Saturday, March 16, 2013
യു എന്‍ റിപ്പോര്‍ട്ട് മാനവ വികസനത്തില്‍ ഇന്ത്യക്ക് 136-ാം സ്ഥാനം മാത്രം
പുത്തന്‍സാമ്പത്തിക നയം മുഖേന രാജ്യം കൈവരിച്ചിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും ഇന്ത്യയില്‍ പിറന്നുവീഴുന്ന നവജാത ശിശുവിന്റെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം, യുദ്ധ കലുഷിതമായ ഇറാക്കിനേക്കാള്‍ താഴെ. 25 വയസുവരെയുളള ഒരു ഇന്ത്യന്‍ യുവാവിനോ യുവതിക്കോ ലഭിക്കാവുന്ന വിദ്യാഭ്യാസം ആഫ്രിക്കന്‍ രാഷ്ട്രമായ ഘാനയിലെ ഒരു പൗരന് ലഭിക്കുന്നതിനേക്കാളും താഴെയാണ്.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയെന്ന് സ്വയം പ്രഘോഷിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെക്കുറിച്ച് യു എന്‍ മനുഷ്യവികസന റിപ്പോര്‍ട്ട് 2013 ലാണ് കണ്ണുതുറപ്പിക്കുന്ന ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1990 ല്‍ പ്രതിശീര്‍ഷ ദേശീയ വരുമാനം 1229 ഡോളറായിരുന്നു. പ്രതിവര്‍ഷം അഞ്ച് ശതമാനം നിരക്കില്‍ വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെയാണ് ഇന്ത്യയിലെ യഥാര്‍ഥ സ്ഥിതിയെക്കുറിച്ചുള്ള യു എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുളളത്. പ്രതിശീര്‍ഷ മൊത്തം ദേശീയ വരുമാനം 2011 ല്‍ 3468 ഡോളറായിരുന്നത് ഇപ്പോള്‍ 3285 ഡോളറായി കുറഞ്ഞിട്ടുണ്ട്. മനുഷ്യ വികസന സൂചികയെക്കുറിച്ച് യു എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ നില പരിതാപകരമാണ്.
ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ കാര്യങ്ങളില്‍ യു എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 187 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്. ആഫ്രിക്കയിലെ ഗിനിയക്കുതുല്യം. തെക്കു-കിഴക്കനേഷ്യയിലെ കമ്പോഡിയായിലെക്കാള് അല്പം മെച്ചമാണെന്നു മാത്രം. 2000 നും 2012 നും മധ്യേ മനുഷ്യവികസന സൂചികയില്‍ ഇന്ത്യയുടെ വളര്‍ച്ച പ്രതിവര്‍ഷം 1.50 ശതമാനമെന്ന നിരക്കിലായിരുന്നു. പാകിസ്ഥാനില്‍ ഇതേസമയം രേഖപ്പെടുത്തിയ വളര്‍ച്ച 1.74 ശതമാനമായിരുന്നു. അയല്‍ രാഷ്ട്രമായ ശ്രീലങ്കയുടെ സ്ഥാനം 99 ആണ്. ഇന്ത്യ ഉള്‍പ്പെട്ട ബ്രിക്സ് ഗ്രൂപ്പില്‍ (ബ്രസില്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഏറ്റവും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. ബ്രസില്‍ 85-ാമതും റഷ്യ 55-ാമതും ചൈന 101-ാമതുമാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയിലാണ് ഇന്ത്യ ഏറ്റവും പിന്നോക്കം പോയിട്ടുള്ളത്. വിയറ്റ്നാം, ബര്‍മ്മ, സ്വിസ്ലാന്റ് എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുന്ന അധ്യയന വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം.
ലിംഗപരമായ അസമത്വത്തിലും ആരോഗ്യം, സാമ്പത്തിക പ്രവര്‍ത്തനം, ശാക്തീകരണം- 132-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ബംഗ്ലാദേശ് (111), പാകിസ്ഥാന് (123) എന്നിവ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇന്ത്യയില്‍ പുരുഷന്മാരില് 50.4 ശതമാനം ഉന്നതവിദ്യാഭ്യാസം നേടുമ്പോള്‍ വനിതകളുടെ ശതമാനം 26.6 ശതമാനം മാത്രമാണ്. തൊഴില്‍ കമ്പോളത്തില്‍ പുരുഷന്മാര് 80.7 ശതമാനവും സ്ത്രീകള്‍ 29 ശതമാനവുമാണ്.
വിദ്യാഭ്യാസം, സാമൂഹ്യ മേഖലകളിലെ വ്യയം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യ സമീപകാലത്ത് ചില മുന്‍കൈ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും 2010-15 കാലഘട്ടത്തില്‍ അഞ്ച് വയസിനുതാഴെയുളള കുട്ടികളുടെ മരണനിരക്കില്‍ ഇന്ത്യയാകും മുന്നിലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 79 ലക്ഷം കുട്ടികളായിരിക്കും ഈ കാലഘട്ടത്തില്‍ മരിക്കുക. ഇന്ത്യയെക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ ഇതേകാലഘട്ടത്തില് പ്രതീക്ഷിക്കുന്നത് 17 ലക്ഷം കുട്ടികളുടെ മരണമാണ്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തില്‍ 2050 ആകുമ്പോഴും കൊറിയയേക്കാള്‍ പിന്നിലായിരിക്കും ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
janayugom
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment