പിറവം ഉപതെരഞ്ഞെടുപ്പുഫലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കെട്ടുറപ്പിനും ഭരണസ്ഥിരതയ്ക്കുമുള്ള ഔഷധമാകില്ല. മന്ത്രിയായി ഭരണം തുടങ്ങുംമുമ്പേ വേര്‍പിരിഞ്ഞ ടി എം ജേക്കബ്ബിനോടുള്ള സഹതാപം മകന്‍ അനൂപിന്റെ വിജയത്തിന് പ്രധാന കാരണമായി. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണത്തെതുടര്‍ന്നുണ്ടായ സഹതാപതരംഗം കോണ്‍ഗ്രസിനെ അന്ന് ദേശീയമായി സഹായിച്ചതുപോലെ ജേക്കബ്ബിന്റെ മരണം പിറവത്ത് യുഡിഎഫിനെ തുണച്ചു. 12070 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടിയതും എല്‍ഡിഎഫ് തോറ്റതും എന്തുകൊണ്ടെന്ന് എല്‍ഡിഎഫ് ടോര്‍ച്ചടിച്ച് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി എ കെ ആന്റണി ഉപദേശിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ സ്വന്തം മനഃസാക്ഷിക്കുനേരെയാണ് ഞെക്കുവിളക്ക് തിരിക്കേണ്ടത്. കാരണം ദേശീയ-സംസ്ഥാന വിഷയങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയപോരാട്ടമാക്കി ബാലറ്റ് അങ്കത്തെ മാറ്റാനാണ് ആദ്യവസാനം എല്‍ഡിഎഫ് ശ്രമിച്ചത്. വിലക്കയറ്റം, അഴിമതി, പത്തുമാസത്തെ യുഡിഎഫ് ഭരണത്തിലെ കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ - ഇതെല്ലാം നിരത്തി. എന്നാല്‍ , സങ്കുചിത ജാതി-മത രാഷ്ട്രീയത്തില്‍ പിറവത്തെ തളയ്ക്കുന്നതില്‍ കോണ്‍ഗ്രസും യുഡിഎഫും പരിശ്രമിക്കുകയും അതില്‍ ജയിക്കുകയും ചെയ്തു. ഇതിനെ ശക്തിപ്പെടുത്തുന്നതായിരുന്നു അവസാന നാളുകളില്‍ മണ്ഡലത്തില്‍ ആന്റണിയുടെ പര്യടനവും. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന വസ്തുത പ്രത്യക്ഷമാക്കി ആ പേരിനെ ഒരു പ്രത്യേക സമുദായവുമായി കൂട്ടിയണക്കി. അങ്ങനെ ന്യൂനപക്ഷവര്‍ഗീയത ഒരു ഭാഗത്ത് കുത്തിയിളക്കി നേട്ടമുണ്ടാക്കി. മെത്രാന്‍ -ബാവാ കക്ഷി തര്‍ക്കത്തെ അതിജീവിക്കുന്ന വര്‍ഗീയയോജിപ്പുണ്ടാക്കി. മറുഭാഗത്ത് എന്‍എസ്എസ്- എസ്എന്‍ഡിപി തുടങ്ങിയ സംഘടനാ നേതാക്കളെ പോക്കറ്റിലാക്കി പ്രചാരണം നടത്തി വോട്ടുചോര്‍ച്ച തടയുകയും ചെയ്തു. ഇങ്ങനെ ജാതി-മത ശക്തികളുടെ ഏകീകരണവും വര്‍ഗീയതയെ നഗ്നമായി ഉപയോഗിക്കുന്നതിലെ കൂസലില്ലായ്മയും അധികാരദുര്‍വിനിയോഗവും യുഡിഎഫ് വിജയത്തിലെ ഘടകങ്ങളാണ്.
ഈ ഘട്ടത്തിലും എല്‍ഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നാലായിരത്തിലധികം വോട്ട് അധികമായി നേടിയെന്നത് പ്രധാനമാണ്. പരമ്പരാഗത യുഡിഎഫ് മണ്ഡലമായ പിറവത്ത് എല്‍ഡിഎഫ് മൂന്നുതവണ ജയിച്ചതും കോണ്‍ഗ്രസിലും യുഡിഎഫിലും വിള്ളലുണ്ടായപ്പോഴാണ്. അനൂപ് ജേക്കബ്ബിന്റെ വിജയം ഉറപ്പിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രണ്ടാഴ്ചമുമ്പ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ടി എം ജേക്കബ് മത്സരിച്ചപ്പോള്‍പോലും ഏഴായിരത്തോളം കോണ്‍ഗ്രസ് വോട്ട് മരവിക്കുകയോ കിട്ടാതിരിക്കുകയോ ചെയ്തെന്നും അതിന് മാറ്റമുണ്ടാകുമെന്നുമാണ്. ഇതടക്കമുള്ള ഘടകങ്ങളാണ് യുഡിഎഫ് ഭൂരിപക്ഷത്തിന് നിദാനം. ഇങ്ങനെ രാഷ്ട്രീയാതീതമായി യുഡിഎഫ് പിറവത്ത് നേടിയ വിജയത്തിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മറുപടി നല്‍കും. ഉപതെരഞ്ഞെടുപ്പ് വിജയവും ഒരു സര്‍ക്കാരിന്റെ നിലനില്‍പ്പും തമ്മില്‍ ബന്ധമില്ലെന്ന് എ കെ ആന്റണി തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 1995ല്‍ മുസ്ലിംലീഗിലെ യു എ ബീരാന്‍ രാജിവച്ച് തിരൂരങ്ങാടിയില്‍ മുഖ്യമന്ത്രിയായി ആന്റണി മത്സരിച്ചപ്പോള്‍ റെക്കോഡ് ഭൂരിപക്ഷമായിരുന്നു. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുകയും നായനാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. 1977ല്‍ കഴക്കൂട്ടത്തെ ഉപതെരഞ്ഞെടുപ്പില്‍ ആന്റണി ജയിച്ചെങ്കിലും മുഖ്യമന്ത്രിയായി അധികനാള്‍ തുടര്‍ന്നില്ല. ഇന്ദിര ഗാന്ധി ജയിച്ച ചിക്കമംഗ്ളൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ ആന്റണി മുഖ്യമന്ത്രിപദം ഒഴിഞ്ഞു. അങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പിലെ വിജയത്തെ ആസ്പദമാക്കി കെട്ടിയടക്കപ്പെടുന്നതല്ല കോണ്‍ഗ്രസിലെയും യുഡിഎഫിലെയും കലഹവും മന്ത്രിസഭയുടെ അകാലത്തിലെ തകര്‍ച്ചയും. കോണ്‍ഗ്രസിലും യുഡിഎഫിലും ശക്തിപ്പെടാന്‍ പോകുന്ന ആഭ്യന്തരക്കുഴപ്പം തടയാനുള്ള ത്രാണി പിറവം ഫലത്തിനില്ല.
(ആര്‍ എസ് ബാബു)
കഴക്കൂട്ടത്തെ ജയകുമാര്‍ അനൂപിന്റെ വീട്ടിലെ വോട്ടര്‍
പിറവം ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തില്‍ യുഡിഎഫ് മതിമറക്കുമ്പോള്‍ മണ്ഡലത്തില്‍ പരക്കെ ചേര്‍ത്ത കള്ളവോട്ടിന്റെ കഥകള്‍ പുറത്ത്. അനൂപ് ജേക്കബിന്റെ വീട്ടില്‍ തന്നെ കള്ളവോട്ട് ചേര്‍ത്തതായും ഉപതെരഞ്ഞെടുപ്പില്‍ ഇവ രേഖപ്പെടുത്തിയതായും വിവരം പുറത്തുവന്നു.
അനൂപ് ജേക്കബ്ബിന്റെ പിതാവ് ടി എം ജേക്കബ്ബിനെ കൂടാതെ പത്ത് വോട്ടര്‍മാരാണ് അനൂപിന്റെ താണിക്കുന്നേല്‍ വീട്ടിലെ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ ഒമ്പത് പേരും വോട്ട് ചെയ്തു. 9-465 നമ്പറിലുള്ള താനിക്കുന്നേല്‍ വീട്ടിലെ ആദ്യപേര് ടി എം ജേക്കബ്ബിന്റെതാണ്. അടുത്ത പേര് ഭാര്യ ആനി ജേക്കബ്ബ്. ജേക്കബ്ബിന്റെ ഡ്രൈവറായിരുന്ന ജയകുമാറിന്റെ പേരിലാണ് മൂന്നാം വോട്ട്. വര്‍ഗീസ് മകന്‍ ജയകുമാര്‍ തെരഞ്ഞെടുപ്പ് ദിവസം കാലത്ത് തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇയാള്‍ കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ തിരുവന്തപരും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കറ്റച്ചക്കോണം വാര്‍ഡില്‍ 921ാം നമ്പര്‍ വോട്ടറാണ്. 11-802 നമ്പറിലുള്ള പുതവല്‍ പുത്തന്‍വീട്ടിലാണ് ഇയാളുടെ വോട്ട്. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ നാലാഞ്ചിറ താമസക്കാരനുമായ ഇയാള്‍ക്ക് പിറവവുമായി ഒരു ബന്ധവുമില്ല. എങ്കിലും വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കഴക്കൂട്ടത്തെ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കിയിട്ടുമില്ല. ഒരു വ്യത്യാസം മാത്രം- പിറവത്ത് ജയകുമാറിന് വയസ്സ് 52. തിരുവനന്തപുരത്ത് 42.
