Wednesday, March 20, 2013

സ്ത്രീകളെ ശല്യപ്പെടുത്തുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമാക്കി


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ഓര്‍ഡിനന്‍സിനുപകരമായി സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമഭേദഗതി ബില്‍ സ്ത്രീസംരക്ഷണത്തിന് എതിരായെന്ന് ആക്ഷേപം. സ്ത്രീകളെ ശല്യപ്പെടുത്തുന്നത് ജാമ്യം ലഭിക്കുന്ന കുറ്റമാക്കി. ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആദ്യതവണ ജാമ്യം ലഭിക്കാവുന്നവയാക്കി. അതേസമയം, കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം ലഭിക്കില്ലെന്ന് ബില്ലില്‍ പറയുന്നു. പ്രായപരിധി, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്നിവയുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നതിനെതുടര്‍ന്ന് സര്‍വകക്ഷിയോഗത്തിലാണ് ധാരണയായത്. ഭൂരിഭാഗം സംഘടനകളുടെയും ആവശ്യത്തെതുടര്‍ന്നാണ് ഉഭയസമ്മതത്തോടെയുള്ള പ്രായപരിധി പതിനെട്ടായി നിശ്ചയിച്ചതെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

എല്ലാ ക്രിമിനല്‍നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് എ സമ്പത്ത് ചര്‍ച്ചയില്‍ പറഞ്ഞു. മിക്കനിയമങ്ങളും സ്ത്രീവിരുദ്ധവും പുരുഷകേന്ദ്രീകൃതവുമായി തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത മധുര എന്ന പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ടിട്ടും കേസ് അനന്തമായി നീണ്ടു. സുശീല ഗോപാലന്‍ ഉള്‍പ്പെടെയുള്ള വനിതാനേതാക്കള്‍ പാര്‍ലമെന്റില്‍ ഈ വിഷയം ഉന്നയിച്ച് തുടര്‍ച്ചയായി പ്രക്ഷോഭം നടത്തിയതിനെതുടര്‍ന്നാണ് 1983ല്‍ ക്രിമിനല്‍നിയമം ഭേദഗതിചെയ്തത്. സ്ത്രീകളും കുട്ടികളും ലിംഗപരമായി ന്യൂനപക്ഷത്തില്‍പ്പെട്ടവരും ഇരകളുമാണ്- സമ്പത്ത് പറഞ്ഞു. 376 (2) എ വകുപ്പില്‍ സ്ത്രീ എന്നത് വ്യക്തി എന്നാക്കി മാറ്റണമെന്ന ഭേദഗതിനിര്‍ദേശവും സമ്പത്ത് മുന്നോട്ടുവച്ചു. ഇതോടൊപ്പം ജയിലുകളിലും ജുവനൈല്‍ ഹോമുകളിലും മറ്റും നടക്കുന്ന കസ്റ്റഡിപീഡനങ്ങളെ ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സമ്പത്ത് മുന്നോട്ടുവച്ചു. എന്നാല്‍, ഈ ഭേദഗതിനിര്‍ദേശങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയില്ല. ആസിഡ് ആക്രമണക്കേസുകളിലും കുട്ടികളെ കടത്തുന്ന കേസുകളിലും ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെഡിയുടെ ബി മെഹ്താബ് മുന്നോട്ടുവച്ച ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളി. ആദ്യ ഭേദഗതിനിര്‍ദേശത്തിന് അനുകൂലമായി 62 വോട്ട് കിട്ടിയപ്പോള്‍ 105 പേര്‍ എതിര്‍ത്തു. രണ്ടാമത്തെ ഭേദഗതിയെ 65 പേര്‍ പിന്തുണച്ചപ്പോള്‍ 129 പേര്‍ എതിര്‍ത്തു. ക്രിമിനല്‍ നിയമഭേദഗതി ബില്‍ ലോക്സഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ അടുത്തദിവസം രാജ്യസഭയുടെ പരിഗണനയ്ക്ക് വരും.

deshabhimani 200313

No comments:

Post a Comment