Sunday, March 4, 2012

ചേറ്റുവ ടോള്‍പ്പിരിവ്: താക്കീതായി സിപിഐ എം പ്രക്ഷോഭം

നാട്ടിക: അന്യായമായ ചേറ്റുവ ടോള്‍ പിരിവിനെതിരെ സിപിഐ എം നാട്ടിക, ചാവക്കാട് ഏരിയ കമ്മിറ്റികള്‍ സംഘടിപ്പിച്ച ചേറ്റുവ ടോള്‍ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. കാല്‍ നൂറ്റാണ്ടായി നീതീകരണമില്ലാത്തവിധം ചേറ്റുവ ടോള്‍ പിരിവ് തുടരുന്നതിനെതിരെയാണ് സമരം. 1986ല്‍ ആരംഭിച്ച ടോള്‍ പിരിവ് ഇന്നും തുടരുന്നു. പാലത്തിനായി പണി ചെയ്തതിന്റെ പതിന്മടങ്ങ് കോടി ലാഭം കിട്ടിയിട്ടും അധികാരികള്‍ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നില്ല. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ നിയമസഭയില്‍ രണ്ടുതവണ സബ്മിഷന്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ടോള്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുന്നില്ല. സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ പ്രകടനം ചേറ്റുവ എംഇഎസ് സെന്ററില്‍നിന്നും ചാവക്കാട് ഏരിയ കമ്മിറ്റിയുടെ പ്രകടനം ഒരുമനയൂര്‍ മുത്തമ്മാവില്‍നിന്ന് ആരംഭിച്ചു. ഇരുപ്രകടനങ്ങളും ചേറ്റുവ ടോളില്‍ സംഗമിച്ചു. സമരത്തെ നേരിടാന്‍ ചാവക്കാട്, വലപ്പാട്, സിഐമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം എത്തിയിരുന്നു. പ്രകടനത്തെ ടോള്‍ ബൂത്തിന് മുന്നില്‍ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി.

തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ , സിഐടിയു ജില്ലാ ട്രഷറര്‍ കെ വി പീതാംബരന്‍ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മണി എന്നിവര്‍ സംസാരിച്ചു. നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ് സ്വാഗതവും ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് നന്ദിയും പറഞ്ഞു.

മാര്‍ച്ച് 31നകം ചേറ്റുവയിലെ ടോള്‍ പിരിവ് അവസാനിപ്പിച്ചില്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ സിപിഐ എം അനുവദിക്കില്ലെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. കേരളത്തില്‍നിന്നുള്ള ആറ് പേര്‍ കേന്ദ്രത്തില്‍ മന്ത്രിമാരാണ്. ഇവര്‍ ഗ്രൂപ്പ് യോഗം ചേരാനും തൃശൂരില്‍ വരുന്നുണ്ട്. ഇവരൊന്നും വിചാരിച്ചാല്‍ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. പുതുപൊന്നാനിയിലെ ടോള്‍ പിരിവ് നിര്‍ത്തിയപ്പോള്‍ ഒരു ഭൂകമ്പവും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ അധികൃതരെ ഓര്‍മിപ്പിച്ചു. 31നകം ടോള്‍ പിരിവ് നിര്‍ത്തുന്നതിനുള്ള നടപടി എടുക്കണം. തീരുമാനമെടുക്കാന്‍ വൈകുകയാണെങ്കില്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേരളം ഭരിക്കുന്ന യുഡിഎഫിനാണ്. പ്രഖ്യാപനം യഥാര്‍ഥ്യമാക്കാന്‍ ജനങ്ങളുടെ സഹായസഹകരണം ആവശ്യമാണ്. ഈ രാഷ്ട്രീയമര്യാദയാണ് സിപിഐ എം പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം പിന്‍വലിച്ചില്ല ലാലൂരിലേക്ക് മാലിന്യം നീക്കാന്‍ വാഹന ടെന്‍ഡര്‍

