Saturday, March 9, 2013

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തുന്നു


ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തുന്നു. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണിത്. ഇറാനില്‍നിന്ന് ക്രൂഡോയില്‍ കപ്പലുകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കമ്പനികള്‍ വിസമ്മതിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ്(എംആര്‍പിഎല്‍) ഇതു സംബന്ധിച്ച് ഔദ്യോഗികമായ തീരുമാനം പ്രഖ്യാപിച്ചു. എച്ച്പിസിഎല്ലും ഇറക്കുമതി നിര്‍ത്തും. ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇറാനില്‍ നിന്നുള്ള എല്ലാ ക്രൂഡോയില്‍ ഇറക്കുമതിയും നിര്‍ത്തേണ്ടിവരുമെന്ന് എംആര്‍പിഎല്‍ മാനേജിങ് ഡയറക്ടര്‍ പി പി ഉപാധ്യായ അറിയിച്ചു. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന റിഫൈനറികളുടെ ഇന്‍ഷുറന്‍സ് സുരക്ഷ അവസാനിപ്പിക്കുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതെ സാഹസികമായി എണ്ണ ഇറക്കുമതി ചെയ്യാന്‍ തയ്യാറല്ല-അദ്ദേഹം പറഞ്ഞു.

ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പല തവണയായി എണ്ണ ഇറക്കുമതി കുറച്ചെങ്കിലും ഇപ്പോഴും ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ നാലിലൊന്നും ഇന്ത്യയിലേക്കാണ്. പ്രതിമാസം 100 കോടി ഡോളറിന്റെ (5500 കോടി രൂപ) എണ്ണ. ഇതില്‍ വലിയ പങ്കും എംആര്‍പിഎല്‍ ആണ് ഇറക്കുമതി ചെയ്യുന്നത്. എംആര്‍പിഎല്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിലയ്ക്കും. എച്ച്പിസിഎല്‍ ആണ് ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത്. ആണവ പരിപാടിയില്‍നിന്ന് ഇറാനെ പിന്തിരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്താനാണ് അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും നേതൃത്വത്തില്‍ ഇറാനെതിരെ ഉപരോധം നടത്തുന്നത്. ഇറാന്റെ പ്രധാന വരുമാനമാര്‍ഗമാണ് എണ്ണ കയറ്റുമതി. ഉപരോധത്തെത്തുടര്‍ന്ന് 2012 വര്‍ഷത്തില്‍ ഇറാന്റെ കയറ്റുമതി വരുമാനത്തില്‍ പകുതി കുറവുണ്ടായി. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 286000 ബാരല്‍ എണ്ണയാണ് പ്രതിദിനം ഇന്ത്യ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കവറേജ് നിര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് അത്തരം ശ്രമമുണ്ടായില്ല. 2012-13 സാമ്പത്തികവര്‍ഷം മാത്രം ഇറാനില്‍ നിന്നുള്ള ഇറക്കുമതിയില്‍ 40 ശതമാനം കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2013-14 സാമ്പത്തികവര്‍ഷം ഇറക്കുമതി പൂര്‍ണമായും നിലയ്ക്കുമെന്നാണ് കരുതുന്നത്. മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇറാനില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.
(വി ജയിന്‍)

deshabhimani 090313

No comments:

Post a Comment