Friday, March 2, 2012

അന്യായ ടോള്‍ നിരക്ക് സിപിഐ എം പ്രക്ഷോഭം ശക്തമാക്കും

തൃശൂര്‍: ദേശീയപാതയിലെ അന്യായമായ ടോള്‍നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സിപിഐ എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒമ്പതുമുതല്‍ 11 വരെ ബി ഡി ദേവസി എംഎല്‍എ ക്യാപ്റ്റനും സി രവീന്ദ്രനാഥ് എംഎല്‍എ വൈസ് ക്യാപ്റ്റനുമായി സമരപ്രചാരണജാഥ സംഘടിപ്പിക്കും. തുടര്‍ന്ന് വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നിരന്തരമായി ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ബഹുജനങ്ങളെ അണിനിരത്തി ഉപരോധ സമരവും സംഘടിപ്പിക്കും. മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചിന് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുന്ന സമരപ്രചാരണ ജാഥ 10, 11 തീയതികളിലായി ഒല്ലൂര്‍ , പുതുക്കാട്, ചാലക്കുടി നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി കൊരട്ടിയില്‍ സമാപിക്കും.

കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ നയസമീപനങ്ങളുടെ ഭാഗമായാണ് പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത്. കേവലം 40 കിലോ മീറ്റര്‍ മാത്രം വരുന്ന മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ പിരിക്കുന്ന ടോള്‍നിരക്ക് ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്നതാണ്. ടോള്‍ കമ്പനിക്ക് അന്യായമായ ലാഭമുണ്ടാക്കാനും അതുവഴി അഴിമതി നടത്താനുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും ഈ ജനദ്രോഹ നിലപാട് കൈക്കൊണ്ടത്. ഡിസംബര്‍ ആദ്യവാരത്തില്‍ കരാര്‍പ്രകാരമുള്ള പണികള്‍ പൂര്‍ത്തിയാക്കാതെ ടോള്‍പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ അര്‍ധരാത്രിതന്നെ ആയിരങ്ങളെ അണിനിരത്തി സിപിഐ എം തടഞ്ഞു. തുടര്‍ന്ന് വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇതിനിടെ ടോള്‍പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോഴും ശക്തമായ ജനകീയ പ്രതിരോധമുയര്‍ത്തി നിര്‍ത്തിവയ്പിച്ചു. ചര്‍ച്ചകളിലെല്ലാം ജനകീയ താല്‍പ്പര്യം കണക്കിലെടുത്ത് മാത്രമേ ടോള്‍പിരിവ് ആരംഭിക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഫെബ്രു. ഒമ്പതു മുതല്‍ മുന്നറിയിപ്പില്ലാതെ പൊലീസിനെ വിന്യസിച്ച് സ്വകാര്യ ടോള്‍കമ്പനിക്ക് കൊള്ളചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പൊതുസമൂഹത്തിനും ജനപ്രതിനിധികള്‍ക്കും ആവര്‍ത്തിച്ചുനല്‍കിയ ഉറപ്പുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്.

ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 21ന് സിപിഐ എം നേതൃത്വത്തില്‍ ടോള്‍ പ്ലാസയിലേക്ക് ബഹുജനമാര്‍ച്ച് നടത്തി. എന്നാല്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ സിപിഐ എം നിര്‍ബന്ധിതമായിരിക്കുകയാണ്. ജനവിരുദ്ധനയം തിരുത്തുന്നതുവരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം കൊടുക്കും. ഈ സമരത്തിന് നല്ലവരായ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും അകമഴിഞ്ഞ പിന്തുണയുണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ അഭ്യര്‍ഥിച്ചു.

deshabhimani 020312

1 comment:

  1. ദേശീയപാതയിലെ അന്യായമായ ടോള്‍നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സിപിഐ എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒമ്പതുമുതല്‍ 11 വരെ ബി ഡി ദേവസി എംഎല്‍എ ക്യാപ്റ്റനും സി രവീന്ദ്രനാഥ് എംഎല്‍എ വൈസ് ക്യാപ്റ്റനുമായി സമരപ്രചാരണജാഥ സംഘടിപ്പിക്കും. തുടര്‍ന്ന് വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നിരന്തരമായി ടോള്‍ പ്ലാസയിലേക്ക് മാര്‍ച്ചും ബഹുജനങ്ങളെ അണിനിരത്തി ഉപരോധ സമരവും സംഘടിപ്പിക്കും. മാര്‍ച്ച് ഒമ്പതിന് വൈകിട്ട് അഞ്ചിന് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് ഉദ്ഘാടനം ചെയ്യുന്ന സമരപ്രചാരണ ജാഥ 10, 11 തീയതികളിലായി ഒല്ലൂര്‍ , പുതുക്കാട്, ചാലക്കുടി നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തി കൊരട്ടിയില്‍ സമാപിക്കും.

    ReplyDelete