തൃശൂര്‍ : നഗരത്തിലെ മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള വികേന്ദ്രീകൃത സംസ്കരണ പദ്ധതിയില്‍ നിന്ന് കോര്‍പറേഷന്‍ പിന്നോട്ട്. ലാലൂരിലെ മാലിന്യക്കൂമ്പാരം നീക്കുമെന്നും വികേന്ദ്രീകൃതമായി സംസ്കരിക്കുമെന്നും പറയുന്ന ഭരണക്കാര്‍ കേന്ദ്രീകൃത സംസ്കരണം ഉപേക്ഷിക്കുന്നില്ല. മാലിന്യമല നീക്കുമെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചശേഷം ലാലൂരിലേക്ക് കൂടുതല്‍ മാലിന്യം തള്ളാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ലാലൂരിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ കൂടുതല്‍ വാഹനങ്ങള്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചത്. ജനരോഷം ഭയന്ന് വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ ഭരണപക്ഷം തന്നെയാണ് മാലിന്യം ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത്. ഫെബ്രുവരി 23 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം. ഭരണസമിതിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം വിവാദനീക്കത്തിനെതിരെ പ്രതികരിച്ചു. എന്നാല്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ടെന്‍ഡര്‍ തീരുമാനത്തിന് പിന്നില്‍ ഗൂഢനീക്കമുണ്ട്. മാലിന്യമലയില്‍ നിന്ന് മണ്ണ് നീക്കിത്തുടങ്ങി എന്ന തോന്നലുളവാക്കി ലാലൂരിലേക്ക് മാലിന്യം തള്ളല്‍ പഴയ പടി ആരംഭിക്കാനാണ് ശ്രമം. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് സ്ഥലം കണ്ടെത്തുമെന്ന് പറയുന്നവര്‍ ലാലൂര്‍ ലക്ഷ്യമിട്ട് നീങ്ങുന്നതില്‍ സംശയമുയര്‍ത്തുന്നുണ്ട്. ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനത്തെ ലാലൂര്‍ വിഷയത്തില്‍ നിരാഹാരം നടത്തിയവരും എതിര്‍ത്തിട്ടില്ലെന്നത് സംശയം വര്‍ധിപ്പിക്കുന്നു. ലാലുരിലെ മാലിന്യമണ്ണ് വളമാണെന്ന് പ്രചരിപ്പിച്ച് കൗണ്‍സിലര്‍മാരുടെ പറമ്പുകളിലും മറ്റും തട്ടാനുള്ള നീക്കവും വിജയിച്ചില്ല. ചുരുങ്ങിയത് അരലക്ഷം ലോഡ് മാലിന്യമെങ്കിലും കുമിഞ്ഞ് കൂടിയിരിക്കുന്ന ലാലൂരിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നിന്ന് നാല് ലോറി മണ്ണ് മാത്രമാണ് നീക്കിയത്. 300 ലോഡിന് അപേക്ഷ കിട്ടിയിട്ടുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. ശനിയാഴ്ച ഒരുതരി മണ്ണുപോലും ലാലൂരില്‍ നിന്ന് നീക്കിയിട്ടില്ല. വളമെന്ന് ചില പത്രങ്ങള്‍ പ്രചരിപ്പിക്കുന്ന മാലിന്യമണ്ണില്‍ പ്ലാസ്റ്റിക് മാത്രമേയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. പ്ലാസ്റ്റിക് വേര്‍തിരിക്കല്‍ കാര്യക്ഷമമായി നടക്കാത്തതാണ് വിനയായത്. നഗരമാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതല്ലാതെ മറ്റൊരു മാര്‍ഗവും കണ്ടെത്തുന്നില്ല.

deshabhimani 040312

1 comment:

  1. അന്യായമായ ചേറ്റുവ ടോള്‍ പിരിവിനെതിരെ സിപിഐ എം നാട്ടിക, ചാവക്കാട് ഏരിയ കമ്മിറ്റികള്‍ സംഘടിപ്പിച്ച ചേറ്റുവ ടോള്‍ മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. കാല്‍ നൂറ്റാണ്ടായി നീതീകരണമില്ലാത്തവിധം ചേറ്റുവ ടോള്‍ പിരിവ് തുടരുന്നതിനെതിരെയാണ് സമരം. 1986ല്‍ ആരംഭിച്ച ടോള്‍ പിരിവ് ഇന്നും തുടരുന്നു. പാലത്തിനായി പണി ചെയ്തതിന്റെ പതിന്മടങ്ങ് കോടി ലാഭം കിട്ടിയിട്ടും അധികാരികള്‍ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നില്ല. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ നിയമസഭയില്‍ രണ്ടുതവണ സബ്മിഷന്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ടോള്‍ അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കുന്നില്ല.

    ReplyDelete