Friday, March 23, 2012

എംഎല്‍എയെ മര്‍ദ്ദിച്ച പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു: വി എസ്

എംഎല്‍എക്കെതിരായ കയ്യേറ്റം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

കൊയിലാണ്ടി എംഎല്‍എ കെ ദാസനെ പൊലീസ് അതിക്രമിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. നിയമസഭാ സമ്മേളനം തീരും മുന്‍പ് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ചത്.

നേരത്തെ സ്വാശ്രയപ്രവേശനത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായുള്ള സര്‍ക്കാര്‍ ധാരണയ്ക്കെതിരെയുള്ള അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എം എ ബേബിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ക്രമവിരുദ്ധമായാണ് ധാരണയിലെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. മെറിറ്റ്സീറ്റില്‍ കുറഞ്ഞഫീസില്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശം ഇല്ലാതാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അടിയന്തരപ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

അന്‍പത് ശതമാനം മെറിറ്റ് സീറ്റില്‍ ക്രമാതീതമായി ഫീസ് വര്‍ധനയുണ്ടാകില്ലെന്നും ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാനേജ്മെന്റുകളുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫീസ് ഘടനയില്‍ വര്‍ധനയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചത്.

എംഎല്‍എയെ മര്‍ദ്ദിച്ച പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നു: വി എസ്

കൊയിലാണ്ടി എംഎല്‍എ കെ ദാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പൊലീസിന്റെ വാദം മാത്രമാണ് കണക്കിലെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ദാസന്‍ എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റതിന് വ്യക്തമായ തെളിവുണ്ടെന്ന് വി എസ് പറഞ്ഞു. മര്‍ദ്ദനമേറ്റ് ചോരപ്പാടുള്ള വസ്ത്രം തെളിവായി നല്‍കിയിരുന്നു. പൊലീസിന്റെ തെറ്റുകള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എംഎല്‍എയെ മോശക്കാരനായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. താമരശേരി ഡിവൈഎസ്പി ജെയ്സന്‍ എബ്രഹാം പറഞ്ഞതനുസരിച്ച് ഒരു പ്രശ്നത്തിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്കായാണ് എംഎല്‍എ പൊലീസ് സ്റ്റേഷനിലെത്തിയത്.

പ്രശ്നത്തിന്റെ ഒത്തുതീര്‍പ്പിനായി വിളിച്ച തന്നെ കൊയിലാണ്ടി സിഐയുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് കെ ദാസന്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നതായും എംഎല്‍എ പറഞ്ഞു. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 190/2012 നമ്പറിലായി സിഐയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിവൈഎസ്പി പറഞ്ഞിരുന്നതായും എംഎല്‍എ വ്യക്തമാക്കി.

എന്നാല്‍ പൊലീസുകാര്‍ക്കെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ആരോപണവിധേയനായ കൊയിലാണ്ടി സിഐയുടെ മൊഴിയാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. ഈ സംഭവത്തില്‍ ഒരു തരത്തിലുള്ള അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എംഎല്‍എക്കെതിരായ ദുരനുഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ചതെന്ന് വി എസ് വ്യക്തമാക്കി.

deshabhimani news

1 comment:

  1. കൊയിലാണ്ടി എംഎല്‍എ കെ ദാസനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പൊലീസിന്റെ വാദം മാത്രമാണ് കണക്കിലെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ദാസന്‍ എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റതിന് വ്യക്തമായ തെളിവുണ്ടെന്ന് വി എസ് പറഞ്ഞു. മര്‍ദ്ദനമേറ്റ് ചോരപ്പാടുള്ള വസ്ത്രം തെളിവായി നല്‍കിയിരുന്നു. പൊലീസിന്റെ തെറ്റുകള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എംഎല്‍എയെ മോശക്കാരനായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

    ReplyDelete