Wednesday, October 31, 2012

സുനന്ദയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം: ശശി തരൂര്‍


വിമാനത്താവളത്തില്‍ കോണ്‍ഗ്രസുകാര്‍ അപമാനിച്ചു; സുനന്ദ കരണത്തടിച്ചു

സത്യപ്രതിജ്ഞ കഴിഞ്ഞുവരുന്ന കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭാര്യ സുനന്ദ പുഷ്കറിനെ അപമാനിച്ചു. വൃത്തികെട്ട പെരുമാറ്റത്തില്‍ രോഷാകുലയായ സുനന്ദ ഒരു പ്രവര്‍ത്തകന്റെ കരണത്തടിച്ചു. തിങ്കളാഴ്ച പകല്‍ ഒന്നോടെ തരൂരും ഭാര്യയും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴാണ് സംഭവം. കോണ്‍ഗ്രസ് നേതാക്കളോടൊപ്പം യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരും മന്ത്രിക്ക് അഭിവാദ്യം വിളിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രിയെ വളഞ്ഞ് അനുമോദക്കുന്നതിനിടെയാണ് തിരക്കില്‍ പെട്ട സുനന്ദയ്ക്കു നേരെ പ്രവര്‍ത്തകരുടെ "കൈ" നീണ്ടത്.

നിസ്സഹായയായ സുനന്ദ ശബ്ദമുയര്‍ത്തി അപമാനിക്കുന്നവരെ അകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ നിലവിളിക്കുന്ന സ്ഥിതിയായെങ്കിലും പ്രവര്‍ത്തകര്‍ക്ക് "വിടാന്‍" ഭാവമില്ലായിരുന്നു. സഹിക്കാനാവാതെ വന്നപ്പോള്‍ അവര്‍ ഒരാളുടെ കരണത്തടിച്ചു. "ബെഗേഴ്സ്... ഡോഗ്സ്... (തെണ്ടികളേ...പട്ടികളേ) എന്നു ചീത്തവിളിച്ചു. വീണ്ടും അടിക്കാന്‍ മുതിര്‍ന്നെങ്കിലും സുനന്ദയുടെ "കൈ അടയാളം" മുഖത്ത് പതിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനടക്കമുള്ളവര്‍ മുങ്ങി. ഏറെ പണിപ്പെട്ടാണ് ഏതാനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുനന്ദയ്ക്ക് സംരക്ഷണവലയം തീര്‍ത്തത്.

മന്ത്രിയെയും സ്വീകരിച്ച് വാഹനവ്യൂഹം ഡിസിസി ഓഫീസിലേക്ക് നീങ്ങി. വിമാനത്താവളത്തില്‍ ലഭിച്ച വരവേല്‍പ്പിന്റെ ഞെട്ടലില്‍, ഡിസിസിയുടെ സ്വീകരണത്തിലേക്ക് കയറാന്‍പോലും സുനന്ദ തയ്യാറായില്ല. നേതാക്കള്‍ ഇടപെട്ടിട്ടും വഴങ്ങാതായതോടെ അവരെ കാറില്‍ വീട്ടിലെത്തിച്ചു. പൊലീസ് കാവലിലാണ് കോണ്‍ഗ്രസുകാര്‍ കേരളത്തെയാകെ അപമാനിക്കുംവിധം വിമാനത്താവളത്തില്‍ അഴിഞ്ഞാടിയത്. കേന്ദ്രമന്ത്രിയെയും ഭാര്യയെയും സുരക്ഷിതമായി എത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസ് എല്ലാം കണ്ടുനിന്നു.

സുനന്ദയെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണം: ശശി തരൂര്‍

തിരു: വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു. "മന്ത്രിയായതിന്റെ സന്തോഷത്തിനിടയിലാണെങ്കിലും ഞങ്ങള്‍ ഇത് വിടില്ല. ദൃശ്യങ്ങളില്‍ പ്രതികളാരാണെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടി വേണം. നേതൃത്വം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷിച്ചില്ലെങ്കില്‍ അവര്‍ ഇതാവര്‍ത്തിക്കും"- തരൂര്‍ പറഞ്ഞു.

