Saturday, March 10, 2012

കൊയിലാണ്ടിയില്‍ പൊലീസ് ഭീകരത ലാത്തിച്ചാര്‍ജില്‍ എംഎല്‍എയ്ക്കടക്കം പരിക്ക്

അന്യായമായി കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പൊലീസ്സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തിയടിയേറ്റ് കെ ദാസന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സ്റ്റേഷന്‍ വളപ്പില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നരനായാട്ട് നടത്തിയത്. ലാത്തിയടിയേറ്റ് വീണ എംഎല്‍എ കെ ദാസന് കൈക്കാണ് പരിക്ക്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ വൈകിട്ട് സമാധാനപരമായി തുടങ്ങിയ കുത്തിയിരിപ്പ് സമരത്തെയാണ് പൊലീസ് പ്രകോപനം സൃഷ്ടിച്ച് ലാത്തിച്ചാര്‍ജ് നടത്തിയത്. ഡിവൈഎഫ്ഐ വില്ലേജ് ജോയിന്റ് സെക്രട്ടറി വാരാമ്പലത്ത് ദിനേശ(32)നെ ജോലിസ്ഥലത്തുവച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നരവര്‍ഷംമുമ്പ് നടന്ന വീടാക്രമണക്കേസില്‍ പ്രതിയാണെന്നായിരുന്നു പൊലീസിന്റെ മറുപടി. നിരപരാധിയാണെന്ന് സ്റ്റേഷനിലെത്തിയ ഏരിയാസെക്രട്ടറി കെ കെ മുഹമ്മദും എന്‍ വി ബാലകൃഷ്ണനും അറിയിച്ചു. എന്നാല്‍ എസ് ഐ സുനില്‍കുമാര്‍ നേതാക്കളോട് തട്ടിക്കയറുകയാണ് ചെയ്തത്. ഇതോടെയാണ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. വിവരമറിഞ്ഞ് ധാരാളം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. കെ ദാസന്‍ എംഎല്‍എ സിഐയോട് സംസാരിച്ചെങ്കിലും തീരുമാനമായില്ല. പിന്നീട് ഡിവൈഎസ്പി സ്റ്റേഷനിലെത്തുന്നുണ്ടെന്ന് എംഎല്‍എയെ അറിയിച്ചു. ഡിവൈഎസ്പിയുമായി സംസാരിച്ചശേഷം സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകാമെന്ന തീരുമാനത്തിലായിരുന്നു നേതാക്കള്‍ .

എന്നാല്‍ ഡിവൈഎസ്പി എത്തുന്നതിനുമുമ്പ് സ്റ്റേഷന്‍വളപ്പില്‍നിന്ന് പിരിഞ്ഞുപോകണമെന്ന് സിഐയും എസ്ഐയും ആവശ്യപ്പെട്ടു. "ഇല്ലെങ്കില്‍ നിങ്ങളെ പിരിച്ചയക്കാന്‍ ഞങ്ങള്‍ക്കറിയാം" എന്ന് ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച് ലാത്തിച്ചാര്‍ജും ടിയര്‍ഗ്യാസും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സിഐ ആര്‍ ഹരിദാസനും എസ് ഐ സുനില്‍കുമാറും ചേര്‍ന്നാണ് കെ ദാസനെ മര്‍ദിച്ചത്. ലാത്തിയടിയേറ്റ് വീണ എംഎല്‍എയെ ആശുപത്രിയിലെത്തിക്കാനും പൊലീസ് തയ്യാറായില്ല. ഒരുവിഭാഗം പ്രവര്‍ത്തകരെ ലാത്തിപ്രയോഗം നടത്തി ഗെയിറ്റിന് പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും നൂറോളം പ്രവര്‍ത്തകര്‍ രാത്രി വൈകിയും സ്റ്റേഷനകത്ത് കുത്തിയിരിപ്പ് നടത്തി. ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ്, എന്‍ വി ബാലകൃഷ്ണന്‍ , കന്മന ശ്രീധരന്‍ , യു കെ ഡി അടിയോടി, ടി കെ ചന്ദ്രന്‍ , ടി ഗോപാലന്‍ , നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, വി സുന്ദരന്‍ , സി അശ്വനിദേവ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

