Saturday, March 16, 2013

സിഐടിയു സമ്മേളനം അലങ്കോലമാക്കല്‍ പൊലീസ് അജന്‍ഡയോ?

കണ്ണൂര്‍ നഗരത്തില്‍ ഉയര്‍ത്തിയ കൊടികള്‍ അഴിച്ചെടുത്തത് സിഐടിയു ദേശീയ സമ്മേളനം അലങ്കോലമാക്കിയേ അടങ്ങൂവെന്ന പൊലീസ് അജന്‍ഡയുടെ തുടക്കം. ചെങ്കൊടി പാറുന്നത് പൊലീസിന് സഹിക്കുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസ് സിഐടിയു സമ്മേളന പ്രചാരണ ബോര്‍ഡുകളും മറ്റും നീക്കംചെയ്യുന്ന പണിയിലായിരുന്നു. പ്രതിഷേധം ഭയന്ന് രാത്രിയുടെ മറവിലാണ് പൊലീസ് കൊടിയും ബോര്‍ഡും "പൊക്കാന്‍" ഇറങ്ങുന്നത്. കണ്ണൂരില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗം പൊതുസ്ഥലങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ടികളുടെയും ഇതര സംഘടനങ്ങളുടെയും പ്രചാരണ സാമഗ്രികള്‍ നീക്കംചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും പ്രചാരണം നീക്കം ചെയ്യുന്നതിനെ എതിര്‍ത്തതാണ്. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ബോധ്യമുണ്ട്. കൊടി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സംസാരിച്ച നേതാക്കളോട് ആഭ്യന്തരമന്ത്രി വെള്ളിയാഴ്ച പറഞ്ഞതും നേരത്തെയുള്ള തീരുമാനമായിരുന്നു. പൊലീസ് ഇതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് കണ്ണൂര്‍ നഗരത്തിലെ ട്രാഫിക് ഐലന്‍ഡില്‍ കൊടി നാട്ടിയത്. ഗതാഗതത്തിന് തടസ്സമില്ലാതെ പൊലീസ് നിര്‍ദേശിച്ച ഉയരം ക്രമീകരിച്ചാണ് കൊടികള്‍ കെട്ടിയത്. എന്നിട്ടും പൊലീസ് ഇത് നീക്കം ചെയ്തത് എന്തിനാണെന്ന് വ്യക്തമല്ല.

രണ്ടാഴ്ച മുമ്പ് സിഐടിയു സമ്മേളന ബോര്‍ഡുകള്‍ നീക്കം ചെയ്തപ്പോള്‍ സ്വാഗതസംഘം ഭാരവാഹികള്‍ ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഗതാഗതത്തിനും മറ്റും തടസ്സമില്ലാതെ സമ്മേളന പ്രചാരണം നടത്തുന്നതിന് ഒരു പ്രശ്നവുമില്ലെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയതാണ്. പൊലീസിന്റെ ധിക്കാരത്തിനെതിരായ പ്രതിഷേധമാണ് വെള്ളിയാഴ്ച ജില്ലയില്‍ ഉയര്‍ന്നത്. കൊടി വീണ്ടും സ്ഥാപിക്കുകയാണെന്നും ഇതുമാറ്റിയാല്‍ ഇതിനേക്കാള്‍ കൂടൂതല്‍ പതാകയും വലിയ ബോര്‍ഡും സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രിയോട് നേതാക്കള്‍ക്ക് പറയേണ്ടിവന്നു. യൂണിഫോമിന് പൊലീസ് എന്തുവിലയാണോ കല്‍പ്പിക്കുന്നത് അതിനേക്കാള്‍ തൊഴിലാളികള്‍ ചെങ്കൊടിയെ ബഹുമാനിക്കുന്നുണ്ടെന്ന് ഡിജിപിക്കും കേള്‍ക്കേണ്ടിവന്നു. ആഭ്യന്തമന്ത്രിയെയും ഡിജിപിയെയും മറികടന്നാണ് ഇനി പൊലീസിന്റെ പ്രവര്‍ത്തനമെങ്കില്‍ തൊഴിലാളികള്‍ക്കും അതേ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്നുള്ള മുന്നറിയിപ്പാണ് വെള്ളിയാഴ്ച കണ്ണൂരിലുണ്ടായ പ്രതിഷേധം.

തൊഴിലാളി പ്രതിഷേധം അണപൊട്ടി സമ്മേളന കൊടികള്‍ പൊലീസ് തിരിച്ചുനല്‍കി

കണ്ണൂര്‍: തൊഴിലാളികളുടെ വന്‍ പ്രതിഷേധത്തെതുടര്‍ന്ന് സിഐടിയു ദേശീയ സമ്മേളനത്തിന് ഉയര്‍ത്തിയ കൊടികള്‍ പൊലീസ് തിരിച്ചുനല്‍കി. സമ്മേളനം അലങ്കോലമാക്കുന്നതിന് വഴിവിട്ടു പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ പൊലീസ് ജനരോഷത്തിനുമുന്നില്‍ മുട്ടുമടക്കി. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെ കണ്ണൂരില്‍ നടക്കുന്ന സിഐടിയു ദേശീയ സമ്മേളന പ്രചാരണാര്‍ഥം നഗരത്തില്‍ ഉയര്‍ത്തിയ കൊടികള്‍ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അഴിച്ചുകൊണ്ടുപോയിരുന്നു. കാല്‍ടെക്സ് ജങ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാന്‍ഡുവരെ പാതയോരങ്ങളില്‍ ഗതാഗതത്തിന് തടസ്സമില്ലാതെ സ്ഥാപിച്ച നൂറുകണക്കിന് കൊടികളാണ് പൊലീസ് നീക്കംചെയ്തത്.