ജേക്കബ്ബിന്റെ വീട്ടിലെ അഞ്ചാമത്തെ വോട്ടര്‍ അയ്യപ്പന്‍ മകന്‍ രവി എന്നയാളാണ്. ആറാമത്തെ വോട്ട് തങ്കപ്പന്‍ മകന്‍ സുമേഷ്. ഏഴാമത്തെ വോട്ടര്‍ അനൂപിന്റെ ഭാര്യ അനിലയും ഒമ്പതാമത്തെ വോട്ടര്‍ അനൂപും പതിനൊന്നാമത്തെ വോട്ടര്‍ മകള്‍ അമ്പിളിയുമാണ്. ഇതിനിടയില്‍ എട്ട്, പത്ത്, 12 നമ്പറുകളിലായി സാലു, അര്‍ജുനന്‍ , സാലി എന്നീ പേരുകളിലും മൂന്ന് വോട്ടര്‍മാര്‍ . ഇവരെല്ലാം അവരുടെ പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികയിലുമുണ്ട്.
യുഡിഎഫ് വിജയം തിന്മയുടെ വഴികളിലൂടെ: എം വി ഗോവിന്ദന്‍
പിറവം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ജനകീയാടിത്തറയ്ക്ക് ഒരുവിധ ക്ഷതവും ഉപതെരഞ്ഞെടുപ്പു ഫലം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സര്‍വ ജാതി-മത ശക്തികളുടെ ധ്രുവീകരണത്തിന്റെയും ജേക്കബ്ഗ്രൂപ്പിനു കിട്ടാതെവന്നിരുന്ന കുറെ കോണ്‍ഗ്രസ് വോട്ടുകള്‍ ഇക്കുറി നേടാന്‍കഴിഞ്ഞതിന്റെയും ഫലമാണ് യുഡിഎഫിന്റെ ജയം. തെറ്റിന്റെ എല്ലാ കുറുക്കുവഴികളെയും അവര്‍ ആശ്രയിച്ചു. തിന്മയുടെ വഴികളിലൂടെയായിരുന്നു അവരുടെ പ്രചാരണം. എന്തുചെയ്തും ജയിക്കുക എന്നതായിരുന്നു അവരുടെ മാര്‍ഗം. എന്നിട്ടും എല്‍ഡിഎഫിന് ഈ മണ്ഡലത്തില്‍ നാളിതുവരെ ലഭിച്ചതിലും കൂടിയ വോട്ടാണ് ഇക്കുറി കിട്ടിയത്. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4340 വോട്ട് എല്‍ഡിഎഫിനു കൂടുതല്‍ ലഭിച്ചു. 2011ല്‍ 66,346 വോട്ടാണ് ലഭിച്ചത്. ഇക്കുറി അത് 70,686 ആയി. ഇത് സര്‍വകാല റെക്കോഡാണ്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് മണ്ഡലത്തില്‍ 7175 വോട്ട് കൂടിയിരുന്നു. പോളിങ് ശതമാനം കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 6.87 ശതമാനവും വര്‍ധിച്ചു. ഇതിന്റെ ഫലമായി 18,303 വോട്ട് കൂടുതല്‍ പോള്‍ചെയ്തു. ഈ രണ്ടു വിഭാഗങ്ങളില്‍നിന്നും ഒരുഭാഗം എല്‍ഡിഎഫിനു ലഭിച്ചു എന്നു വ്യക്തമാണ്. അതായത് എല്‍ഡിഎഫിന്റെ ജനസ്വാധീനം വര്‍ധിക്കുകയാണ് ചെയ്തത്. അതു പക്ഷേ ഭൂരിപക്ഷം നേടുന്നതില്‍ എത്തിയില്ലെന്നു മാത്രം. പ്രാഥമിക വിലയിരുത്തലില്‍ത്തന്നെ ഈ വസ്തുതകള്‍ തെളിഞ്ഞുനില്‍ക്കുന്നു. എല്‍ഡിഎഫ് തകര്‍ന്നു എന്ന നിലയില്‍ യുഡിഎഫ് പ്രചരിപ്പിക്കുന്നത് അവരുടെ കേവലമായ വ്യാമോഹം മാത്രമാണ്.
ഈ ഉപതെരഞ്ഞെടുപ്പില്‍ സാധ്യമായ എല്ലാ വഴിവിട്ട വഴികളും യുഡിഎഫ് പ്രയോഗിച്ചു എന്നത് എല്‍ഡിഎഫിന്റെ ആരോപണം മാത്രമല്ല; മറിച്ച് അവര്‍ക്കു നിഷേധിക്കാന്‍ കഴിയാത്ത സത്യവുമാണ്. യുഡിഎഫ് പണം വാരിയെറിയുകയായിരുന്നു; മദ്യം ഒഴുക്കി. ഭരണാധികാര ദുര്‍വിനിയോഗം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതില്‍ത്തന്നെ തുടങ്ങി. എല്‍ഡിഎഫ് നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ യുഡിഎഫ് കൊടുപ്പിച്ച നാലായിരത്തോളം അപേക്ഷ തള്ളേണ്ടിവന്നു. അതിന്റെ ഇരട്ടിയോളമാണ് യുഡിഎഫ് കൊടുത്തത്. പ്രചാരണത്തിന് മന്ത്രിമാര്‍ പഞ്ചായത്തുതോറും ക്യാമ്പടിച്ചതോടെ അധികാരദുര്‍വിനിയോഗം വീടുവീടാന്തരം കയറിച്ചെന്നു. ജാതി-മത ശക്തികളെ തങ്ങള്‍ക്ക് അനുകൂലമായി ഒന്നിച്ച് അണിനിരത്തുക എന്നതായിരുന്നു യുഡിഎഫ് ആശ്രയിച്ച മറ്റൊരു ഗൂഢമാര്‍ഗം. ആ അടവും അവര്‍ക്ക് ഉതകിയെന്നു വ്യക്തമായി. ഈ വിധം യുഡിഎഫ് അധികാരത്തിലിരുന്ന് പ്രചാരണരംഗം ഇത്രത്തോളം മലിനപ്പെടുത്തിയൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരള രാഷ്ട്രീയത്തെത്തന്നെ യുഡിഎഫ് മലിനപ്പെടുത്തി. എല്ലാ പ്രലോഭനങ്ങളും മറികടന്ന് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തിയ പിറവത്തെ ജനങ്ങളെ എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ അഭിവാദ്യംചെയ്തു. എല്‍ഡിഎഫിനെയും എം ജെ ജേക്കബിനെയും വിജയിപ്പിക്കാന്‍ അഹോരാത്രം യത്നിച്ച പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്യംചെയ്തു.
യുഡിഎഫിന്റേത് അധാര്‍മിക വിജയം: വി എസ്
എല്ലാ അധാര്‍മിക പ്രവൃത്തികളും ചെയ്താണ് യുഡിഎഫ് പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണയന്ത്രത്തിന്റെ പൂര്‍ണമായ ദുരുപയോഗമാണ് പിറവത്ത് നടന്നത്. മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് വാഗ്ദാനപ്പെരുമഴ നടത്തി. തെരഞ്ഞെടുപ്പുചട്ടങ്ങള്‍ കാറ്റില്‍ പറത്തി. എല്ലാ ജാതി-സാമുദായികശക്തികളെയും പ്രീണിപ്പിച്ചു. ഇതിനായി എല്ലാ വൃത്തികെട്ട നടപടികളും സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പ് വരുന്നതിനുമുമ്പുതന്നെ നിയമവിരുദ്ധമായി ബാറുകള്‍ അനുവദിച്ചു. എക്സൈസ് മന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് മദ്യമുതലാളിമാരുടെ സഹായം ഉപയോഗപ്പെടുത്തി, പരക്കെ മദ്യമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ മന്ത്രിയാകുമെന്ന് പ്രഖ്യാപനം നടത്തി. പരമ്പരാഗത ശക്തികേന്ദ്രമായിട്ടും എല്ലാത്തരം നീചപ്രവൃത്തികളും നടത്തി ഉണ്ടാക്കിയിരിക്കുന്ന വിജയത്തില്‍ യുഡിഎഫ് അഹങ്കരിക്കേണ്ടതില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ തുടരാനുള്ള ലൈസന്‍സായി ഈ വിജയത്തെ കണക്കാക്കേണ്ടതില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി എല്‍ഡിഎഫ് ശക്തമായി മുന്നോട്ടുപോകുമെന്നും വി എസ് പറഞ്ഞു.
സര്‍ക്കാര്‍ അനുകൂല തരംഗമല്ല: എം ജെ ജേക്കബ്
കൊച്ചി: യുഡിഎഫിന്റെ ഈ വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണേണ്ടതില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് മാധ്യമങ്ങളോടു പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പിറവത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാതിമത ശക്തികള്‍ യുഡിഎഫിനൊപ്പം നിലകൊണ്ടു. കഴിഞ്ഞതവണത്തേക്കാള്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിച്ചിട്ടുണ്ട്. പരാജയകാരണം എല്‍ഡിഎഫ് പരിശോധിക്കും. തനിക്ക് വോട്ട് ചെയ്ത മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നുവെന്നും എം ജെ മൂവാറ്റുപുഴയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
deshabhimani 220312
പിറവം ഉപതെരഞ്ഞെടുപ്പുഫലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കെട്ടുറപ്പിനും ഭരണസ്ഥിരതയ്ക്കുമുള്ള ഔഷധമാകില്ല.
ReplyDelete