അതേസമയം, സുനന്ദയെ പരസ്യമായി അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പരാതി കിട്ടിയിട്ടില്ലെന്ന മുടന്തന്‍ ന്യായമാണ് പൊലീസ് ഉയര്‍ത്തുന്നത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു അഴിഞ്ഞാട്ടം. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ കുടുങ്ങിപ്പോയ സുനന്ദയെ രക്ഷിക്കാന്‍ തരൂര്‍ പാടുപെട്ടിരുന്നു. അദ്ദേഹം പൊലീസിനെ വിളിച്ചിട്ടും കാര്യമുണ്ടായില്ല. കേന്ദ്രമന്ത്രിയുടെ ഭാര്യക്കുപോലും സ്വന്തം പാര്‍ടിക്കാരുടെ ഇടയില്‍ രക്ഷയില്ലെന്നുവരുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും നടപടി വേണമെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചതായി അറിയുന്നു.

വീണ്ടും കേന്ദ്രമന്ത്രിയായി തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരാണ് സുനന്ദയെ തിരക്കിനിടെ "കൈ" വച്ചത്. രോഷാകുലയായ അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിക്കുകയുംചെയ്തു. പാര്‍ടി പ്രവര്‍ത്തകരുടെ അസഭ്യമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നതോടെ മാനസികമായും സുനന്ദ തളര്‍ന്നതായാണ് വിവരം. തരൂരിനെ ആനയിച്ച് അണികള്‍ ഡിസിസി ഓഫീസിലേക്ക് പോയപ്പോള്‍ ഒപ്പം പോകാന്‍ അവര്‍ തയ്യാറായില്ല. അപമാനഭാരത്താല്‍ തളര്‍ന്ന അവര്‍ കോവളത്തെ ഹോട്ടലില്‍ തങ്ങുകയായിരുന്നു. പുറത്തിറങ്ങാന്‍പോലും മടികാണിച്ചതായാണ് വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമത്തില്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിക്കാത്തതിലും തരൂരിന് അമര്‍ഷമുണ്ട്. അമ്പത് കോടിയുടെ ഗേള്‍ഫ്രണ്ടാണ് ശശി തരൂരിന്റെ ഭാര്യയെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പരാമര്‍ശത്തെ തരൂര്‍ അപലപിച്ചു. "ഭാര്യയുടെ മൂല്യം കോടികള്‍ അടിസ്ഥാനമാക്കിയല്ല കണക്കാക്കുന്നത്. ഭാര്യ തന്റെ വിലമതിക്കാനാകാത്ത സ്വത്താണ്. സ്നേഹിക്കുന്നവര്‍ക്കറിയാം ഭാര്യ വിലമതിക്കാനാകാത്തതാണെന്ന്"- തരൂര്‍ പറഞ്ഞു.

കേരളത്തിന് അപമാനം: പി കെ ശ്രീമതി

തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനുണ്ടായ ദുരനുഭവം കേരളത്തിനാകെ അപമാനമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ്ത്രീത്വത്തെയാകെ കോണ്‍ഗ്രസുകാര്‍ അപമാനിച്ചു. രാജ്യത്തിനു മുമ്പില്‍ മലയാളികളെ നാണംകെടുത്തുന്ന അഴിഞ്ഞാട്ടമാണ് ശശി തരൂരിനെ സ്വീകരിക്കാനെന്ന പേരില്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം സുനന്ദയെ എത്രത്തോളം വേദനിപ്പിക്കുകയും ക്രുദ്ധയാക്കുകയും ചെയ്തെന്ന് മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യക്ക് ഇതാണ് അനുഭവമെങ്കില്‍ നമ്മുടെ നാട്ടിലെ സാധാരണസ്ത്രീകളുടെ അവസ്ഥ എന്താകും. ഭാര്യയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടത് ന്യായമാണ്. അതിക്രമം കാണിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടണം. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരനടപടിയെടുക്കണം. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും കോണ്‍ഗ്രസ് അഴിഞ്ഞാട്ടം മറച്ചുപിടിച്ചു. ഒരു സ്ത്രീക്ക് നേരിടേണ്ടിവന്ന കടുത്ത അപമാനം മൂടിവച്ച് കോണ്‍ഗ്രസുകാരെ വെള്ളപൂശാന്‍ പാടുപെട്ട മാധ്യമങ്ങള്‍ അപമാനമായെന്നും ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ ഭാര്യക്കുപോലും കേരളത്തില്‍ രക്ഷയില്ല: കോടിയേരി

