Sunday, March 17, 2013

വരുന്നു പകര്‍ച്ചവ്യാധിക്കാലം: നിഷ്ക്രിയമായി സര്‍ക്കാര്‍


സംസ്ഥാനത്ത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പകര്‍ച്ചവ്യാധികളും ഇതുമൂലമുളള മരണവും കുതിച്ചുയര്‍ന്നതായി ആരോഗ്യകുപ്പ്. വരുംമാസങ്ങളില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം ഗുരുതരമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തലസ്ഥാന ജില്ലയടക്കം ഒമ്പതുജില്ലകള്‍ ഏതവസരത്തിലും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാവുന്ന അവസ്ഥയിലാണെന്നും വകുപ്പ് പറയുന്നു. പ്രതിരോധനടപടികളൊരുക്കാത്ത സര്‍ക്കാരിന്റെ നിഷ്ക്രിയാവസ്ഥ പ്രകടമാക്കുന്നതാണ് വകുപ്പിന്റെ കണക്കുകള്‍. കണക്കുകള്‍ ഭീകരമായി തുടരുമ്പോഴും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

2012ല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ചികിത്സ തേടിയത് 24 ലക്ഷം പേരാണ്. ഇതില്‍ 107 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്ക്. ഡെങ്കിപ്പനി ബാധയില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണ് കേരളം. 2013ല്‍ മാര്‍ച്ച് വരെ 476 പേര്‍ക്ക് ഡെങ്കി ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. തലസ്ഥാനത്ത് ജനുവരിയില്‍മാത്രം 380 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചു. ഫെബ്രുവരിയില്‍ 185 പേരും മാര്‍ച്ച് ആദ്യവാരത്തില്‍ മാത്രം 118 പേരും പകര്‍ച്ചവ്യാധികളാല്‍ ചികിത്സ തേടി. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനിയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിച്ചതെങ്കില്‍ ഇത്തവണ ചിക്കുന്‍ഗുനിയയാണ് ജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ജലജന്യരോഗങ്ങള്‍ എന്നിവയും വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

തലസ്ഥാനജില്ല ഉള്‍പ്പെടെ ഒമ്പത് ജില്ലകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പകര്‍ച്ചപ്പനി ബാധിച്ച് 107 പേരാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് 4056 പേരാണ് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഇതില്‍ 2447 പേരും തലസ്ഥാന ജില്ലയിലാണ്. ഡെങ്കിപ്പനി ബാധിച്ച് 16 പേര്‍ സംസ്ഥാനത്ത് മരിച്ചു. തിരുവന്തപുരത്തും കൊല്ലത്തും നാലും കോട്ടയത്ത് അഞ്ചും ആളുകള്‍ ഡെങ്കിബാധിച്ച് മരിച്ചു. ആയിരത്തിലധികം ആളുകള്‍ എച്ച്വണ്‍ എന്‍വണ്‍ ബാധിതരായതില്‍ 15 പേരാണ് മരിച്ചത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 25000ല്‍ അധികം ആളുകള്‍ പനിക്ക് ചികിത്സതേടി. പനി ബാധിച്ചുമാത്രം 11 പേര്‍ മരിച്ചു. തൃശൂരില്‍ അഞ്ചും പാലക്കാട്ട് മൂന്നും ഇടുക്കിയില്‍ മൂന്നും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 6150 പേര്‍ ചികിത്സ തേടിയവരില്‍എട്ടുപേര്‍ മരിച്ചു. കോഴിക്കോട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് എ പടര്‍ന്നുപിടിക്കുന്നത്. രക്തത്തിലൂടെയും സുരക്ഷിതമല്ലാത്ത രക്തബന്ധത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് ബിയും ഇയും 1266 പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. ഇവരില്‍ 22 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് 750 പേര്‍ ചികിത്സ തേടി. ഇതില്‍ 18 പേര്‍ മരിച്ചു. ചെള്ള് ഉണ്ടാക്കുന്ന സ്ക്രബ്ടൈഫസ് 39 പേര്‍ക്ക് പിടിപെട്ടു. നാലുപേരുടെ ജീവനാണ് സ്ക്രബ്ടൈഫസ് കവര്‍ന്നത്. രണ്ടായിരത്തിലധികം പേര്‍ മലമ്പനി ബാധിച്ച് ചികിത്സ തേടിയപ്പോള്‍ ഇടുക്കിയിലും തൃശൂരിലുമായി മൂന്നുപേര്‍ മരിച്ചു. ആറായിരം പേര്‍ ജലജന്യരോഗങ്ങള്‍ക്ക് ചികിത്സ തേടി. ഇതില്‍ എട്ടുപേര്‍ മഞ്ഞപ്പിത്തം കാരണമാണ് മരിച്ചത്. കോളറ ബാധിച്ച് അഞ്ചു പേരും വയറിളക്കത്താല്‍ ഏഴു പേരും മരിച്ചു. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ഡെങ്കിപ്പനി, വയനാട്ടില്‍ എലിപ്പനി, കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഞ്ഞപ്പിത്ത- ജലജന്യരോഗങ്ങളും കണ്ണൂരില്‍ മലമ്പനിയും പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, മറ്റു നടപടികളോ മുന്‍കരുതലോ ആരോഗ്യവകുപ്പ് എടുത്തില്ല.

deshabhimani 170313

No comments:

Post a Comment