പൊലീസ് നടപടി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വെള്ളിയാഴ്ച സമ്മേളന സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്റെയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്റെയും നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുതിയ കൊടികള്‍ കെട്ടി. ഇതിനുശേഷം കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസിലെത്തിയ നേതാക്കളും പ്രവര്‍ത്തകരും പൊലീസ് അഴിച്ചെടുത്ത കൊടികള്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടു. കൊടി എടുത്തിട്ടില്ലെന്നായിരുന്നു ആദ്യം പൊലീസിന്റെ ഭാഷ്യം. ഗതാഗതതടസ്സം സൃഷ്ടിക്കുന്നതിനാല്‍ നീക്കം ചെയ്തതാണെന്നും തിരിച്ചുതരില്ലെന്നും പിന്നീട് നിലപാട് തിരുത്തി. ഇതോടെ നേതാക്കള്‍ സിഐ ഓഫീസില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡിജിപി ബാലസുബ്രഹ്മണ്യവും പ്രശ്നത്തില്‍ ഇടപെട്ടു. കൊടികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ട്രാഫിക്ക് ഐലന്‍ഡില്‍ കൊടി കെട്ടില്ലെന്ന് ഉറപ്പുതന്നാല്‍ തിരിച്ചുതരാമെന്നും പൊലീസ് പറഞ്ഞു. ഗതാഗതത്തെ ബാധിക്കാത്തനിലയില്‍ കൊടികെട്ടാമെന്ന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സമ്മേളനത്തിന് അഞ്ചു ദിവസം മുമ്പുമാത്രമേ കൊടിതോരണങ്ങള്‍ അനുവദിക്കൂ എന്നായി പൊലീസ്. ഇത്തരം ഒരു വ്യവസ്ഥയും സ്വീകാര്യമല്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാത്തനിലയില്‍ കൊടികെട്ടുമെന്നും ഇനിയും പൊലീസ് എടുത്തുകൊണ്ടുപോയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പറഞ്ഞു. ഇതോടെ വ്യവസ്ഥകളെല്ലാം പിന്‍വലിച്ച് പൊലീസ് കൊടികള്‍ തിരിച്ചുനല്‍കി.

ടി കൃഷ്ണന്‍, അരക്കന്‍ ബാലന്‍, പി വി കൃഷ്ണന്‍, എന്‍ ചന്ദ്രന്‍, എം ജയലക്ഷ്മി, പൂക്കോടന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ കൊടികെട്ടാനും പൊലീസ് സ്റ്റേഷനിലെ കുത്തിയിരിപ്പ് സമരത്തിനും നേതൃത്വം നല്‍കി.

"തൊഴിലാളിപ്പടര്‍ന്ന കാലങ്ങള്\" പ്രകാശനംചെയ്തു

കണ്ണൂര്‍: സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം പ്രചാരണ കമ്മിറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി ഫിലിം "തൊഴിലാളിപ്പടര്‍ന്ന കാലങ്ങള്‍" സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനംചെയ്തു. അനശ്വര രക്തസാക്ഷി അഴിക്കോടന്‍ രാഘവന്റെ സഹധര്‍മിണി മീനാക്ഷി ടീച്ചര്‍ക്ക് നല്‍കിയായിരുന്നു പ്രകാശനം.

രാജ്യത്തെ ഏറ്റവും കരുത്തുറ്റ കേന്ദ്ര ട്രേഡ് യൂണിയനായ സിഐടിയുവിന്റെ അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥ്യമേകാന്‍ ആദ്യമായാണ് കണ്ണൂരിന് അവസരം ലഭിക്കുന്നത്. ഈ നാടിന്റെ കരുത്തിനും പാരമ്പര്യത്തിനുമനുസൃതമായി ഏറ്റവും മികവോടെ സമ്മേളനത്തിന് ആതിഥ്യമേകാന്‍ കഴിയണമെന്ന് പിണറായി പറഞ്ഞു. സമ്മേളന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന പൊലീസ് നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും മുപ്പതുകള്‍ മുതല്‍ കേരളത്തിലെങ്ങും കത്തിപ്പടര്‍ന്ന മുന്നേറ്റവും വരച്ചുകാട്ടുന്ന ഡോക്യുമെന്ററി നാടിന്റെ സാമൂഹ്യാന്തരീക്ഷം മാറ്റിയെഴുതിയ സമരചരിത്രത്തെ പുതിയതലമുറക്ക് പരിചയപ്പെടുത്തുന്നു. കൈരളി ടിവിയിലെ ബിജു മുത്തത്തി, ബാബുരാജ് മോറാഴ എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി ഒരുക്കിയത്. സ്വാഗതസംഘം ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രചാരണകമ്മിറ്റി ചെയര്‍മാന്‍ എം വി ജയരാജന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍, ബിജു മുത്തത്തി എന്നിവര്‍ സംസാരിച്ചു. എന്‍ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

deshabhimani

No comments:

Post a Comment