ഇന്ത്യയിലെ പൊതുജനാധിപത്യ മണ്ഡലത്തിനാകെയും ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും അപരിഹാര്യമായ നഷ്ടമാണ് അറിവും അനുഭവവും സമന്വയിച്ച സഖാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണംമൂലമുണ്ടായിട്ടുള്ളത്. വിദ്യാര്‍ഥിജീവിത ഘട്ടംമുതല്‍ എന്നും സമൂഹത്തെ പുരോഗമനോന്മുഖമായി മാറ്റിയെടുക്കാനുള്ള വിശ്രമരഹിതമായ ശ്രമങ്ങളുടെ പാതയിലായിരുന്നു സി കെ ചന്ദ്രപ്പന്‍ . പാര്‍ടിയുടെ നയഘടനയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് അദ്ദേഹം അനവരതം അതിനായി ശ്രമിച്ചു. വിദ്യാര്‍ഥിസംഘടനാ നേതാവ്, യുവജനനേതാവ്, നിയമസഭാ സാമാജികന്‍ , പാര്‍ലമെന്റേറിയന്‍ , പാര്‍ടി നേതാവ് എന്നിങ്ങനെ പല നിലകളിലായി അദ്ദേഹം നടത്തിയിട്ടുള്ള അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളസമൂഹത്തിന്റെ മനസ്സില്‍നിന്ന് മാഞ്ഞുപോകാത്തവിധം പതിഞ്ഞുനില്‍ക്കുന്ന ഒന്നായി ആ വ്യക്തിത്വത്തെ മാറ്റി.
വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി കെ ചന്ദ്രപ്പന്റെ ബാല്യം. അതുകൊണ്ടുതന്നെ വയലാര്‍ പോരാളിയായ സി കെ കുമാരപ്പണിക്കരുടെ മകന്‍ ബാല്യത്തില്‍ത്തന്നെ സ്വാഭാവികമായും കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഉല്‍പ്പതിഷ്ണുവായി വളര്‍ന്നുവന്നു. വയലാര്‍ സമരത്തിന് രണ്ടാഴ്ചമുമ്പ് തൃപ്പൂണിത്തുറയിലേക്ക് പറിച്ചുനടപ്പെട്ടതും ചിറ്റൂര്‍ കോളേജില്‍നിന്ന് വെടിയുണ്ടകള്‍ ചീറിപ്പായുന്ന ഗോവാ സമരത്തില്‍ പങ്കെടുക്കാന്‍ വണ്ടികയറിയതുമൊക്കെ ഇളംപ്രായത്തില്‍ത്തന്നെ കൈവന്ന ഉജ്വലമായ ജീവിതാനുഭവങ്ങള്‍ . ആ അനുഭവങ്ങളുടെ കരുത്ത് സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച കരുത്തുറ്റ കമ്യൂണിസ്റ്റാക്കി മാറ്റുകയായിരുന്നു സി കെ ചന്ദ്രപ്പനെ. പോരാട്ടങ്ങള്‍ക്ക് ആശയപരമായ ആയുധങ്ങള്‍ പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ സി കെ ചന്ദ്രപ്പന്‍ വിപുലമായ വായനയിലൂടെ പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനും അതിന്റെകൂടി അടിസ്ഥാനത്തില്‍ സ്വയം നവീകരിക്കാനും അങ്ങനെ പാര്‍ടിയെ ശക്തിപ്പെടുത്താനും എന്നും ശ്രമിച്ചു. ഏത് വിഷയത്തെയും അതിന്റെ പ്രത്യക്ഷഭാവംമാത്രം നോക്കി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാതെ അതിന്റെ മറഞ്ഞിരിക്കുന്ന മറ്റു വശങ്ങളെക്കൂടി സമഗ്രതയില്‍ വിലയിരുത്തി സമീപിക്കാന്‍ ചന്ദ്രപ്പന്‍ എന്നും പ്രത്യേകം ശ്രദ്ധിച്ചു.
