Saturday, March 9, 2013

പയ്യന്നൂരില്‍ ഭൂമാഫിയ കണ്ടല്‍ക്കാട് വെട്ടിനശിപ്പിച്ചു


പയ്യന്നൂരില്‍ ഭൂമാഫിയകള്‍ ഏക്കര്‍ കണക്കിന് കണ്ടല്‍ക്കാട് പട്ടാള മോഡല്‍ ടാങ്കര്‍ വാഹനമുപയോഗിച്ച് വെട്ടി നശിപ്പിച്ചു. പെരുമ്പ പുഴയ്ക്ക് സമീപത്തെ കാപ്പാട് ബണ്ട് മുതല്‍ കൂര്‍ക്കരവരെയുള്ള ഇരുപതോളം ഏക്കര്‍സ്ഥലത്തെ കണ്ടല്‍ക്കാടാണ് ഒറ്റ രാത്രികൊണ്ട് വെട്ടി നശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സംഭവമറിഞ്ഞെത്തിയവര്‍ കണ്ടത് താവളം കാണാതെ അലയുന്ന പക്ഷികളുടെയും അവസാന ശ്വാസത്തിനായി പിടയുന്ന മത്സ്യകുഞ്ഞുങ്ങളുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. അപൂര്‍വങ്ങളായ നിരവധി ദേശാടനപക്ഷികളുടെയും പൂമ്പാറ്റകളുടെയും ചെറുമത്സ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിവിടെ.

ഭൂമാഫിയകളില്‍നിന്നും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കാന്‍ സംസ്ഥാന വ്യാപകമായി നടന്ന ഭൂസമരത്തിന്റെ ഭാഗമായി കെഎസ്കെടിയു പതാക ഉയര്‍ത്തിയ സ്ഥലമാണ് രാത്രിയുടെ മറവില്‍ ഭൂമാഫിയകള്‍ നശിപ്പിച്ചത്. യുഡിഎഫ് ഭരണ സ്വാധീനം ഉപയോഗിച്ച് കോട്ടയം, പാല, തൃശൂര്‍ എന്നിവിടങ്ങളിലെ ഭൂമാഫിയകള്‍ പല കമ്പനികളുടെ പേരിലായി നൂറോളം ഏക്കര്‍ സ്ഥലമാണ് ഈ പ്രദേശത്ത് വാങ്ങിക്കൂട്ടിയത്. റിഞ്ചണ്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ 26.37 ഏക്കറും കിളിയന്തറ എന്‍ജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 15.75 ഏക്കറും ക്യൂരീസ് ബോള്‍ട്ടണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 13.78 ഏക്കറും സ്നോഷൈന്‍ റിലേട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 11.56 ഏക്കറും മെര്‍സി പ്രൈവറ്റ് ലിമിറ്റഡിന്റെ 10 ഏക്കറും കെ ജെ എസ് റിലേട്ടേഴ്സിന്റെ 6.29 ഏക്കറും തൃശൂരിലെ സുലേഖ അജയന്റെ പേരില്‍ 6.29 ഏക്കര്‍ സ്ഥലവുമുണ്ട്. ഭൂമാഫിയകള്‍ പല പേരുകളിലാണ് ഇവിടെ സ്ഥലമെടുത്തത്. കണ്ടല്‍ക്കാട് നശിപ്പിച്ച് മണ്ണിട്ട് നികത്തി സ്ഥലം പ്ലോട്ടുകളാക്കാന്‍ ഭൂമാഫിയക്കാര്‍ ശ്രമം നടത്തിയെങ്കിലും കെഎസ്കെടിയു ഇടപെടലിനെ തുടര്‍ന്ന് നടന്നില്ല. കോറോം വില്ലേജ് ഓഫീസര്‍ കണ്ടങ്കാളിയിലെ പി സുനില്‍കുമാറും മാഫിയകള്‍ക്കെതിരെ കര്‍ശനനിലപാടാണെടുത്തത്. തൃശൂരിലെ സുലേഖ അജയന്റെ പേരിലുള്ള 6.29 ഏക്കര്‍സ്ഥലം മണ്ണിട്ട് നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് തലശേരി ആര്‍ഡിഒ മുഖേന വില്ലേജ് ഓഫീസര്‍ സുനില്‍കുമാര്‍ സ്ഥലത്തിന്റെ ഫോട്ടോ അടക്കമുള്ള റിപ്പോര്‍ കലക്ടറേറ്റില്‍ എത്തിച്ചെങ്കിലും ഭൂമാഫിയകള്‍ക്കെതിരെ നടപടിയെടുക്കാനായില്ല. ഭരണസ്വാധീനത്തിന്റെ പേരില്‍ ഫയല്‍ ഇപ്പോഴും കലക്ടറുടെ ഓഫീസില്‍ കിടക്കുകയാണ്.

deshabhimani 090313

No comments:

Post a Comment