Saturday, March 9, 2013

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇടിവ്


രൂക്ഷമായ പ്രതിസന്ധിയും ഉല്‍പ്പാദനത്തകര്‍ച്ചയും നിമിത്തം സമുദ്രോല്‍പ്പന്ന കയറ്റുമതി ഇടിയുമ്പോള്‍ ഇന്ത്യയിലേക്കുള്ള മത്സ്യ ഇറക്കുമതി വര്‍ധിക്കുന്നു. കടല്‍വിഭവ കയറ്റുമതിയില്‍ ഏറ്റവുമധികം സംഭാവന നല്‍കുന്ന കേരളംപോലും വിദേശമത്സ്യത്തിന്റെ പ്രധാന ഉപഭോക്താവായി മാറുന്നു. കേരളത്തിലെ മത്സ്യക്കയറ്റുമതി സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലായി. വിയറ്റ്നാമില്‍നിന്നുള്ള ബാസ എന്ന മത്സ്യത്തിനാണ് ഇപ്പോള്‍ രാജ്യവിപണിയില്‍ ഏറെ പ്രിയം. നേരത്തെ കയറ്റുമതിക്ക് നേതൃത്വംനല്‍കിയ സ്ഥാപനങ്ങള്‍തന്നെയാണ് ബാസ ഇറക്കുമതിക്കുപിന്നിലും. കേരളത്തില്‍ കൊച്ചി തുറമുഖത്താണ് ഇവയുടെ ഇറക്കുമതി. വന്‍കിട ഹോട്ടലുകളില്‍ ഏറ്റവുമധികം വിറ്റഴിച്ചിരുന്ന നെയ്മീന്‍, കരിമീന്‍, അയക്കൂറ തുടങ്ങിയ മത്സ്യങ്ങളുടെ ഉല്‍പ്പാദനക്കുറവും വിലവര്‍ധനയുമാണ് വിദേശമത്സ്യത്തിലേക്ക് തിരിയാന്‍ പലരെയും പ്രേരിപ്പിച്ചത്. ബാസയ്ക്ക് കിലോഗ്രാമിന് 150 രൂപ മാത്രമാണ് വില. ആറ് മാസമായി ബാസ കൊച്ചിയിലെത്തിക്കുന്നതായി ഇറക്കുമതിക്ക് നേതൃത്വം നല്‍കുന്ന ആബാദ് സീഫുഡ്സ് എംഡി അന്‍വര്‍ ഹാഷിം പറഞ്ഞു. കേരളത്തെക്കാള്‍ മത്സ്യ ഉപഭോഗം കുറഞ്ഞ ഡല്‍ഹിയില്‍മാത്രം കഴിഞ്ഞ ഒരു വര്‍ഷം 7000 ടണ്‍ ബാസയാണ് ഇറക്കുമതി ചെയ്തതെന്ന് സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് നോര്‍ബര്‍ട്ട് കാരിക്കശേരി പറഞ്ഞു.

ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട, മത്സ്യോല്‍പ്പാദനത്തില്‍ പുകള്‍പെറ്റ കേരളംപോലും ഇപ്പോള്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ കയറ്റുമതിരംഗം കിതയ്ക്കുകയാണ്. സംസ്ഥാനത്തെ പല സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനങ്ങളും മത്സ്യം കിട്ടാതെ വിഷമിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യം, യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക പ്രതിസന്ധി, തുറമുഖത്തെ നിരക്കുകള്‍, ഇന്ധനവിലയുടെ ഗണ്യമായ വര്‍ധന എന്നിവയെല്ലാം കയറ്റുമതിയെ തകര്‍ക്കുന്നു. വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ വരുംമുമ്പ് കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍ കൈകാര്യ ചെലവ് ഏതാണ്ട് 5000 മുതല്‍ 8000 രൂപവരെ ആയിരുന്നുവെങ്കില്‍ വല്ലാര്‍പാടത്ത് ഇപ്പോഴത് 30,000 രൂപയോളമാണ്. ഇതിനുപുറമെ അമേരിക്കയിലേക്ക് ചരക്ക് അയക്കാന്‍ 40 അടി കണ്ടെയ്നര്‍ ഒന്നിന് 4500 ഡോളറായിരുന്നത് (2,47,500 രൂപ) 5600 ഡോളറായും ചൈനയിലേക്ക് 3000 ഡോളറായിരുന്നത് 4100 ആയും ജനുവരി ഒന്നുമുതല്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതുമില്ല. യൂറോപ്യന്‍മേഖലയില്‍ സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ കൂന്തള്‍, കണവ തുടങ്ങിയ വിഭവങ്ങള്‍ക്ക് ആവശ്യം കുറഞ്ഞു. ഇവയുടെ ലഭ്യതയും കുറഞ്ഞു. വനാമി ചെമ്മീന്‍ കയറ്റുമതികൊണ്ടുമാത്രമാണ് മേഖല അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. കയറ്റുമതിയില്‍ 20 ശതമാനത്തിന്റെയെങ്കിലും ഇടിവാകും ഈ സാമ്പത്തിക വര്‍ഷം ഉണ്ടാവുക. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രധാന മേഖലയായിട്ടും പ്രശ്നങ്ങള്‍ പരിഹാരത്തിന് മുന്‍കൈ എടുക്കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല.
(ഷഫീഖ് അമരാവതി)

deshabhimani 090313

No comments:

Post a Comment