Saturday, March 9, 2013
ഒ വി വിജയന് പ്രതിമ പുനര്‍നിര്‍മാണം: സാംസ്കാരിക കൂട്ടായ്മ ഏറ്റെടുക്കും
""ബാക്കി വല്ലതുമുണ്ടോ... "" ദയ പോയി, ദാക്ഷിണ്യം പോയി, ലോഹ്യം പോയി, മര്യാദ പോയി ബാക്കി വല്ലതുമുണ്ടോ... എന്‍ വി കൃഷ്ണവാരിയരുടെ ഈ വരികള്‍ കോട്ടക്കലിന്റെ സാംസ്കാരിക മനസ്സിനെ വെള്ളിയാഴ്ച വൈകുന്നേരം വല്ലാതെ പിടിച്ചുലച്ചു. സാംസ്കാരിക തനിമകളെ തച്ചുതകര്‍ക്കുന്ന അക്ഷര വിരോധികളുടെ സമാനതകളില്ലാത്ത വിവരക്കേടിനെതിരായി ഒരുക്കിയ കൂട്ടായ്മയിലാണ് പ്രതിഷേധ സ്വരമായി ഈ കവിതയും കോട്ടക്കല്‍ പൗരാവലിയുടെ കാതുകളിലേക്കെത്തിയത്. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ ഒരുക്കിയ ഒ വി വിജയന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മയിലാണ് സുരേഷ് പിള്ളാട്ട് ഈ കവിത ചൊല്ലിയത്.
വിശ്വസാഹിത്യകാരന് ഒ വി വിജയന്റെ പ്രതിമ ഒരു മാസത്തിനകം പുനഃസ്ഥാപിക്കാന്‍ കോട്ടക്കല്‍ നഗരസഭ തയ്യാറായില്ലെങ്കില്‍ അതേറ്റെടുക്കാന്‍ തയ്യാറാണെന്ന് സാംസ്കാരിക കൂട്ടായ്മ പ്രഖ്യാപിച്ചു. അനുമതികൊടുക്കാതെ നാടകം കളിച്ചശേഷം കനത്ത പ്രതിഷേധമുയര്‍ന്നപ്പോള്‍ അനുവാദം നല്കി മുഖംരക്ഷിച്ച നഗരസഭക്ക് പ്രതിമ പുനഃസ്ഥാപിക്കാന്‍ ബാധ്യതയുണ്ടെന്ന് കൂട്ടായ്മയില്‍ അണിനിരന്നവര്‍ ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഒരു മാസത്തിനകം പ്രതിമ പുനഃസ്ഥാപിക്കാന്‍ നഗരസഭതന്നെ മുന്നിട്ടിറങ്ങണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ നിര്‍മാണ പ്രവൃത്തി കോട്ടക്കലിലെ ജനങ്ങള്‍ക്കൊപ്പം സാംസ്കാരിക കൂട്ടായ്മയേറ്റെടുക്കുമെന്ന ഉറച്ച വാക്കുമായാണ് പിരിഞ്ഞത്. കൂട്ടായ്മ കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. പ്രൊഫ. പാലക്കീഴ് നാരായണന് അധ്യക്ഷനായി. ഡോ. ഹുസൈന് രണ്ടത്താണി, കവി മണമ്പൂര്‍ രാജന്‍ബാബു, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി പരമേശ്വരന്, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ബഷീര്‍ ചുങ്കത്തറ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വേണുപാലൂര്‍, സര്‍വോദയം ബാലകൃഷ്ണന്, എ പി അഹമ്മദ്, സിപിഐ എം ലോക്കല്‍ സെക്രട്ടറി എന്‍ പുഷ്പരാജന്‍ എന്നിവര്‍ സംസാരിച്ചു. ടി കബീര്‍ സ്വാഗതവും ഡോ. ശശിധരന് ക്ലാരി നന്ദിയും പറഞ്ഞു.