മൗലികമായ അപഗ്രഥനരീതികളും അവതരണസമ്പ്രദായങ്ങളും അദ്ദേഹത്തെ വേറിട്ട വ്യക്തിത്വത്തിനുടമയാക്കി. വിഷയങ്ങളെ ആഴത്തില്‍ കടന്നുചെന്ന് സാമൂഹ്യബോധത്തിന്റെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കാനും അവയെക്കുറിച്ച് സ്വന്തം പ്രത്യയശാസ്ത്രബോധത്തിന്റെ വെളിച്ചത്തില്‍ മൗലികമായ അഭിപ്രായം രൂപപ്പെടുത്തിയെടുക്കാനും അധികമാളുകളില്‍ കാണാത്ത തരത്തിലുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. നീണ്ടകാലത്തെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലെ മികവിലൂടെ ഇന്ത്യയിലെ ശ്രദ്ധേയരായ പാര്‍ലമെന്റേറിയന്മാരുടെ നിരയിലേക്കുയരാന്‍ ചന്ദ്രപ്പന് കഴിഞ്ഞിരുന്നു. രാഷ്ട്രീയമായി വിരുദ്ധ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്നവര്‍പോലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കായി പാര്‍ലമെന്റില്‍ കാതോര്‍ക്കുന്ന സ്ഥിതിയുണ്ടായി. കേരളം ഇന്ത്യക്ക് നല്‍കിയ മികച്ച പാര്‍ലമെന്റേറിയന്മാരുടെ നിരയില്‍ തീര്‍ച്ചയായും സി കെ ചന്ദ്രപ്പന് ശ്രദ്ധേയമായ സ്ഥാനമുണ്ട്. വൈയക്തികമായ നിലപാടുകളും പാര്‍ടി നിലപാടുകളും തമ്മില്‍ ചില സന്ദര്‍ഭങ്ങളില്‍ വൈരുധ്യമുണ്ടായി എന്നുവരാം. അത്തരം സന്ദര്‍ഭങ്ങളില്‍ വൈയക്തിക നിലപാടുകളെ പാര്‍ടി അംഗീകരിച്ച പൊതുനിലപാടിനു കീഴ്പെടുത്തി പ്രവര്‍ത്തിക്കാനുള്ള മികവുറ്റ സംഘടനാബോധം അദ്ദേഹം എന്നും പ്രകടിപ്പിച്ചു.
സിപിഐയുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസുവരെയും അതിനുശേഷമുള്ള നിലപാടുകളിലെ വ്യത്യസ്തതയെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് സി കെ ചന്ദ്രപ്പന്റെ വൈയക്തികാഭിപ്രായങ്ങളെ വേര്‍തിരിച്ചുകാണാന്‍ ശ്രമിച്ചവരുണ്ട്. എന്തായാലും, ഇവിടെ കാണേണ്ടത്, പാര്‍ടി അംഗീകരിച്ച നിലപാടിന്റെ വക്താവായിത്തന്നെ നില്‍ക്കാനുള്ള സംഘടനാബോധം എന്നും അദ്ദേഹത്തെ നയിച്ചിരുന്നുവെന്ന കാര്യമാണ്. സിപിഐ എമ്മുമായി അദ്ദേഹം അഭിപ്രായ ചേര്‍ച്ചയോടും ചേര്‍ച്ചയില്ലായ്മയോടും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നതില്‍ അത്ഭുതമില്ല. രണ്ട് പാര്‍ടികളാകുമ്പോള്‍ , രണ്ട് അഭിപ്രായങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ചും അതിലേക്ക് നയിക്കേണ്ട സമരരീതികളെക്കുറിച്ചുമൊക്കെ വ്യത്യസ്താഭിപ്രായങ്ങളുള്ള രണ്ട് പാര്‍ടികള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകാവുന്ന സ്വരഭേദങ്ങള്‍ മാത്രമായിരുന്നു അത്. ആ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുമ്പോഴും ഇടതുപക്ഷ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയില്‍ ഒരു പോറലും ഏല്‍പ്പിക്കാതിരിക്കാന്‍ സി കെ ചന്ദ്രപ്പനും സിപിഐ എം നേതാക്കള്‍ക്കുമിടിയില്‍ ഉണ്ടായിട്ടുള്ള ആശയസംവാദങ്ങളുടെ ഘട്ടത്തില്‍ ഇരുകൂട്ടരും പ്രത്യേക ശ്രദ്ധ വച്ചു എന്നത് കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആ ഐക്യത്തെ ശക്തിപ്പെടുത്തുക എന്നതാകുന്നു ചന്ദ്രപ്പന്റെ സ്മരണയ്ക്ക് നല്‍കാവുന്ന ഉചിതമായ ആദരാഞ്ജലി. വിമോചനസമരകാലത്ത് വിദ്യാര്‍ഥിസംഘടനാ നേതാവായിരുന്ന സി കെ ചന്ദ്രപ്പന്‍ വിമോചനസമരത്തിനു പിന്നിലെ സ്ഥാപിത രാഷ്ട്രീയ താല്‍പ്പര്യങ്ങളെയും ജാതി-മത സങ്കുചിത താല്‍പ്പര്യങ്ങളെയും കുറിച്ച് ബോധവല്‍ക്കരിച്ച് വിദ്യാര്‍ഥികളെ ജനാധിപത്യ സംരക്ഷണത്തിന്റെ പക്ഷത്ത് അണിനിരത്തുന്നതില്‍ വഹിച്ച നേതൃത്വപരമായ പങ്ക് പ്രധാനപ്പെട്ടതാണ്.
ജീവനോടെ തിരിച്ചുവരുമെന്നുറപ്പില്ലാത്ത സാഹചര്യത്തിലും പോര്‍ച്ചുഗീസ് പട്ടാളത്തിന്റെ തോക്കിനുമുന്നിലേക്ക് ഗോവാ വിമോചന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ഥിസംഘടനാ രംഗത്തുനിന്ന് കടന്നുചെന്നത് അനിതരസാധാരണമായ ധീരതയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുണ്ടായിരുന്ന അര്‍പ്പണബോധത്തിന്റെയും ദൃഷ്ടാന്തമാണ്. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ആഗോളവല്‍ക്കരണ നയങ്ങളുടെയും അതിനു പിന്നിലുള്ള സാമ്രാജ്യത്വ അജന്‍ഡയുടെയും ഇരുണ്ട വശങ്ങള്‍ രാജ്യത്തിനാകെ മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ അദ്ദേഹം നടത്തി. നിയമനിര്‍മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന രീതി പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് അദ്ദേഹം വികസിപ്പിച്ചെടുത്തു. ഉദാരവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും വിനാശകരമായ വശങ്ങള്‍ ഉദാഹരണങ്ങള്‍ നിരത്തി ജനങ്ങളെ പഠിപ്പിക്കുന്ന തരത്തില്‍ സമരമുഖങ്ങളിലും സംവാദവേദികളിലും അദ്ദേഹം അവതരിപ്പിച്ചു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഘട്ടത്തില്‍ത്തന്നെ നേതൃത്വത്തിലേക്കുയര്‍ന്ന സി കെ ചന്ദ്രപ്പന്‍ 1958-62 ഘട്ടത്തില്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിയമസഭയിലും ലോക്സഭയിലും ശ്രദ്ധേയമായ പ്രകടനം അദ്ദേഹത്തില്‍നിന്നുണ്ടായി. "64ല്‍ സിപിഐയില്‍ നിലകൊണ്ട സി കെ ചന്ദ്രപ്പന്‍ പില്‍ക്കാലത്ത് അതിന്റെ ദേശീയതലത്തിലേക്ക് വളര്‍ന്നു. ഭട്ടിന്‍ഡ കോണ്‍ഗ്രസിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ സിപിഐയുടെ വ്യക്തിത്വം മങ്ങാതെ സൂക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള താല്‍പ്പര്യത്തില്‍ ശ്രദ്ധവച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹം എപ്പോഴും നടത്തിയിട്ടുണ്ട്. അവയെ ആ വിധത്തില്‍ത്തന്നെ കാണാന്‍ ഇടതുപക്ഷ സമൂഹമാകെ ശ്രദ്ധിച്ചിട്ടുമുണ്ട്. വേറിട്ട അഭിപ്രായങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ വ്യാപൃതനായി അദ്ദേഹം. ആ ഐക്യം ശക്തിപ്പെടുത്തിക്കൊണ്ട് സഖാവ് ചന്ദ്രപ്പന്റെ സ്മരണയെ ആദരിക്കുക എന്നതാണ് ഇന്ന് കരണീയമായിട്ടുള്ളത്. ആ സ്മരണയ്ക്കു മുന്നില്‍ ഞങ്ങള്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.
deshabhimani editorial 230312
ഇന്ത്യയിലെ പൊതുജനാധിപത്യ മണ്ഡലത്തിനാകെയും ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും അപരിഹാര്യമായ നഷ്ടമാണ് അറിവും അനുഭവവും സമന്വയിച്ച സഖാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണംമൂലമുണ്ടായിട്ടുള്ളത്. വിദ്യാര്‍ഥിജീവിത ഘട്ടംമുതല്‍ എന്നും സമൂഹത്തെ പുരോഗമനോന്മുഖമായി മാറ്റിയെടുക്കാനുള്ള വിശ്രമരഹിതമായ ശ്രമങ്ങളുടെ പാതയിലായിരുന്നു സി കെ ചന്ദ്രപ്പന്‍ . പാര്‍ടിയുടെ നയഘടനയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് അദ്ദേഹം അനവരതം അതിനായി ശ്രമിച്ചു. വിദ്യാര്‍ഥിസംഘടനാ നേതാവ്, യുവജനനേതാവ്, നിയമസഭാ സാമാജികന്‍ , പാര്‍ലമെന്റേറിയന്‍ , പാര്‍ടി നേതാവ് എന്നിങ്ങനെ പല നിലകളിലായി അദ്ദേഹം നടത്തിയിട്ടുള്ള അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളസമൂഹത്തിന്റെ മനസ്സില്‍നിന്ന് മാഞ്ഞുപോകാത്തവിധം പതിഞ്ഞുനില്‍ക്കുന്ന ഒന്നായി ആ വ്യക്തിത്വത്തെ മാറ്റി.
ReplyDelete