Sunday, March 10, 2013

ഇനി ഷാവേസ് അമരപ്രചോദനം


സമീപകാലത്തൊന്നും ചരിത്രം കണ്ടിട്ടില്ലാത്ത ഹൃദയവേദനയോടെ ലോകം വെനസ്വേലയുടെ അനശ്വരനായകന്‍ ഹ്യൂഗോ ഷാവേസിന് വിടനല്‍കി. ആബാലവൃദ്ധം വരുന്ന വെനസ്വേലന്‍ ജനത മാത്രമല്ല രാഷ്ട്രത്തലവന്മാരടക്കം ലോകനേതാക്കള്‍ പോലും ഔപചാരികതയില്ലാതെ, നിറഞ്ഞ കണ്ണുകളോടെ ഉറ്റസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങള്‍ക്കും നീതി പുലരുന്ന ലോകത്തിന് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും മരണമില്ലാത്ത പ്രചോദനമായി ഷാവേസിന്റെ ശരീരം വെനസ്വേല സംരക്ഷിക്കും.

പ്രശസ്ത ഓര്‍ക്കെസ്ട്ര കണ്ടക്ടര്‍ ഗുസ്താവോ ഡുഡാമെലിന്റെ നേതൃത്വത്തില്‍ വെനസ്വേലയുടെ നാഷണല്‍ യൂത്ത് ഓര്‍ക്കെസ്ട്ര ദേശീയഗാനം ആലപിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഷാവേസിന്റെ ആരാധ്യനായ, തെക്കനമേരിക്കയുടെ വിമോചന നായകന്‍ സൈമണ്‍ ബൊളിവറുടെ ഉടവാളിന്റെ മാതൃക ആക്ടിങ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ മൃതദേഹം അടങ്ങുന്ന പേടകത്തിനുമുകളില്‍ വച്ചു. പിന്നീട് ഇത് ഷാവേസിന്റെ കുടുംബത്തിന് കൈമാറി. ഫോര്‍ട്ട് ട്യൂണ സൈനിക അക്കാദമിയുടെ ഹോള്‍ ഓഫ് ഓണറില്‍ നടന്ന മരണാനന്തരചടങ്ങിന് നേതൃത്വം നല്‍കിയ മഡൂറോ വികാരഭരിതമായ പ്രസംഗത്തില്‍ ഷാവേസിന്റെ ധീരമാതൃക അചഞ്ചലമായി തുടരുമെന്ന് പ്രഖ്യാപിച്ചു. "പോരാട്ടം തുടരുകയാണ്, ഷാവേസ് ജീവിക്കുന്നു. ഹ്യൂഗോ ഷാവേസ് നീണാള്‍ വാഴട്ടെ, വെനസ്വേലന്‍ ജനത നീണാള്‍ വാഴട്ടെ"-മഡൂറോ നിറകണ്ണുകളോടെ പ്രഖ്യാപിച്ചപ്പോള്‍ സദസ്സ് വികാരഭരിതരായി അത് ഹൃദയത്തില്‍ സ്വീകരിച്ചു. പ്രസിഡന്റ് മരിച്ചിട്ടില്ല. അദ്ദേഹം എക്കാലവും അപരാജിതനും സജീവവുമായിരിക്കുമെന്ന് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാര്‍, ഭരണാധികാരികള്‍ എന്നിവര്‍ ഊഴമിട്ട് പേടകത്തിനടുത്തെത്തി വണങ്ങി.

ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദും ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയും ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലിസും മറ്റും നിറകണ്ണുകളോടെയാണ് ചടങ്ങുകള്‍ക്ക് സാക്ഷിയായത്. ക്യൂബന്‍ പ്രസിഡന്റ റൗള്‍ കാസ്ട്രോ അടക്കം ലാറ്റിനമേരിക്കയിലെ മിക്ക ഭരണാധികാരികളും പങ്കെടുത്ത ചടങ്ങില്‍ ആഫ്രിക്ക, കരീബിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് രാഷ്ട്രത്തലവന്മാരുണ്ടായി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് പ്രകടമാക്കി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കീഴ്തല പ്രതിനിധിസംഘങ്ങളെയാണ് അയച്ചത്. അമേരിക്കന്‍ പൗരാവകാശ പോരാട്ടത്തിന്റെ പ്രതീകങ്ങളില്‍ ഒന്നായ റവ. ജെസി ജാക്സന്‍, ബോളിവുഡ് ഷോണ്‍ കോണറി തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ചൈനയില്‍ വാര്‍ഷിക പാര്‍ലമെന്റ സമ്മേളനമായതിനാല്‍ പ്രസിഡന്റ് ഹു ജിന്താവോയുടെ പ്രതിനിധിയായി ദേശീയ വികസന-പരിഷ്കരണ കമീഷന്‍ അധ്യക്ഷന്‍ ഷാങ് പിങ്ങാണ് പങ്കെടുത്തത്.

deshabhimani 100313

No comments:

Post a Comment