യുഡിഎഫ് സര്‍ക്കാരിന്റെ ഒത്താശയോടെ ബിഒടി കമ്പനിക്കാര്‍ ഏകപക്ഷീയമായി ദേശീയപാത പാല്യേക്കരയില്‍ നടത്തുന്ന ടോള്‍ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നടത്തുന്ന സമരസന്ദേശ പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു. 40 കി. മീ. മാത്രമുള്ള മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്താന്‍പോലും തയ്യാറാകാതെ ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന ടോള്‍ വാങ്ങുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ഉദ്ഘാടനയോഗത്തില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് ജാഥാ ക്യാപ്റ്റന്‍ ബി ഡി ദേവസി എംഎല്‍എക്ക് പതാക കൈമാറി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു എംപി സമര സന്ദേശ പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ , ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി കെ ചന്ദ്രന്‍ , മുരളി പെരുനെല്ലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മുരളീധരന്‍ , ആര്‍ ബിന്ദു, ജാഥാ വൈസ് ക്യാപ്റ്റന്‍ സി രവീന്ദ്രനാഥ് എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി. പി കെ ഷാജന്‍ സ്വാഗതവും വര്‍ഗീസ് കണ്ടംകുളത്തി നന്ദിയും പറഞ്ഞു. സി രവീന്ദ്രനാഥ് എംഎല്‍എ വൈസ് ക്യാപ്റ്റനായ സമരപ്രചാരണജാഥയില്‍ പി തങ്കം, കെ ജെ ഡിക്സണ്‍ , ഇ സി സുരേഷ്, കെ എം വാസുദേവന്‍ , ഹൈമാവതി ശിവന്‍ എന്നിവര്‍ അംഗങ്ങളാണ്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വര്‍ഗബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ഉപരോധസമരവും സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ പത്തിന് രാവിലെ 9.30ന് മണ്ണുത്തിയില്‍നിന്ന് ജാഥാപര്യടനം ആരംഭിക്കും. 10.15ന് കുട്ടനെല്ലൂര്‍ , 11ന് പുത്തൂര്‍ എന്നിവിടങ്ങളിലും 12ന് നായരങ്ങാടിയിലും 2.30ന് തലോരിലും 3.15ന് പാലിയേക്കരയിലും 4ന് ആമ്പല്ലൂരിലും 4.45ന് മണ്ണംപേട്ടയിലും 5.30ന് വരന്തരപ്പിള്ളിയിലും പര്യടനം പൂര്‍ത്തിയാക്കി വിശദീകരണയോഗം സംഘടിപ്പിക്കും. 11ന് രാവിലെ 9.30ന് പുതുക്കാടും 10.15ന് നന്തിക്കരയിലും 11ന് കൊടകരയിലും 12ന് കോടാലിയിലും 2.30ന് ചൗക്കയിലും 3.15ന് പോട്ട സെന്ററിലും 4ന് ചാലക്കുടിയിലും 4.45ന് മേലൂരിലും പര്യടനം നടത്തി വൈകിട്ട് 5.30ന് കൊരട്ടിയില്‍ സമാപിക്കും.
വികസനത്തിന്റെ മറവില്‍ കൊള്ള അനുവദിക്കില്ല: പി കെ ബിജു
മണ്ണുത്തി-അങ്കമാലി ദേശീയപാത നാലവുരിയായി വികസിപ്പിക്കാന്‍ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു എംപി ആവശ്യപ്പെട്ടു. ടോള്‍കൊള്ളയ്ക്കെതിരെ സിപിഐ എമ്മിന്റെ സമര സന്ദേശ പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു ബിജു.
ഓരോ ദിവസവും എത്ര വാഹനങ്ങള്‍ ടോള്‍ ബൂത്തിലൂടെ പോകുന്നുവെന്നും എത്ര ദിവസംകൊണ്ട് മുടക്കിയ മുതല്‍ കിട്ടുമെന്നും വെളിപ്പെടുത്തണം. നാടിന്റെ വികസനത്തോട് എതിര്‍പ്പുള്ള പാര്‍ടിയല്ല സിപിഐ എം. എന്നാല്‍ , അതിന്റെ മറവില്‍ കൊള്ള നടത്താന്‍ അനുവദിക്കില്ലെന്നും ബിജു പറഞ്ഞു. ലാഭത്തിനായി ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്വകാര്യ മൂലധനത്തിന്റെ കുത്തൊഴുക്കിനെ സിപിഐ എം എതിര്‍ത്തപോലെ രാജ്യത്ത് ഒരു പാര്‍ടിയും എതിര്‍ത്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. ടോള്‍പിരിവ് നടത്തുന്ന കമ്പനിയുമായി കോണ്‍ഗ്രസ് എംപിമാര്‍ക്ക് ബന്ധമുണ്ട് എന്ന് വാര്‍ത്ത വന്നിരുന്നു. പാല്യേക്കരയില്‍ സമരം ചെയ്യുന്നവര്‍ ഇവര്‍ക്കെതിരെയും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയ ഉമ്മന്‍ ചാണ്ടിക്കെതിരെയും ശബ്ദിക്കാത്തത് ജനം തിരിച്ചറിയും. സമരം സിപിഐ എം വിരുദ്ധ വേദിയാക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 100312
No comments:
Post a Comment