മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവായ ഡിഎംആര്‍സി കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍നിന്നു പുറന്തള്ളപ്പെടുന്നതോടെ കോടികളുടെ കമീഷന്‍ ഇടപാടിന് അരങ്ങൊരുങ്ങി. 6000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മറവില്‍ 600 കോടിയോളം രൂപയുടെ കമീഷനാണ് കളമൊരുങ്ങുന്നത്. ഉന്നത ഭരണനേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നു നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് രാജ്യം ആദരിക്കുന്ന മലയാളി ടെക്നോക്രാറ്റ് ഇ ശ്രീധരന്‍ പദ്ധതിയില്‍നിന്നു പുറത്താകുന്നത്.
യുഡിഎഫ് അധികാരത്തിലെത്തിയതോടെ മെട്രോ നിര്‍മാണത്തില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും പുറത്താക്കാന്‍ നീക്കം ആരംഭിച്ചു. തുടക്കത്തില്‍ ഇതിനെ എതിര്‍ത്ത് രംഗത്തുണ്ടായിരുന്ന കേന്ദ്രസഹമന്ത്രി കെ വി തോമസും വൈകാതെ പിന്മാറി. അടുത്തകാലത്തായി ഡിഎംആര്‍സിക്കും ഇ ശ്രീധരനും എതിരെ കെഎംആര്‍എല്‍ തുറന്ന പോരാട്ടം നടന്നപ്പോഴും ഏറ്റവുമൊടുവില്‍ അവരെ കൊച്ചി പദ്ധതിയില്‍നിന്നു പുറന്തള്ളുന്ന തീരുമാനം ഉണ്ടായപ്പോഴും കെ വി തോമസ് മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്. വിദേശത്തുനിന്ന് യന്ത്രസാമഗ്രി വാങ്ങല്‍, സ്വകാര്യ കരാര്‍ നല്‍കല്‍ എന്നിവയിലൂടെയാണ് കമീഷന്‍ മറിയുന്നത്. മൊത്തം പദ്ധതിച്ചെലവിന്റെ 10 ശതമാനം കമീഷന്‍ ഇനത്തില്‍ പങ്കിടാന്‍ ഭരണ-ഉദ്യോഗസ്ഥ നേതൃത്വം ധാരണയിലെത്തിയതായും അറിയുന്നു.
തങ്ങളുടെ പദ്ധതി നടപ്പാകണമെങ്കില്‍ ഇ ശ്രീധരന്‍ പദ്ധതിയില്‍ ഉണ്ടാകരുതെന്ന് ഉദ്യോഗസ്ഥ-ഭരണ സഖ്യം ആദ്യമേ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തി ടോം ജോസ് എംഡിയാക്കി കെഎംആര്‍എല്‍ രൂപീകരിച്ചു. ശ്രീധരനെതിരായ ആക്രമണത്തിനു തുടക്കമിട്ട് കെഎംആര്‍എല്‍ മെട്രോ നിര്‍മാണം നടത്തുമെന്നായിരുന്നു ടോം ജോസിന്റെ ആദ്യ പ്രഖ്യാപനം. ഡിഎംആര്‍സി ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നും അദ്ദേഹം തുടര്‍ന്ന് ആവശ്യപ്പെട്ടു. ആഗോള ടെന്‍ഡര്‍ ഇല്ലാതെ ജപ്പാന്‍വായ്പ കിട്ടില്ലെന്ന ആരോപണംമുതല്‍ കേന്ദ്ര വിജിലന്‍സ് കമീഷന്റെ ഉത്തരവുവരെ ശ്രീധരനെതിരെ പൊക്കിയെടുത്തു കൊണ്ടുവന്നു. എന്നിട്ടും ഫലം കാണാതെ വന്നപ്പോഴാണ് ഡിഎംആര്‍സിയെക്കൊണ്ടുതന്നെ തങ്ങള്‍ കൊച്ചിയിലേക്കില്ലെന്ന തീരുമാനം എടുപ്പിച്ച് ശ്രീധരനെ പുറത്തേക്കയച്ചത്.
