Sunday, March 10, 2013

മുഖ്യമന്ത്രി കുറ്റവാളിയെ സംരക്ഷിക്കുന്നു: പിണറായി


മന്ത്രി കെ ബി ഗണേശ്കുമാറിന്റെ ഭാര്യ ഡോ. യാമിനിയുടെ പരാതി തിരസ്ക്കരിച്ചതുവഴി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം കുമരകം സൗത്ത്-നോര്‍ത്ത് ലോക്കല്‍കമ്മിറ്റി ഓഫീസായ സ. വി പി കുഞ്ഞുകുഞ്ഞ് സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടെയിരിക്കുന്നവരെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഏതറ്റം വരെയും പോകുമെന്നാണ് ഇത് തെളിയിക്കുന്നത്. ഗണേശനെതിരെ പരാതി കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പരാതി എഴുതി നല്‍കിയെന്നും മുഖ്യമന്ത്രി അത് തിരിച്ചുകൊടുത്തെന്നും വെളിപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അങ്ങനെ ചെയ്താല്‍ നാളെ പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതിയെന്താകും. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തത് നയവിരുദ്ധമാണെന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. ഒ വി വിജയന്റെ പ്രതിമ തകര്‍ത്തവരെ സംരക്ഷിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. മതനിരപേക്ഷ-ജാതിരഹിത സമൂഹമെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് കേരളീയര്‍. എന്നാല്‍ അതെല്ലാം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഒ വി വിജയന്‍ പഠിച്ച സ്കൂളില്‍ അദ്ദേഹത്തിന്റെ പ്രതിമ നാട്ടുകാരാണ് സ്ഥാപിച്ചത്. ഏത് കാര്യത്തെയും ഹുങ്കോടെ കാണുന്ന ലീഗ് അതിനെ എതിര്‍ത്തു. ലീഗിലെയടക്കം ഉല്‍പ്പതിഷ്ണുക്കള്‍ രംഗത്തുവന്നതോടെയാണ് അനുമതി നല്‍കിയത്.

എന്നാല്‍ ആ പ്രതിമ രണ്ടുദിവസംമുമ്പ് അടിച്ചുതകര്‍ത്തു. ഈ സര്‍ക്കാര്‍ തീവ്രവാദസ്വഭാവമുള്ള സംഭവങ്ങളെപ്പോലും നിസാരവല്‍ക്കരിക്കുകയാണ്. കാസര്‍കോട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തടയുകയാണ് സര്‍ക്കാര്‍ ചെയ്തത്. കുപ്രസിദ്ധമായ മാറാട് കൂട്ടക്കൊലയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി അനുവദിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തി. എല്‍ഡിഎഫ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. യുഡിഎഫ് ആകട്ടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് അവരുടെ തനിനിറം വെളിവാക്കിയത്. സ്ത്രീസുരക്ഷ സ്ത്രീയുടെ മാത്രം പ്രശ്നമല്ല. സമൂഹമാകെ ഏറ്റെടുക്കേണ്ട പ്രശ്നമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികളും ഒപ്പം ഉണ്ടാകണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭം ഇനിയും വേണ്ടിവരും. കേട്ടാല്‍ ഞെട്ടുന്നതാണ് അഴിമതിയുടെ കണക്കുകള്‍. മുമ്പെങ്ങുമില്ലാത്തവിധം കേന്ദ്രം കേരളത്തെ അവഗണിക്കുന്നു. റെയില്‍ ഭൂപടത്തില്‍ കേരളമില്ല. മന്ത്രിപ്പടയെ കാണാന്‍കൂടി പ്രധാനമന്ത്രി സമ്മതിച്ചില്ല. കേന്ദ്രനയം മൂലം കര്‍ഷകരെപ്പോലെ ചെറുകിട വ്യാപാരികളും ആത്മഹത്യയുടെ വക്കിലാണെന്നും പിണറായി പറഞ്ഞു.

ഗണേശിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വിഎസ്

തിരും: കെ ബി ഗണേശ് കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ഏത് വിധേനയും അധികാരം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോര്‍ജിനെതിരെ ഗൗരിയമ്മ നടത്തിയ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ലോനപ്പന്‍ നമ്പാടന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് സ്ഥിരീകരിച്ചതാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

deshabhimani 100313

No comments:

Post a Comment