Thursday, March 7, 2013
പ്രാഥമിക വിദ്യാലയങ്ങളില്‍ കൊഴിഞ്ഞുപോക്ക് 27 ശതമാനം
രാജ്യത്ത് ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് 27 ശതമാനമാണെന്ന് മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍ അറിയിച്ചു. 10 വരെയുള്ള കണക്കെടുത്താല്‍ കൊഴിഞ്ഞുപോക്ക് ഇതിലും രൂക്ഷമാണ്-49.3 ശതമാനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷ(ഡിഐഎസ്ഇ)ന്റെ 2010-11ലെ താല്‍ക്കാലിക കണക്ക് അനുസരിച്ച് ഒന്ന്- അഞ്ച് ക്ലാസുകളില്‍ 28.7 ശതമാനം ആണ്‍കുട്ടികളും 25.1 ശതമാനം പെണ്‍കുട്ടികളും സ്കൂള്‍ വിടാന്‍ നിര്‍ബന്ധിതരായി. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ എടുത്താല്‍ 50.4 ശതമാനമാണ് ആണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. പെണ്‍കുട്ടികളുടേത് 47.9 ശതമാനവും. അഡ്വ. എ സമ്പത്ത്, പി കെ ബിജു എന്നിവരുടെ ചോദ്യത്തിന് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥിപ്രവേശനത്തില്‍ കുറവുണ്ടായി. 2010-11ല്‍ 11,91,088 ആണ്‍കുട്ടികളും 11,44,456 പെണ്‍കുട്ടികളുമാണ് സ്കൂളില്‍ ചേര്‍ന്നത്. 2009-10ല്‍ ആണ്‍കുട്ടികളുടെ എണ്ണം 12,35,286ഉം 11,89,792ഉം ആയിരുന്നുവെന്നും മന്ത്രി അറിയിച്ചു. അധ്യാപക നിയമനത്തിനും അധ്യാപന നിലവാരം ഉറപ്പാക്കുന്നതിലുമുള്ള യുജിസി മാനദണ്ഡം എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്ന് കെ സുധാകരനും ആന്റോ ആന്റണിക്കും ശശി തരൂര്‍ മറുപടി നല്‍കി.
സ്വതന്ത്ര സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ഗവേഷണത്തിനും പ്രചാരണത്തിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ റിസോഴ്സ് സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ രൂപീകരിച്ചതായി വാര്‍ത്താവിനിമയ സഹമന്ത്രി മിലിന്ദ് ദേവ്റ അറിയിച്ചു. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊല്യൂഷന്‍സ്(ബോസ്)അടിസ്ഥാനമാക്കിയ ജിഎന്‍യു/ലിനക്സ് ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡയറ്റ് വൈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഇന്ത്യന്‍ഭാഷകള്‍ ഉപയോഗക്ഷമമായ ഓപ്പറേറ്റിങ് സംവിധാനമാണ് ബോസ്. സര്‍ക്കാരിന്റെ വിവരസാങ്കേതിക പദ്ധതികളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ പരിപാടിയില്ല. എന്നാല്‍, സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ പ്രചരിപ്പിക്കാന്‍ പ്രചാരണം നടത്തുമെന്ന് മന്ത്രി എം ബി രാജേഷിനെ അറിയിച്ചു.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കണക്ഷനില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറഞ്ഞതായി വാര്‍ത്താവിനിമയ സഹമന്ത്രി കില്ലി കൃപാറാണി അറിയിച്ചു. ബിഎസ്എന്‍എല്ലില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് 0.88 ശതമാനമായി കുറഞ്ഞു. എംടിഎന്‍എല്ലില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് 2.46 ശതമാനമായും. പി കരുണാകരന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കൂടംകുളം ആണവ പ്ലാന്റിന്റെ ആദ്യഘട്ടം ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി വി നാരായണസ്വാമി അറിയിച്ചു. രണ്ടാംഘട്ടം ഒക്ടോബറില്‍ തുടങ്ങും. പദ്ധതിയില്‍നിന്നുള്ള 2000 മെഗാവാട്ട് വൈദ്യുതിയില്‍ കേരളത്തിന്റെ വിഹിതം 266 മെഗാവാട്ട് ആണെന്ന് മന്ത്രി അറിയിച്ചു. തമിഴ്നാട് 925, കര്‍ണാടകം 442, പോണ്ടിച്ചേരി 67 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം. 300 മെഗാവാട്ട് വൈദ്യുതി അണ്‍അലോക്കേറ്റഡ് ക്വോട്ടയില്‍ വരുമെന്നും അഡ്വ. എ സമ്പത്ത്, പി കെ ബിജു എന്നിവരെ മന്ത്രി അറിയിച്ചു. ജവാഹര്‍ലാല്‍ നെഹ്റു ദേശീയ നഗര പരിഷ്കരണ പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷവും ഇപ്രാവശ്യവും കേരളം പദ്ധതി സമര്‍പ്പിച്ചില്ലെന്ന് നഗര വികസന സഹമന്ത്രി ദീപ ദാസ് മുന്‍ഷി പി കരുണാകരനെ അറിയിച്ചു.
deshabhimani
Labels:
രാഷ്ട്രീയം,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)
No comments:
Post a Comment