Sunday, March 17, 2013

മദ്യവില വര്‍ധന: ബാര്‍ ലോബിക്ക് 500 കോടിയുടെ കൊയ്ത്ത്


മദ്യനികുതി അഞ്ച് ശതമാനം കൂട്ടിയത് വഴി സര്‍ക്കാരിന് 250 കോടിയുടെ അധിക വരുമാനം കിട്ടുമ്പോള്‍ അതിന്റെ ഇരട്ടിയിലേറെ വിദേശ മദ്യലോബിയുടെ പക്കലെത്തും. ബിവറേജസ് കോര്‍പറേഷന്റെ ചില്ലറവിലയില്‍ ഒരു കുപ്പിക്ക് അഞ്ച് രൂപ മുതല്‍ നാല്‍പ്പത് രൂപ വരെ കൂടുമെന്നാണ് കണക്ക്. ഒരു പെഗ്ഗിന് ഒരു രൂപ നിരക്കില്‍ ബാറുകാര്‍ കൂട്ടിയാല്‍ കുപ്പിക്ക് 12 രൂപ വര്‍ധിക്കും. സര്‍ക്കാരിന് അഞ്ച് രൂപ കിട്ടുമ്പോള്‍ ബാറുകാര്‍ക്ക് 12 രൂപ അധികം ലഭിക്കും.

ഓരോ ബാറിന്റെയും വ്യത്യാസം കണക്കിലെടുത്താണ് ബാറുകളില്‍ വില നിശ്ചയിക്കുന്നത്. ബിയറും വൈനും ഒഴികെയുള്ള മദ്യത്തിന് 100 ശതമാനം വില്‍പ്പന നികുതിയും 11 ശതമാനം സെസുമാണ് നിലവിലുള്ളത്. ബജറ്റിലൂടെ വില്‍പ്പന നികുതി അഞ്ച് ശതമാനം കൂട്ടുമ്പോള്‍ സെസിലും ആനുപാതികവര്‍ധന വരും. 105 ശതമാനം വില്‍പ്പന നികുതിയും അതിന്മേല്‍ 11 ശതമാനം സെസും ബിവറേജസ് കോര്‍പറേഷന് കിട്ടും. മദ്യവിലയും എക്സൈസ് ഡ്യൂട്ടിയും ചേര്‍ത്തുള്ള തുകയിന്മേലാണ് വില്‍പ്പന നികുതി നിര്‍ണയിക്കുന്നത്. ബിവറേജസ് കോര്‍പറേഷനില്‍നിന്ന് വാങ്ങുന്ന മദ്യത്തിന് ബാറുകാര്‍ക്ക് എത്ര ശതമാനം വേണമെങ്കിലും ലാഭം നിശ്ചയിക്കാം.

മദ്യനികുതിയില്‍നിന്നുള്ള വരുമാനം നടപ്പുവര്‍ഷം ഏഴായിരം കോടി കവിഞ്ഞതായാണ് കണക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ 1200 കോടിയെങ്കിലും കൂടുമെന്നാണ് സൂചന. പോയ സാമ്പത്തികവര്‍ഷം നികുതി ഇനത്തില്‍ 6352.56 കോടിയാണ് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിന് നല്‍കിയത്. ഈ വര്‍ഷം ഇതുവരെ 7136 കോടി രൂപ അടച്ചുകഴിഞ്ഞു. മാര്‍ച്ച് 31ഓടെ ഇത് 7400 കോടിയായി ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ബജറ്റില്‍നിന്നുള്ള അധികവരുമാനം കൂടി ചേരുമ്പോള്‍ 2013-14ല്‍ മദ്യനികുതിയിനത്തിലുള്ള വരുമാനം 8500 കോടിയായി വര്‍ധിക്കും. മദ്യനികുതി സര്‍ക്കാരിന് കൊയ്ത്തായിരിക്കുകയാണെന്ന് കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷവും ആയിരം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മദ്യത്തിന് എതിരാണെന്ന് വീമ്പുപറയുകയും നികുതി അടിക്കടി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ അവലംബിച്ചത്.

പത്ത് വര്‍ഷം മുമ്പ് മദ്യനികുതിയില്‍നിന്ന് കിട്ടിയതിന്റെ ആറിരട്ടിയാണ് ഇപ്പോഴത്തെ വരുമാനം. 2001-02ല്‍ ബിവറേജസ് കോര്‍പറേഷന്‍ നികുതിയായി സര്‍ക്കാരിന് നല്‍കിയത് 1316.17 കോടിയാണ്. 2011-12ല്‍ ഇത് 6352.56 കോടിയായി. 2008 മുതല്‍ മദ്യനികുതി വരുമാനത്തില്‍ പ്രതിവര്‍ഷം ആയിരംകോടി രൂപ നിരക്കില്‍ വര്‍ധിക്കുകയാണ്. ഈ വര്‍ഷം 1200 കോടിയായി വര്‍ധിക്കുമെന്നാണ് പ്രാഥമിക കണക്ക്. ഇപ്പോഴത്തെ നികുതിഘടന വച്ചു നോക്കിയാല്‍ അടുത്ത വര്‍ഷം വരുമാനവര്‍ധന രണ്ടായിരം കോടി കവിയും.
(കെ ശ്രീകണ്ഠന്‍)

deshabhimani 170313

No comments:

Post a Comment