Thursday, March 7, 2013
ഗണേശിന്റെ ഭാര്യയുടെ പരാതിയ്ക്ക് എന്ത് സംഭവിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം
കണ്ണൂര്‍: മന്ത്രി ഗണേശ് കുമാറിനെതിരെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയ്ക്ക് എന്ത് സംഭവിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അഞ്ച് പേജുള്ള പരാതി മന്ത്രിയുടെ ഭാര്യ മുഖ്യമന്ത്രിയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഗണേശിന്റെ മര്‍ദ്ദനമേറ്റ പാടുകളും ഭാര്യ മുഖ്യമന്ത്രിയെ കാണിച്ചതായി വാര്‍ത്ത പുറത്തുവന്നു. എന്നിട്ടും ഗണേശനെതിരെ നടപടിയ്ക്ക് മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഔദ്യോഗിക വസതിയില്‍ വെച്ചാണ് മന്ത്രി ഭാര്യയെ ഉപദ്രവിച്ചത്. ഐപിസി 498(എ)വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകുമെന്ന് നിരന്തരം പറയുന്ന മുഖ്യമന്ത്രി എന്ത് കൊണ്ട് ഗണേശിനെതിരെ നടപടിയ്ക്ക് തയ്യാറാകുന്നില്ലെന്നും പിണറായി ചോദിച്ചു.
രാഷ്ട്രീയ മൂല്യത്തിനും സദാചാരത്തിനും വിലനല്‍കല്‍പ്പിക്കുന്നില്ലെന്ന പരസ്യ പ്രഖ്യാപനമാണ് യുഡിഎഫ് യോഗ തീരുമാനം. സര്‍ക്കാരിന്റെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ എന്ത് ചെയ്താലും സംരക്ഷണം നല്‍കുന്ന നിലപാടാണ് യുഡിഎഫ് കൈക്കൊള്ളുന്നത്. ഗണേശ് എന്ത് ചെയ്തു എന്നത് മാത്രമല്ല പ്രശ്നം ഗണേശിനെതിരായ ആരോപണത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉറച്ചുനില്‍ക്കുന്നു എന്നതും കാണണം. ഗണേശിന്റെ ഭാര്യ പരാതി നല്‍കിയതോടെ ചീഫ് വിപ്പിന്റെ പരാതിയ്ക്ക് വിശ്വാസ്യത കൂടിയിരിക്കുകയാണ്.
ഗണേശിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേവലം കുടുംബ പ്രശ്നം മാത്രമാണെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. തെറ്റ് ചെയ്തയാളെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഗണേശിനെതിരെ പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ ജോര്‍ജിന് ചീഫ് വിപ്പ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
എല്ലാം മുഖ്യമന്ത്രിയ്ക്ക് വിട്ടെന്ന് തങ്കച്ചന്‍
തിരു: മന്ത്രി ഗണേശ് കുമാറിനെതിരെ ഉയര്‍ന്ന വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള പ്രശ്നത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തിയതായി കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഗണേശിനെതിരായ ആരോപണം രാഷ്ട്രീയ വിഷയമല്ല മറിച്ച് വ്യക്തിപരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗ തീരുമാനം വിശദീകരിച്ച് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
ഗണേശ് കുമാറുമായും മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച ചീഫ് വിപ്പ് പി സി ജോര്‍ജുമായും മുഖ്യമന്ത്രി വിഷയം സംസാരിച്ചു. ഇരുവരുടെയും പരാതികള്‍ മുഖ്യമന്ത്രി പരിഗണിക്കും. ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ രേഖാമൂലമുള്ള പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചിട്ടില്ല. മുന്നണിയില്‍ പറയേണ്ട കാര്യങ്ങള്‍ പരസ്യപ്പെടുത്തിയ പി സി ജോര്‍ജിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേശിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ബാലകൃഷ്ണ പിള്ള നല്‍കിയ കത്ത് യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനേയും പിള്ളയുമായി ചര്‍ച്ച നടത്താന്‍ യോഗം ചുമതലപ്പെടുത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ഇരുവരും വിശദീകരിക്കും. അതിനനുസരിച്ച് ഉചിതമായി തീരുമാനമെടുക്കുമെന്നും തങ്കച്ചന്‍ വിശദീകരിച്ചു.
ജോര്‍ജും കുഴപ്പക്കാരന്‍: ഗൗരിയമ്മ
ആലപ്പുഴ: സ്ത്രീ വിഷയത്തില്‍ പി സി ജോര്‍ജും മുമ്പ് പെട്ടിട്ടുണ്ടെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ നഗരസഭയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗൗരിയമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോര്‍ജ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചട്ടക്കാരിയായ ഒരു സ്ത്രീ കുട്ടിയുമായി ജോര്‍ജിനെ തിരക്കി സഭയില്‍ എത്തിയിരുന്നു. അവരെ 2000 രൂപ കൊടുത്ത് ഒഴുവാക്കിയത് താനാണെന്നും ഗൗരിയമ്മ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ മന്ത്രി ഗണേശ് കുമാറിന്റെ രാജി ആവശ്യപ്പെടാനുള്ള ധാര്‍മികത ജോര്‍ജിനില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
ഗണേശ് വിഷയത്തില്‍ പക്ഷം പിടിക്കാനില്ല: സുകുമാരന്‍ നായര്‍
പെരുന്ന: മന്ത്രി ഗണേശ്കുമാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പക്ഷം പിടിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പ്രശ്നം ന്യായമായി പരിഹരിക്കണമെന്നല്ലാതെ തനിക്ക് പ്രത്യേക താല്‍പര്യമില്ലെന്നും പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഗണേശ് രാജിവെച്ചാലും രാജിവെച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി ഗണേശ് കുമാര്‍ സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ പെരുന്നയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കാനുളള ധാര്‍മിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമുണ്ട്. ഗണേഷിനെതിരായ ആരോപണത്തില്‍ യാഥാര്‍ഥ്യം അറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണേശിന് പിന്തുണയുമായി ടെലിവിഷന്‍ താരങ്ങള്‍ പ്രകടനം നടത്തി
തിരു: മന്ത്രി കെ ബി ഗണേശ് കുമാറിന് പിന്തുണയുമായി ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ നേതൃത്വത്തില്‍ പ്രകടനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് ടെലിവിഷന്‍ താരങ്ങള്‍ പ്രകടനം നടത്തിയത്. സിനിമാ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഗണേശ് നടത്തിയതെന്നും തിയറ്ററുകള്‍ നവീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മന്ത്രി നടത്തിയതെന്നും നടന്‍ എം ആര്‍ ഗോപകുമാര്‍ പറഞ്ഞു.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment