Monday, March 18, 2013

സാമൂഹ്യനീതി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങാകുന്നു


സംസ്ഥാന സാമൂഹ്യനീതി വകുപ്പ് അഴിമതിയുടെ കൂത്തരങ്ങാകുന്നു. വനിതാ കമ്മിഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ശിശുക്ഷേമ വകുപ്പ്, അനാഥാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് തകിടം മറിഞ്ഞ് സാമൂഹത്തിന്റെ ബാധ്യതയായി മാറുന്നത്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച വനിതാ വികസന കോര്‍പ്പറേഷന്‍ ഇന്ന് നാഥനില്ലാ കളരിയാണ്. വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങള്‍ നല്‍കുന്ന റീച്ച് എന്ന പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മരണമണിമുഴക്കി. വനിതകള്‍ക്കുള്ള സ്വയം തൊഴിലുകള്‍ കണ്ടെത്താനുള്ള വായ്പാവിതരണവും നിലച്ചു. ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ക്ക് ആര്‍ത്ത് ഉല്ലസിക്കാനുള്ള വിശ്രമ കേന്ദ്രമായി കോര്‍പ്പറേഷന്‍ മാറി.

ഈ വര്‍ഷം ആദ്യഘട്ടത്തില്‍ ചെയര്‍പേഴ്‌സനും മാനേജിംഗ്ഡയറക്ടറും തമ്മിലുള്ള കൊമ്പുകോര്‍ക്കലുകളുടെ വാര്‍ത്തകളാണ് കേരളം കേട്ടത്. ഗുരുതരമായ നിയമന അഴിമതി ആരോപണത്തെ തുടര്‍ന്ന് മാനേജിംഗ് ഡയറക്ടറെ മാറ്റി. രണ്ട് ദിവസത്തിനുശേഷം ഇതേ ഉദ്യോഗസ്ഥനെ ബോര്‍ഡില്‍ ഉല്‍പ്പെടുത്തിയെന്ന് മാത്രമല്ല മറ്റൊരു അഴിമതി നടത്താനുള്ള കളവും വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഒരുക്കിക്കൊടുത്തു.

ഇതിന്റെ ഭാഗമായി 20 ലക്ഷം രൂപ ചെലവാക്കി നടത്തിയ ജെന്‍ഡര്‍ ഫെസ്റ്റ് പദ്ധതിയുടെ പേരില്‍ 93 ലക്ഷം രൂപ തട്ടിയെടുത്തു. ഇതില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ചിലരുടെ ആശിര്‍വാദമുണ്ടെന്നും ആക്ഷേപമുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷനില്‍ ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ഉദ്യോഗസ്ഥരെ ഡെപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതൊക്കെ താളം തെറ്റി. ഡെപ്യൂട്ടേഷനുള്ളവരെ പിരിച്ചുവിട്ടു. ഇവിടങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ കോഴവാങ്ങി നിയമിച്ചു.

ഇതിനിടെ പണം കൊടുത്തിട്ടും നിയമനം ലഭിക്കാത്തവര്‍ നിരവധിയാണ്. ഇവരിപ്പോള്‍ കാശിനായി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ സമീപിക്കുന്നതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ മുന്‍ അധ്യക്ഷ മുഖ്യമന്ത്രിക്കും ലീഗ് നേതൃത്വത്തിനും പരാതി നല്‍കിയെങ്കിലും നാളിതുവരെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

വനിതകളുടെ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സമീപനമാണ് വനിതാ കമ്മിഷനും സ്വീകരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ദിനംപ്രതി നൂറുകണക്കിന് പേരാണ് പരാതിയുമായി എത്തുന്നത്. ഇവര്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവര്‍ മിക്ക ദിവസങ്ങളിലും കമ്മിഷന്‍ ഓഫീസില്‍ ഉണ്ടാകാറില്ല. ഇക്കാര്യവും മന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും നാളിതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 132 വിദ്യാര്‍ഥിനികളാണ് വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായത്. ഇതില്‍ 87 വിദ്യാര്‍ഥിനികള്‍ക്കും അവരുടെ അധ്യാപകരുടെ ഭാഗത്തുനിന്നുമാണ് അതിക്രമങ്ങള്‍ നേരിടേണ്ടിവന്നത്. 87 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ അഞ്ച് കേസുകളിലെ പ്രതികള്‍ക്ക് മാത്രമേ ഇതുവരെ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതും നിസാരമായ ശിക്ഷ.

കമ്മിഷന്റെ കണക്കുകള്‍ പ്രകാരം സഹപ്രവര്‍ത്തകരില്‍ നിന്നും 347 വനിതാ ഉദ്യോഗസ്ഥര്‍ക്ക് പീഡനങ്ങള്‍ ഉണ്ടായത്. ഇതിലും ഭൂരിഭാഗംപേരും രക്ഷപ്പെട്ടു. കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡോ എം കെ മുനീറും ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ പാഴ്‌വാക്കായി. സ്ത്രീസുരക്ഷ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും നിലച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷസംബന്ധിച്ച് ആരംഭിച്ച  കലാലയ ജ്യോതി സംവിധാനവും പാതിവഴിയിലായി. ഇതിനായി കോടികള്‍ ചെലവിട്ടത് മാത്രം മിച്ചം.

അംഗനവാടികളുടെ പ്രവര്‍ത്തനവും താറുമാറായി. ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ല. വിതരണം ചെയ്യുന്ന അരി ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ശക്തമാണ്. ഇതിനെക്കാള്‍ ഏറെ ദയനീയമാണ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളും വൃദ്ധ സദനങ്ങളും. തലസ്ഥാന നഗരത്തിലെ ഒരു അനാഥ മന്ദിരത്തില്‍ കുട്ടികള്‍ക്ക് കിടക്കാന്‍ പായോ വിരിപ്പോ ഇല്ലാത്ത അവസ്ഥയാണ്. കുട്ടികള്‍ക്ക് അസുഖമായാല്‍ ആശുപത്രികളില്‍ എത്തിക്കില്ല. എത്തിച്ചാല്‍തന്നെ കൂട്ടിരിപ്പുകാരെ നല്‍കാറുമില്ല. കഴിഞ്ഞ മാസം ഗുരുതരമായ പനിബാധിച്ച് മരണത്തെ മുഖാമുഖം കണ്ട വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ എത്തിച്ചത് 10 ദിവസത്തിന് ശേഷം. ഇക്കാര്യത്തിലും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടികള്‍ ഉണ്ടായില്ല.

വൃദ്ധസദനങ്ങളുടെ അവസ്ഥയും മറിച്ചല്ല. സാമൂഹ്യ സുരക്ഷ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുരയിലെ അനാഥരായ വൃദ്ധരുടെ അവസ്ഥ നരകതുല്യം. പോഷകാംശമുള്ള ഭക്ഷണംപോലും പലദിവസങ്ങളിലും ഇവര്‍ നല്‍കാറില്ല. അസുഖം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കില്ല. എത്തിച്ചാല്‍തന്നെ അനാഥരുടെ വാര്‍ഡില്‍ എത്തിച്ച് ഉദ്യോഗസ്ഥര്‍ മുങ്ങും. നെറികേടിന്റെ പര്യായമായി ഈ സ്ഥാപനങ്ങളൊക്കെ മാറി.

വൃദ്ധജനങ്ങളുടെ ആരോഗ്യവും ഉല്ലാസവും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്‍ഡര്‍ പാര്‍ക്ക് സംവിധാനവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. പാര്‍ക്ക് തുടങ്ങുന്നതിനുള്ള രൂപരേഖ തയ്യാറാക്കി ആവശ്യമായ തുക ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇതിനായി ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി. ഈ ഉദ്യോഗസ്ഥയെ തല്‍സ്ഥാനത്തുനീന്നും നീക്കിയതോടെ ഈ പദ്ധതിയും പെരുവഴിയിലായി.

janayugom 180313

No comments:

Post a Comment