കൊച്ചി മെട്രോ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ഇ ശ്രീധരന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്നതുവരെയുള്ള 12 വര്‍ഷവും ഇതിനോടൊപ്പം ഉണ്ടായിരുന്നു. രാജ്യത്തെ ഇതര നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും കൊച്ചി മെട്രോയ്ക്ക് വിശദ പദ്ധതിരേഖ അദ്ദേഹം തയ്യാറാക്കി. 2011ല്‍ അത് പരിഷ്കരിച്ചു. നോര്‍ത്ത് മേല്‍പ്പാലം പുനര്‍നിര്‍മാണം ഉള്‍പ്പെടെ നാല് അനുബന്ധ വികസനപദ്ധതികള്‍ക്ക് രൂപംനല്‍കി. അവ ഏറ്റെടുത്ത് റെക്കോഡ് വേഗത്തില്‍ നിര്‍മാണം നീക്കി. മെട്രോയ്ക്ക് കേന്ദ്രാനുമതി അനന്തമായി നീണ്ടപ്പോള്‍ അതിനായി ഉദ്യോഗസ്ഥ-ഭരണ തലങ്ങളില്‍ സമ്മര്‍ദംചെലുത്തി. കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ ഇ ശ്രീധരന്‍ നടത്തിയ പരിശ്രമങ്ങള്‍കൂടി പരിഗണിച്ചാണ് മെട്രോ നിര്‍മാണം അദ്ദേഹംതന്നെ നടത്തുമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എവിടെ കേന്ദ്രമന്ത്രി തോമസ്?
കൊച്ചി: "മെട്രോ റെയില്‍ യാഥാര്‍ഥ്യമാക്കിയും" ഇ ശ്രീധരനെ അനുകൂലിച്ചും പലപ്പോഴും പരസ്യമായി രംഗത്തുണ്ടായിരുന്ന കേന്ദ്രസഹമന്ത്രി കെ വി തോമസ് എവിടെ? കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്ന കെ വി തോമസ് ഇ ശ്രീധരനെ പുറന്തള്ളാനുള്ള കെഎംആര്‍എല്‍ യോഗതീരുമാനം വന്നിട്ടും മൗനംപാലിക്കുന്നതില്‍ ദുരൂഹത. യുഡിഎഫ് അധികാരത്തിലേറിയ ശേഷവും മെട്രോയ്ക്ക് കേന്ദ്രാനുമതി വൈകിയപ്പോള്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മെട്രോ നിര്‍മാണച്ചെലവ് ഉയരുന്നതിനെക്കുറിച്ച് കെ വി തോമസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടോം ജോസ് കെഎംആര്‍എല്‍ എംഡിയായശേഷം ഡിഎംആര്‍സിയെ തള്ളിപ്പറഞ്ഞപ്പോഴും കെ വി തോമസ് രംഗത്തെത്തി. നിര്‍മാണജോലികള്‍ ഇ ശ്രീധരനെയും ഡിഎംആര്‍സിയെയുംതന്നെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡിഎംആര്‍സി ആഗോള ടെന്‍ഡറില്‍ പങ്കെടുക്കണമെന്നും ശ്രീധരന്‍ നിര്‍ദേശിച്ച സാങ്കേതികവിദ്യ പോരെന്നും ടോം ജോസ് പറഞ്ഞതിനെയും കെ വി തോമസ് വിമര്‍ശിച്ചു. ഇതിന്റെ ഭാഗമായി കെഎംആര്‍എലിന്റെ ലോഗോ പ്രകാശനം ആസൂത്രണംചെയ്തപ്പോള്‍ ചടങ്ങില്‍നിന്ന് കെ വി തോമസിന്റെ പേര് ഒഴിവാക്കി.
കേന്ദ്ര പങ്കാളിത്തത്തോടെ കെഎംആര്‍എല്‍ പുനഃസംഘടിപ്പിച്ചശേഷമാണ് കെ വി തോമസിന്റെ തിരുത്തല്‍വാദം പാടേ ഇല്ലാതായത്. ഡിഎംആര്‍സിക്കും ശ്രീധരനുമെതിരെ ഉദ്യോഗസ്ഥ-ഭരണ നേതൃത്വ ഗൂഢാലോചനയുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും കെ വി തോമസ് പ്രതികരിച്ചില്ല. ശ്രീധരന്‍തന്നെ പലപ്പോഴായി ആശങ്കകള്‍ മാധ്യമങ്ങളിലൂടെ പരസ്യമായി പറഞ്ഞു. ഏറ്റവുമൊടുവില്‍ പങ്കുവയ്പ് നടത്തി കൊച്ചി മെട്രോയില്‍നിന്ന് ഡിഎംആര്‍സിക്കും ഇ ശ്രീധരനും പുറത്തേക്ക് വഴിയൊരുക്കിയ കെഎംആര്‍എല്‍ ബോര്‍ഡ് യോഗ തീരുമാനം ഉണ്ടായപ്പോഴും കേന്ദ്രസഹമന്ത്രി അര്‍ഥഗര്‍ഭമായ മൗനത്തിലാണ്.