കേന്ദ്രമന്ത്രിയുടെ ഭാര്യക്കുപോലും സ്വസ്ഥമായി പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയോട് കോണ്‍ഗ്രസുകാരന്റെ സമീപനം ഇതാണെങ്കില്‍ സംസ്ഥാനത്തെ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മുട്ടത്തറയില്‍ മുട്ടത്തറ രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കോണ്‍ഗ്രസുകാരനായ കേന്ദ്രമന്ത്രിയുടെ ഭാര്യക്ക് സ്വന്തം പാര്‍ടിക്കാരുടെ സ്വീകരണത്തില്‍ പൊറുതിമുട്ടി പ്രതികരിക്കേണ്ടിവന്നു. അപമാനിച്ച കോണ്‍ഗ്രസുകാരെ നിയന്ത്രിക്കാന്‍പോലും ആര്‍ക്കും കഴിഞ്ഞില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണംമൂലം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് രക്ഷയില്ല. സ്ത്രീകളുടെ മാനത്തിന് വിലപറയുന്ന തരത്തില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറി. കോണ്‍ഗ്രസിന്റെ സംസ്കാരം വെളിപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി ശശി തരൂരിന് ലഭിച്ച സ്വീകരണം.

കോര്‍പറേറ്റുകള്‍ക്കുവേണ്ടി മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. അഴിമതിക്ക് പേരുകേട്ട മന്ത്രിമാരെ കൂടുതല്‍ അഴിമതി നടത്താന്‍ സുപ്രധാനവകുപ്പുകളിലേക്ക് മാറ്റുന്നു. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ ഒരു കോണ്‍ഗ്രസുകാരന്‍പോലും രംഗത്തുവരുന്നില്ല. അഴിമതിവിരുദ്ധനെന്ന് അവകാശപ്പെടുന്ന എ കെ ആന്റണിയുടെ വകുപ്പില്‍പോലും കോടികളുടെ അഴിമതിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തനിപ്പകര്‍പ്പായി കേരളത്തിലെ യുഡിഎഫ് മാറിക്കഴിഞ്ഞു. ഓരോ ആഴ്ച മന്ത്രിസഭായോഗം ചേരുമ്പോഴും ജനങ്ങളുടെ നെഞ്ചിടിക്കുകയാണ്. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളെ സര്‍ചാര്‍ജിന്റെയും മറ്റും പേരില്‍ വീണ്ടും പീഡിപ്പിക്കുന്നു. ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നടപടിയാണ് യുഡിഎഫ് സര്‍ക്കാരും കൈക്കൊള്ളുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഡിസംബര്‍ ഒന്നിന് നടക്കുന്ന അടുപ്പുകൂട്ടിയുള്ള സമരം ജനങ്ങളുടെ ശക്തമായ താക്കീതാകും. അടുക്കള പൂട്ടുന്നതിനെതിരെയാണ് അടുപ്പുകൂട്ടി സമരം നടത്തുന്നത്. ഡിസംബര്‍ ഒന്നിന് കേരളത്തിന്റെ ദേശീയപാതയോരത്തുനിന്ന് ഉയരുന്ന പുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആണിക്കല്ലിളക്കും. നിയമന നിരോധനംവഴി ലക്ഷക്കണക്കിനു യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന, ജനവിരുദ്ധനയങ്ങള്‍ അനുസ്യൂതം പിന്തുടരുന്ന സര്‍ക്കാരുകള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭം നാടെങ്ങും ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.

deshabhimani

1 comment:

  1. വിമാനത്താവളത്തില്‍ സുനന്ദ പുഷ്കറിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ആവശ്യപ്പെട്ടു. "മന്ത്രിയായതിന്റെ സന്തോഷത്തിനിടയിലാണെങ്കിലും ഞങ്ങള്‍ ഇത് വിടില്ല. ദൃശ്യങ്ങളില്‍ പ്രതികളാരാണെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടി വേണം. നേതൃത്വം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷിച്ചില്ലെങ്കില്‍ അവര്‍ ഇതാവര്‍ത്തിക്കും"- തരൂര്‍ പറഞ്ഞു.

    ReplyDelete