ലീഗില്‍ വിവേകമുള്ളവരുടെ കുറവ് പുറത്തായി: കെ ടി ജലീല്‍
മലപ്പുറം: മുസ്ലിംലീഗില്‍ വിവേകത്തോടെ ചിന്തിക്കുന്നവരുടെ ദൗര്‍ലഭ്യമാണ് ഒ വി വിജയന്റെ പ്രതിമ തകര്‍ക്കലിലൂടെ പുറത്തായതെന്ന് കൂട്ടായ്മ ഉദ്ഘാടനംചെയ്ത് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. പാര്‍ടിയില്‍ വിവേകമുള്ളവരുണ്ടെങ്കില് ഇത് സംബന്ധിച്ച് വിവാദംപോലും ഉണ്ടാവുമായിരുന്നില്ല. തകര്‍ത്ത പ്രതിമ പുനഃസ്ഥാപിക്കാനോ അതേക്കുറിച്ച് പ്രസ്താവനയിറക്കാനോ ലീഗ് നേതാക്കളോ മന്ത്രിമാരോ തയ്യാറാവാത്തതും ഇതുമായി ചേര്‍ത്തുവായിക്കണം. കലോത്സവ നടത്തിപ്പിലൂടെ മുഖമുയര്ത്തിപ്പിടിച്ച നാട് തിരൂരിലെ പിഞ്ചുകുഞ്ഞിന്റെ പീഡനത്തിലൂടെയും ഒ വി വിജയന്റെ പ്രതിമ തകര്ക്കലിലൂടെയും തലകുനിക്കേണ്ടിവന്നിരിക്കുന്നു. മലപ്പുറത്തിന്റെ സാംസ്കാരിക മുഖത്തിനേറ്റ തിരിച്ചടിയാണ് പ്രതിമ തകര്‍ക്കല്‍. അപലപനീയമായ തരത്തില്‍ നഗരസഭയുടെ കൈകള്‍ ഈ വിഷയത്തില്‍ പാപപങ്കിലമാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗ എന്ന വീട്ടില്‍ താമസിക്കാത്ത വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് എങ്ങനെ വിദ്യാര്‍ഥികളോട് പറയും. മുസ്ലിംപാര്ടിയാണെന്ന് വിമര്‍ശമുയര്‍ന്നപ്പോള്‍ സീതിഹാജി മറുപടി പറഞ്ഞത് ഹിന്ദുപേരായ ചന്ദ്രികയാണ് ലീഗ് മുഖപത്രത്തിന്റെ പേരെന്നായിരുന്നു. ഈ വിവരമെങ്കിലും അബ്ദുറബ്ബിനുണ്ടാവണം. പ്രതിമ തകര്‍ത്തതിലെ ദുരൂഹത നീക്കാന്‍ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഒ വി വിജയന്റെ പ്രതിമ തകര്‍ത്തതിനെക്കുറിച്ച് പ്രതികരിക്കാന്‍ പറ്റിയ ഭാഷ മലയാളത്തിലില്ലെന്ന് പ്രൊഫ. പാലക്കീഴ് നാരായണന് പറഞ്ഞു. മനോരോഗത്തിന്റെ ലക്ഷണമാണ് പ്രതിമ തകര്‍ക്കലിലൂടെ വെളിവായത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ചിലരുടെ ശ്രമമാണ് പ്രതിമ തകര്‍ക്കലിന് പിന്നിലെന്ന് ഡോ. ഹുസൈന് രണ്ടത്താണി പറഞ്ഞു. കോട്ടക്കലിലെ പി എസ് വാരിയരുടെ പ്രതിമക്ക് തൊട്ടടുത്തിരുന്ന് ജാതിമതഭേദമെന്യെ സൗഹൃദത്തിന്റെ തെളിനീരുപോലെ സൗജന്യമരുന്നു വിതരണം നടത്തുന്ന നാടാണിത്. അവിടെയാണ് താലിബാനിസം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ കളങ്കം കോട്ടക്കലുകാര്‍ എങ്ങനെ കഴുകിക്കളയുമെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്തിന്റെ മണ്ണില്‍ നടന്ന സാംസ്കാരിക മാനഭംഗമാണ് പ്രതിമ തകര്‍ക്കലിലൂടെ നടന്നിരിക്കുന്നതെന്ന് കവി മണമ്പൂര്‍ രാജന്‍ബാബു പറഞ്ഞു. ഒ വി വിജയന്റെ സ്മാരകം അലങ്കോലപ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ അവരെഴുതിയ വാക്കുകള്‍ അലങ്കോലപ്പെടുത്താന്‍ ഇവരെത്ര ശ്രമിച്ചാലും സാധിക്കില്ല. പൊലീസ് ക്യാമ്പില്‍പോലും ഒ വി വിജയന്റെ് സ്മാരകമുള്ള ജില്ലയാണ് മലപ്പുറം. അതേ ജില്ലയിലാണ് സ്കൂളില്‍ സ്ഥാപിച്ച പ്രതിമ തകര്‍ത്തത്. പൊറുക്കാനാവാത്ത ഈ തെറ്റ് ചെയ്തവര്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകമെങ്കിലും വായിച്ചാല്‍ മാപ്പു പറയേണ്ടിവരും. പ്രതിമയെനോക്കി ആരാധിക്കാനും തകര്‍ക്കാനും താലിബാനികളോളം മന്ദബുദ്ധികളല്ല മലപ്പുറത്തുകാര്‍ എന്ന് ലീഗുകാര്‍ തിരിച്ചറിയണമെന്ന് എ പി അഹമ്മദ് പറഞ്ഞു. എല്ലാവരെയും വിമര്‍ശിക്കുകയും അംഗീകരിക്കുകയുംചെയ്ത വിജയന്റെ പ്രതിമ തകര്‍ത്തത് നീതികരിക്കാനാവില്ലെന്ന് ബഷീര്‍ ചുങ്കത്തറ പറഞ്ഞു.
deshabhimani 090313
Labels:
മുസ്ലീം ലീഗ്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment