗുജറാത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിന് കനത്ത പ്രഹരം നല്‍കുന്നതാണ് മാന്‍സ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം. ബിജെപി സ്ഥാനാര്‍ഥി ഡി ഡി പാട്ടീലിനെ 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. 1995നു ശേഷം ഇതാദ്യമായാണ് ബിജെപിക്ക് ഇവിടെ സീറ്റ് നഷ്ടപ്പെട്ടത്. മംഗളൂരു: ഉഡുപ്പി-ചിക്മഗളൂരു ലോക്സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തോല്‍വി. തുടര്‍ച്ചയായി അഞ്ചുതവണ ബിജെപി ജയിച്ച മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ജയപ്രകാശ് ഹെഗ്ഡെ 45,724 വോട്ടിനാണ് പിടിച്ചെടുത്തത്.

    ReplyDelete