Monday, March 18, 2013

വിദ്യാര്‍ഥികള്‍ക്ക് ഫീസ് മടക്കിനല്‍കിയതില്‍ ലക്ഷങ്ങളുടെ തിരിമറി


കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് മടക്കി നല്‍കിയതില്‍ ലക്ഷങ്ങളുടെ തിരിമറി. 2011-12 വര്‍ഷം പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തശേഷം അത് റദ്ദാക്കി റഗുലര്‍ കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ഥികളുടെ ഫീസ് മടക്കി നല്‍കിയതിലാണ് വ്യാപക ക്രമക്കേട് നടന്നതായി എസ്സിഇആര്‍ടി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. തുക ചെലവഴിച്ചതിന് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച വൗച്ചറുകള്‍ ഓഡിറ്റ് വിഭാഗം മടക്കി. 14 ജില്ലകളില്‍ രജിസ്ട്രേഷന്‍ റദ്ദ് ചെയ്ത 5679 വിദ്യാര്‍ഥികള്‍ക്ക് ഫീസ് മടക്കി നല്‍കാന്‍ 32,09,200 രൂപയാണ് അനുവദിച്ചത്. ഫീസിനത്തില്‍ 31,34,000 രൂപയും വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യാത്രാചെലവായി 75,200 രൂപയും ഉള്‍പ്പെടെ കഴിഞ്ഞ ആഗസ്തിലാണ് മുന്‍കൂറായി അനുവദിച്ചത്. ഇത് ചെലവഴിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്.

2011-12 വര്‍ഷം പ്ലസ്വണ്‍ പ്രവേശനത്തില്‍ അലോട്ട്മെന്റ് വളരെ വൈകിയതിനാല്‍ വിദ്യാര്‍ഥികളില്‍ പലരും ഓപ്പണ്‍ സ്കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് അധിക ബാച്ച്് അനുവദിച്ചത്. സര്‍ക്കാര്‍മേഖലയില്‍ 182ഉം എയ്ഡഡ് മേഖലയില്‍ 368ഉം ബാച്ചാണ് അനുവദിച്ചത്. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷന്‍ റദ്ദാക്കിയത്. പ്രൈവറ്റ് രജിസ്ട്രേഷന് ഒരു വിദ്യാര്‍ഥിയില്‍നിന്ന് 400 രൂപയും ഓപ്പണ്‍ സ്കൂള്‍ റഗുലര്‍ സ്കീമില്‍പ്പെട്ടവരില്‍നിന്ന്1000 രൂപയുമാണ് വാങ്ങിയത്. ഇത് മടക്കി നല്‍കിയതിലാണ് വന്‍തിരിമറി. ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ വിദ്യാര്‍ഥികളുടെ പേരിലുള്ള വ്യാജ വൗച്ചറുകളും ഒരു വിദ്യാര്‍ഥിയുടെ പേരില്‍തന്നെ പല വൗച്ചറുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രജിസ്ട്രേഷന്‍ റദ്ദുചെയ്യാത്ത വിദ്യാര്‍ഥികളുടെ പേരിലും തുക അനുവദിച്ചിട്ടുണ്ട്.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിക്കുന്നവര്‍ക്ക് പണം നല്‍കാനാണ് ഓപ്പണ്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത്. രജിസ്ട്രേഷനുവേണ്ടി ഓപ്പണ്‍ സ്കൂളില്‍ സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ചാകാം കൃത്രിമം നടന്നതെന്നാണ് നിഗമനം. യാത്രാബത്തയും ഡിഎയും കൈപ്പറ്റിയതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പലരും ആഡംബര ഹോട്ടലുകളില്‍ താമസിച്ചതിന്റെ വൗച്ചറുകളാണ് സമര്‍പ്പിച്ചത്. ഇതും ഓഡിറ്റ് വിഭാഗം മടക്കി.

തുക കൈപ്പറ്റിയതായി വിദ്യാര്‍ഥികള്‍ ഒപ്പിട്ട് നല്‍കിയ വൗച്ചറില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ മേലൊപ്പിട്ട് സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. മിക്ക വൗച്ചറുകളിലും ഇത് നടന്നിട്ടില്ല. പണം കൈപ്പറ്റാത്ത വിദ്യാര്‍ഥികള്‍ ഭാവിയില്‍ ഓഫീസില്‍ നേരിട്ട് സമീപിച്ചാല്‍ വെട്ടിപ്പ് പുറത്താകുമെന്ന് ഭയന്നാണ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തല്‍ നടത്താതിരുന്നത്. ഈ വൗച്ചറുകള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഓഡിറ്റ് വിഭാഗം. രജിസ്ട്രേഷന്‍ റദ്ദാക്കിയ വിദ്യാര്‍ഥികള്‍ക്ക് പണം ഡിഡിയായി അയച്ചുകൊടുക്കാറാണ് പതിവ്. ഇത്തവണയും ഡിഡി അയയ്ക്കുന്നതിന് 25 രൂപ തപാല്‍ ചാര്‍ജും മറ്റ് ചെലവുകള്‍ക്ക് 25 രൂപയും ഉള്‍പ്പെടെ 60 രൂപ ഓരോ വിദ്യാര്‍ഥിയില്‍നിന്നും ഈടാക്കിയിരുന്നു. ഇതിനുശേഷമാണ് ജില്ലാ കേന്ദ്രങ്ങള്‍ വഴി പണം നേരിട്ട് വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
(സി പ്രജോഷ്കുമാര്‍)

deshabhimani 180313

No comments:

Post a Comment