മെട്രോ അഴിമതി ഇടപാടാക്കിയാല്‍ പ്രക്ഷോഭമുയരും: സിപിഐ എം
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയെ കോടികളുടെ കമീഷന്‍ മറിയുന്ന അഴിമതി ഇടപാടാക്കുന്നതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അഴിമതിയില്ലാതെ സമയബന്ധിതമായി മെട്രോ പൂര്‍ത്തിയാക്കാനാണ് ഡിഎംആര്‍സിയും ഇ ശ്രീധരനും പദ്ധതിയില്‍ ഉണ്ടാകണമെന്ന് കേരളസമൂഹം ആഗ്രഹിക്കുന്നത്. ആസൂത്രിത നീക്കത്തിലൂടെ ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതിയില്‍നിന്ന് പുറന്തള്ളിയത് മെട്രോ നിര്‍മാണം അഴിമതിയില്‍മുക്കി അനിശ്ചിതത്വത്തിലാക്കാനാണെന്ന് എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആറായിരം കോടി രൂപയുടെ പദ്ധതിയില്‍ 1000 കോടി രൂപയുടെ കമീഷന്‍ ഇടപാടിനാണ് കളമൊരുങ്ങുന്നത്. യുഡിഎഫ് അധികാരമേറിയപ്പോള്‍മുതല്‍ ശ്രീധരനെയും ഡിഎംആര്‍സിയെയും പുറത്താക്കാനുള്ള ശ്രമമായിരുന്നു. ജപ്പാന്‍ വായ്പയുടെയും ആഗോള ടെന്‍ഡറിന്റെയും പേരിലായിരുന്നു ആദ്യം വിവാദമുണ്ടാക്കിയത്. മെട്രോ നിര്‍മാണ സാങ്കേതികത കെഎംആര്‍എലിനു നേടണമെന്നും ഡിഎംആര്‍സി ഉണ്ടെങ്കില്‍ അത് സാധിക്കില്ലെന്നുമായിരുന്നു പിന്നത്തെ വാദം. അഴിമതിരഹിതവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനചരിത്രമുള്ള ശ്രീധരന്റെ വ്യക്തിപ്രഭാവത്തിനുമുന്നില്‍ ഈ വാദങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമീഷന്റെ 2006ലെ ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശവും ചര്‍ച്ചയാക്കി കെഎംആര്‍എല്‍ അവസാന അങ്കവും പയറ്റി. അതും ഏശുന്നില്ലെന്ന് കണ്ടപ്പോഴാണ് ഡിഎംആര്‍സിയെക്കൊണ്ടുതന്നെ ശ്രീധരനെ വെട്ടിയത്. ഈ ഗൂഢാലോചനയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാത്രമല്ല അതിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളാണ്. അഴിമതിയും കോടികളുടെ കമീഷനും മാത്രമാണ് അവരുടെ ലക്ഷ്യം. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയരണം. മെട്രോ അഴിമതിയില്ലാതെ, സമയബന്ധിതമായി പൂര്‍ത്തിയാകണമെന്നാഗ്രഹിക്കുന്ന മുഴുവന്‍പേരും അതില്‍ അണിനിരക്കണമെന്നും എം വി ഗോവിന്ദന്‍ അഭ്യര്‍ഥിച്ചു.
deshabhimani 211012
മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവായ ഡിഎംആര്‍സി കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍നിന്നു പുറന്തള്ളപ്പെടുന്നതോടെ കോടികളുടെ കമീഷന്‍ ഇടപാടിന് അരങ്ങൊരുങ്ങി. 6000 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ മറവില്‍ 600 കോടിയോളം രൂപയുടെ കമീഷനാണ് കളമൊരുങ്ങുന്നത്. ഉന്നത ഭരണനേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നു നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് രാജ്യം ആദരിക്കുന്ന മലയാളി ടെക്നോക്രാറ്റ് ഇ ശ്രീധരന്‍ പദ്ധതിയില്‍നിന്നു പുറത്താകുന്നത്.
ReplyDelete