പൊലീസ് നരനായാട്ടിലും പിന്‍മാറാതെ കുത്തിയിരിപ്പ് സമരം

കൊയിലാണ്ടി: പൊലീസ് നരനായാട്ട് നടത്തിയിട്ടും പിരിഞ്ഞുപോകാതെ അഞ്ച് മണിക്കൂറോളം സ്ത്രീകള്‍ ഉള്‍പ്പെട്ട സിപിഐ എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പു സമരം നടത്തി. കസ്റ്റഡിയിലെടുത്ത നിരപരാധി വി പി ദിനേശനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഐ എം ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. വൈകിട്ട് ആറോടെ ഗേറ്റില്‍ ഉയര്‍ത്തിയ ചെങ്കൊടി വലിച്ചുകീറിയാണ് സിഐ ആര്‍ ഹരിദാസ് പ്രകോപനമുണ്ടാക്കി ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയത്. കെ ദാസന്‍ എംഎല്‍എയെ ക്രൂരമായി മര്‍ദിക്കുകയും നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്തയെ ലാത്തികൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ടിയര്‍ ഗ്യാസ് പൊട്ടിച്ച് പ്രവര്‍ത്തകരെ ഗേറ്റിനു പുറത്തേക്ക് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും നൂറോളം വരുന്ന പ്രവര്‍ത്തകര്‍ സ്റ്റേഷനകത്തു തന്നെ കുത്തിയിരുന്ന് സിപിഐ എമ്മിന്റെ കരുത്ത് തെളിയിച്ചു.

പൊലീസിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി സിജേഷ്(36), സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം സുധാകരന്‍ സുകന്യ(45), ഫാസില്‍ (25)എന്നിവര്‍ക്കും പരിക്കേറ്റു. വിവരമറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ഭാസ്കരന്‍ , പി മോഹനന്‍ , പി വിശ്വന്‍ , എം മെഹബൂബ്, കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ സ്ഥലത്തെത്തി. പിന്നീട് സ്ഥലത്തെത്തിയ ഡിവൈഎസ്പിയും നേതാക്കളുമായി സംസാരിച്ച് തീരുമാനമുണ്ടാക്കിയ ശേഷം രാത്രി പത്തോടെയാണ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പ് വിട്ടത്. എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കും. സമര കേന്ദ്രത്തില്‍ നിന്നും ചെങ്കൊടി വലിച്ചുകീറിയ സിഐയുടെ നടപടി അന്വേഷിക്കും. പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ച നിരപരാധി വി പി ദിനേശനെ തെളിവെടുപ്പിനു ശേഷം വിട്ടയക്കും എന്നീ തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ കൈക്കൊണ്ടത്.

സിപിഐ എം പ്രതിഷേധിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ കെ ദാസന്‍ എംഎല്‍എയെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അക്രമം നടത്തിയത്. പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പൊലീസ് സംഘം എംഎല്‍എയെ അകാരണമായി തല്ലിച്ചതക്കുകയായിരുന്നു. മര്‍ദനം തടഞ്ഞ സിപിഐ എം പ്രവര്‍ത്തകരേയും മൃഗീയമായി തല്ലി. എംഎല്‍എയെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള പൊലീസ് നീക്കം അവസാനിപ്പിക്കണം. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നിയമസഭാ മണ്ഡലത്തിലും അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലും സിപിഐ എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ ദാസന്‍ എംഎല്‍എയേയും സംഭവസ്ഥലവും സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം ഭാസ്കരന്‍ , പി മോഹനന്‍ , എം മെഹ്ബൂബ്, കെ പി കുഞ്ഞമ്മദ് കുട്ടി, പി വിശ്വന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

യുഡിഎഫ് പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു: കോടിയേരി

യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ വ്യാപകമായി രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴക്കൂട്ടം ഏരിയയില്‍ യുവജന, വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പൊലീസ്- ഗുണ്ടാ അതിക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തില്‍ കഴക്കൂട്ടം സിഐ ഓഫീസിലേക്ക് സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളേജുകളില്‍ സംഘര്‍ഷമുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നു. പൊലീസ് പലപ്പേഴും അവരുമായി കൈകോര്‍ക്കുന്നു. വട്ടപ്പാറയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പെണ്‍കുട്ടി കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടിട്ട് രണ്ടുദിവസം കഴിഞ്ഞിട്ടും റൂറല്‍ പൊലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല. കുട്ടികള്‍ക്ക് വീട്ടില്‍പോലും സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരം കേസുകള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത പൊലീസ് നിരപരാധികളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി കള്ളക്കേസെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി ബിജു അധ്യക്ഷനായി. കഴക്കൂട്ടം ബൈപാസില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് യുവജന- വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ അണിനിരന്നു. കഴക്കൂട്ടം മേഖലയിലെ വിവിധ കോളേജില്‍ ആക്രമണം അഴിച്ചുവിടുന്ന കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതിലും ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

deshabhimani 100312

1 comment:

  1. അന്യായമായി കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി പൊലീസ്സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തിയടിയേറ്റ് കെ ദാസന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സ്റ്റേഷന്‍ വളപ്പില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നരനായാട്ട് നടത്തിയത്. ലാത്തിയടിയേറ്റ് വീണ എംഎല്‍എ കെ ദാസന് കൈക്കാണ് പരിക്ക്. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തോളം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

    ReplyDelete