Friday, March 2, 2012

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുഞ്ഞുങ്ങളുടെ അന്നംമുട്ടിക്കരുത്

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം പല ജനദ്രോഹ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. ഹൈക്കോടതി വിധിയെപ്പോലും പരസ്യമായി ലംഘിക്കുന്ന കോടതിയലക്ഷ്യത്തിലേക്കും ആ ധാര്‍ഷ്ട്യം എത്തിനില്‍ക്കുന്നു. നിയമവിരുദ്ധമായി കേരള ശിശുക്ഷേമസമിതി പിരിച്ചുവിടുകയും അതിനെതുടര്‍ന്നുണ്ടായിരിക്കുന്ന പ്രതിസന്ധിയും അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. 1960ലാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം ശിശുക്ഷേമ സമിതി രജിസ്റ്റര്‍ചെയ്തത്. പുതിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും അത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിനുമായി 1966ല്‍തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറുമായി അഫിലിയേറ്റുചെയ്യുകയും ചെയ്തു.

1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ പ്രസിഡന്‍റും സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി സുശീലാഗോപാലന്‍ വൈസ്പ്രസിഡന്‍റുമായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ജനറല്‍ബോഡി യോഗം അതിന്റെ നിയമാവലി അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. ഈ നിയമാവലി അനുസരിച്ച് ഇതിന്റെ ഭരണം നിര്‍വഹിക്കുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള ചുമതല 7 അംഗങ്ങളടങ്ങുന്ന സ്റ്റാന്‍റിംഗ് കമ്മിറ്റിക്കാണ്. സമിതിയില്‍ ആജീവനാന്ത മെമ്പര്‍ഷിപ്പുള്ളവരില്‍നിന്നും തികച്ചും ജനാധിപത്യപരമായ രീതിയിലാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട 7 പേരടങ്ങിയ കമ്മിറ്റിക്കുമാത്രമേ മെമ്പര്‍ഷിപ്പ് തള്ളാനും കൊള്ളാനുമുള്ള അധികാരമുള്ളൂ. ഇടതുപക്ഷ ഭരണകാലത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കൈവരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ ഉത്തമ മാതൃകയായിരുന്നു. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മത്തൊട്ടില്‍ പദ്ധതി അത്തരത്തിലൊന്നാണ്. പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞുങ്ങള്‍ മുതല്‍ അഞ്ചുവയസ്സുവരെയുള്ള 57 കുട്ടികള്‍ ഇവിടെയുണ്ട്. അവരെ നോക്കാനായി ആയമാര്‍ , നഴ്സുമാര്‍ , ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ അന്‍പതിലേറെ ജീവനക്കാരുമുണ്ട്. കേരളത്തിലുടനീളം അറുപത് ക്രഷുകളുണ്ടായിരുന്നത് 260 ആയി വര്‍ദ്ധിച്ചു. രണ്ട് അംഗന്‍വാടി ട്രെയിനിംഗ് സെന്‍ററുകള്‍ ഉണ്ടായിരുന്നത് പത്തെണ്ണമായി. അങ്ങനെ ഇടതുപക്ഷ സര്‍ക്കാരിന്റെകാലത്ത് നടന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ സമിതിക്ക് വന്‍ പുരോഗതി നേടിക്കൊടുത്തു. അതിന്റെ നേട്ടങ്ങള്‍ അനാഥരായ കുഞ്ഞുങ്ങള്‍ അനുഭവിച്ചു വരികയുമായിരുന്നു. ഭരണം നഷ്ടമാവുംമുമ്പേ കയ്യില്‍ കിട്ടിയതെല്ലാം വാരിയെടുത്ത് കീശയിലാക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആര്‍ത്തിയാണ് ശിശുക്ഷേമ സമിതിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് നിദാനം.

ഭരണസമിതിയുടെ കാലാവധിയായ മൂന്നുവര്‍ഷത്തില്‍ ഇനി ഒരു വര്‍ഷംകൂടി ബാക്കിനില്‍ക്കെ സര്‍ക്കാര്‍ പ്രത്യേക അധികാരമുപയോഗിച്ച് സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ സ്ഥിരാംഗങ്ങളായ 5 പേരെ അയോഗ്യരാക്കി. അങ്ങനെ വന്നപ്പോള്‍ സ്വാഭാവികമായും അവരുടെ മെമ്പര്‍ഷിപ്പ് ക്യാന്‍സലായി. അങ്ങനെ അവര്‍ ഭരണസമിതിക്കു പുറത്തായി. "അഴിമതി"യാരോപണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനു നല്‍കുന്ന ന്യായീകരണം. അഖിലേന്ത്യാ ശിശുക്ഷേമസമിതി പ്രസിഡന്‍റ് ഗീതാ സിദ്ധാര്‍ത്ഥയും ഡല്‍ഹിയിലെ അന്വേഷണ ഉദ്യോഗസ്ഥരും നടത്തിയ അന്വേഷണത്തില്‍ യാതൊരു അഴിമതിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇത്തരമൊരവസരത്തിലാണ് സുനില്‍ സി കുര്യന്‍ , ചെമ്പഴന്തി അനില്‍ എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റുചെയ്തത്. അവരെ നോമിനേറ്റ് ചെയ്തുകൊണ്ട് ജനുവരി 28നുണ്ടായ ഉത്തരവ് നിലവിലുള്ള ഭരണസമിതിയംഗങ്ങള്‍ അറിയുംമുമ്പേതന്നെ 29ന് പുറത്തിറങ്ങിയ മലയാള മനോരമയില്‍ ശിശുക്ഷേമസമിതി പിരിച്ചുവിട്ടതായുള്ള വാര്‍ത്തവന്നു. സര്‍ക്കാര്‍ നോമിനികള്‍ പൊലീസ് സഹായത്തോടുകൂടി അനധികൃതമായി സമിതി ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകടക്കുകയും അലമാരയിലെ റെക്കോര്‍ഡുകള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. സമിതിയുടെ ഭരണഘടനപ്രകാരം സ്റ്റാന്‍റിംഗ് കമ്മിറ്റിയിലെ ആരെയും തള്ളാനോ കൊള്ളാനോ അധികാരമില്ലെന്നിരക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ അധികാര ബലപ്രയോഗത്തിനെതിരെ ഭരണസമിതിയംഗങ്ങള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തു. നിലവിലുള്ള ഭരണസമിതി അധികാരത്തില്‍ തുടരണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നോമിനികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ബഞ്ച് തള്ളി. സമിതിയുടെ നിയമാവലിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. സത്യാവസ്ഥ ഇതായിരിക്കെ സര്‍ക്കാരിന്റെ തല്‍പരകക്ഷികളെ പൊലീസ് അകമ്പടിയോടെ ഭരണസമിതിയില്‍ കുത്തിത്തിരുകാനുള്ള കുത്സിത ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ശിശുക്ഷേമസമിതിയില്‍ ഭരണസ്തംഭനാവസ്ഥ നിലനില്‍ക്കുന്നു.

സംസ്ഥാനത്തൊട്ടാകെ 260 ഓളം വരുന്ന ക്രഷുകളിലെ ജോലിക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം ഇതുവരെയും നല്‍കിയിട്ടില്ല. അതുപോലെതന്നെ അംഗന്‍വാടി ട്രെയിനിംഗ് സെന്‍ററുകളിലെ അധ്യാപകരുടെ കാര്യവും. ഇതിനെല്ലാം ഉപരിയായി അവിടുത്തെ കുട്ടികളുടെ കാര്യമാണ് ആശങ്കാജനകം. അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും മരുന്നിനുമുള്ള ചെലവ് മുന്‍നീക്കിയിരിപ്പുള്ളതുകൊണ്ട് ഇതുവരെ മുടങ്ങാതെ നടന്നുവെങ്കിലും സര്‍ക്കാരിന്റെ ഈ പിടിവാശി തുടരുകയാണെങ്കില്‍ നിരാശ്രയരും നിരാലംബരുമായ കുട്ടികള്‍ പട്ടിണികിടക്കേണ്ട അവസ്ഥയിലെത്തിച്ചേരും. നിലവിലുള്ള ഭരണസമിതി തുടരട്ടെ എന്ന ഹൈക്കോടതി സിംഗില്‍ബഞ്ചിെന്‍റയും ഡിവിഷന്‍ ബഞ്ചിെന്‍റയും വിധി നിലനില്‍ക്കെ പുതിയ ഭരണസമിതിയുണ്ടാക്കാന്‍ യുഡിഎഫ് ഗവണ്‍മെന്റ് നടത്തുന്ന ബലപ്രയോഗം നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയും അവഹേളനവുമാണ്. അധികാരത്തിന്റെ അപ്പക്കഷ്ണത്തോടുള്ള ആര്‍ത്തിക്കുവേണ്ടി അനാഥരായ കുഞ്ഞുങ്ങളെ ബലിയാടാക്കരുത്.

കെ ആര്‍ മായ chintha 020312

1 comment:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം പല ജനദ്രോഹ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. ഹൈക്കോടതി വിധിയെപ്പോലും പരസ്യമായി ലംഘിക്കുന്ന കോടതിയലക്ഷ്യത്തിലേക്കും ആ ധാര്‍ഷ്ട്യം എത്തിനില്‍ക്കുന്നു. നിയമവിരുദ്ധമായി കേരള ശിശുക്ഷേമസമിതി പിരിച്ചുവിടുകയും അതിനെതുടര്‍ന്നുണ്ടായിരിക്കുന്ന പ്രതിസന്ധിയും അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. 1960ലാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം ശിശുക്ഷേമ സമിതി രജിസ്റ്റര്‍ചെയ്തത്. പുതിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും അത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്നതിനുമായി 1966ല്‍തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറുമായി അഫിലിയേറ്റുചെയ്യുകയും ചെയ്തു.

    ReplyDelete