Wednesday, March 20, 2013

യുപിഎ സര്‍ക്കാര്‍ ദയനീയ ന്യൂനപക്ഷമായി


യുപിഎ സംവിധാനത്തില്‍നിന്ന് പുറത്തുവരാനും പിന്തുണ പിന്‍വലിക്കാനും ഡിഎംകെ തീരുമാനിച്ചതോടെ യുപിഎ സര്‍ക്കാര്‍ ദയനീയ അവസ്ഥയില്‍. പ്രധാന പാര്‍ടികള്‍ വിട്ടുപോയ രാഷ്ട്രീയ മുന്നണിയായി യുപിഎ മാറി. സെപ്തംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായിരുന്നു. 19 അംഗങ്ങളാണ് തൃണമൂലിനുണ്ടായിരുന്നത്. 18 അംഗങ്ങളുള്ള ഡിഎംകെ കൂടി മുന്നണി വിട്ടു. ഇപ്പോള്‍ 229 അംഗങ്ങളാണ് യുപിഎക്കുള്ളത്. യുപിഎയില്‍ ഉണ്ടായിരുന്ന വിടുതലൈ ചിരുതൈഗള്‍ കച്ചി കൂടി പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് (203), എന്‍സിപി (ഒമ്പത്), ആര്‍എല്‍ഡി (അഞ്ച്), നാഷണല്‍ കോണ്‍ഫറന്‍സ് (മൂന്ന്), മുസ്ലിംലീഗ് (രണ്ട്), കേരളാ കോണ്‍ഗ്രസ് എം (ഒന്ന്), മറ്റുള്ളവര്‍ (ആറ്) എന്നിങ്ങനെയാണ് യുപിഎ കക്ഷിനില. 2009 മെയില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പുറത്തുനിന്നുള്ളവരുടേതടക്കം 316 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. 2012 സെപ്തംബറില്‍ തൃണമൂലും ഇപ്പോള്‍ ഡിഎംകെയും യുപിഎ വിട്ടു. 22 അംഗങ്ങളുള്ള സമാജ്വാദി പാര്‍ടി, 21 അംഗങ്ങളുള്ള ബഹുജന്‍ സമാജ് പാര്‍ടി, മൂന്ന് അംഗങ്ങളുള്ള ആര്‍ജെഡി, മൂന്ന് അംഗങ്ങളുള്ള ജനതാദള്‍ (സെക്കുലര്‍) എന്നിവയുടെയും ചെറുപാര്‍ടികള്‍, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ യുപിഎ സര്‍ക്കാരിന് തുടരാന്‍ കഴിയും. എസ്പിയോ ബിഎസ്പിയോ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. സമാജ്വാദി പാര്‍ടി ഏതു നിമിഷവും പിന്തുണ പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമാണെന്നാണ് സൂചന. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപ കാര്യത്തില്‍ എസ്പി അടക്കം നിരവധി പ്രാദേശിക പാര്‍ടികള്‍ക്ക് യുപിഎ സര്‍ക്കാരിനോട് നീരസമുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പിലേക്ക് പെട്ടെന്ന് എടുത്തുചാടേണ്ടതില്ല എന്നതിനാലാണ് പിന്തുണ പിന്‍വലിക്കാതിരുന്നത്.

ഇടതുപക്ഷം (24), തൃണമൂല്‍ കോണ്‍ഗ്രസ് (19), ഡിഎംകെ (18), ബിജെഡി (14), എഐഎഡിഎംകെ (ഒമ്പത്), തെലുഗുദേശം പാര്‍ടി (ആറ്) എന്നിവ ചേര്‍ന്നാല്‍ 90 അംഗങ്ങളാണുള്ളത്. എന്‍ഡിഎക്ക് 151 അംഗങ്ങളുമുണ്ട്. കോണ്‍ഗ്രസ്, ബിജെപിയിതര പാര്‍ടികള്‍ ചേര്‍ന്നാല്‍ വലിയ രാഷ്ട്രീയശക്തിയാണെന്ന ചിത്രമാണ് കക്ഷിനില വരച്ചുകാട്ടുന്നത്.

deshabhimani 200313

No comments:

Post a Comment