Sunday, March 10, 2013
യാമിനിയുടെ വിലാപം അധികാരക്കയങ്ങളില് മുങ്ങി
ഭരണരാഷ്ട്രീയത്തിന്റെ അധികാര ദാഹത്തില്‍ രാഷ്ട്രീയ സദാചാരസംഹിതകള്‍ ചീട്ടുകൊട്ടാരംപോലെ നിലംപൊത്തുന്ന ദുരന്തംകണ്ട് പ്രബുദ്ധകേരളം വിറങ്ങലിച്ചു നില്ക്കുന്നു.
ലൈംഗികാപവാദ കുരുക്കില്‍പ്പെട്ട വനംമന്ത്രി കെ ബി ഗണേഷ്കുമാറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ നാണംകെട്ട കളികള്‍ അദ്ദേഹത്തിന്റെ ആദര്‍ശമുഖംമൂടി വലിച്ചുകീറുന്നതിനിടയില് ഭരണസിരാ കേന്ദ്രത്തിനു വിളിപ്പാടകലെ നിന്നുയര്‍ന്ന ഒരു നാരീവിലാപം അധികാരക്കയങ്ങളിലേയ്ക്കു വലിച്ചുതാഴ്ത്തപ്പെട്ടിരിക്കുന്നു; മന്ത്രി ഗണേഷിന്റെ പത്നി ഡോ. യാമിനി തങ്കച്ചിയുടെ ദീനരോദനം. ഗത്യന്തരമില്ലാതെ വിവാഹമോചന സന്നദ്ധതപോലും മുഖ്യമന്ത്രിയെ അറിയിച്ച യാമിനി ജീവനാംശം കിട്ടാന്‍ സഹായിക്കണമെന്നും മുഖ്യമന്ത്രിയോടു കേണപേക്ഷിച്ചിരുന്നു.
ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി സന്ധിയില്ലാ സമരം നടത്തിവന്ന അദ്ദേഹത്തിന്റെ പിതാവും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ളപോലും മകന്റെ മന്ത്രിക്കസേരയ്ക്കുവേണ്ടി സന്ധിചെയ്തുവെന്ന സൂചനവന്നപ്പോള്‍ യാമിനി ഭരണമുന്നണിയുടെ ബലിമൃഗമായി തീര്‍ന്നു. ഇത്തരം ദുര്‍ഗന്ധപൂരിതമായ രാഷ്ട്രീയസംഭവ ശ്രേണികള്‍ കേരളത്തില്‍ ഇതാദ്യം.
ഭര്‍ത്താവ് ഗണേഷ് നടത്തിയ ഗാര്‍ഹിക പീഡനത്തേയും പരസ്ത്രീഗമനത്തേയും കുറിച്ച് യാമിനി നല്കിയ പരാതികള്‍ക്കു മുന്നില്‍ ഭരണചുക്കാന്പിടിക്കുന്ന മുഖ്യമന്ത്രിപോലും കണ്ണടച്ചിരുട്ടാക്കുന്നു. അധികാര രാഷ്ട്രീയം സൃഷ്ടിച്ച കൊടിയ അധാര്‍മ്മികതയുടെ പുകമറയില്‍ യാമിനിയുടെ ദുഃഖങ്ങള്‍ ഒതുക്കിനിര്‍ത്തുമ്പോള്‍ സ്ത്രീയുടെ സുരക്ഷിതത്വം സംബന്ധിച്ച നിയമം നടപ്പാക്കിക്കളയുമെന്ന് പുരപ്പുറത്തുകയറി നിന്നുവിളിച്ചുകൂവുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു മന്ത്രിപത്നിക്കുപോലും നീതിലഭിക്കില്ലെന്ന് ഇതോടെ വിളംബരം ചെയ്തിരിക്കുന്നു. വേണമെങ്കില്‍ ഗണേഷിന്റെ ഗാര്‍ഹിക പീഡനമെന്ന ക്രിമിനല്‍ കേസ് പൂഴ്ത്തിവച്ചതിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയേയും പ്രതിചേര്‍ക്കാം.
മന്ത്രി ഗണേഷിന്റെ പരസ്ത്രീ ബന്ധങ്ങളെക്കുറിച്ചു ഏഴെട്ടുമാസം മുമ്പുതന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത മുളപ്പിച്ചെടുക്കാന്‍ പിള്ളയുടെ ക്യാമ്പ് കിണഞ്ഞു ശ്രമിച്ചിരുന്നു. കേരളം കണ്ട ഏറ്റവും വലിയ നാടകനടന്മാരിലൊരാളുടെ പൗത്രിയുമായി ഗണേഷിന് വഴിവിട്ട ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകള്‍ വാര്‍ത്തയാക്കിയില്ലെങ്കിലും പല മാധ്യമപ്രവര്‍ത്തകരും അത് ശബ്ദലേഖനം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള സി ഡി തന്റെ പക്കലുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പരസ്യമായി പലതവണ ഭീഷണി മുഴക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് മന്ത്രി ഗണേഷ് തന്റെ മകന്റെ സഹപാഠിയായ കുട്ടിയുടെ അമ്മയുമൊത്തുള്ള അവിഹിത ബന്ധത്തേയും മന്ത്രിക്ക് കാമുകീ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റതിന്റെയും കഥ പിള്ളയുടെ ക്യാമ്പ് മാധ്യമപ്രവര്‍ത്തകരെ 'എക്സ്ക്ലൂസീവായി' അറിയിച്ചത്. മന്ത്രിയെ മര്‍ദ്ദിച്ചയാളുടെ പേര് പ്രതാപന് ആണെന്നും മന്ത്രി കാമുകിയുടെ പേരിന് കൃഷ്ണ 'സാദൃശ്യ' മുണ്ടെന്നും മാധ്യമങ്ങളെ അറിയിച്ചതും പിള്ളയുടെ ക്യാമ്പു തന്നെയായിരുന്നു. എന്നിട്ടും മാധ്യമങ്ങള്‍ ഇതെല്ലാം കേട്ട് ആസ്വദിച്ചതല്ലാതെ പിള്ള ക്യാമ്പിന്റെ ലൈംഗികാപവാദകഥ തങ്ങളുടെ മാധ്യമങ്ങളില്‍ 'പ്ലാന്റ്' ചെയ്യാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തയ്യാറായില്ല.
ഇതിനിടെ 'ശത്രുവിന്റെ ശത്രുതന്നെ മിത്രം' എന്ന സൂത്രവാക്യത്തിനൊപ്പിച്ച് ശത്രുവായ മകന്റെ ശത്രു പി സി ജോര്‍ജിനെ പിള്ള മിത്രമാക്കി ഗണേഷിനെതിരായ ലൈംഗികാപവാദ കഥ ഒരു പത്രത്തില്‍ മുളപ്പിച്ചെടുത്തതാണെന്ന ആരോപണവുമുണ്ട്. വാര്‍ത്തവന്ന ദിവസം തന്നെ ആ മന്ത്രി ഗണേഷ് തന്നെയെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചതോടെ ഒരു ഗൂഢാലോചനയുടെ ഗന്ധം പരക്കുകയായിരുന്നു. മന്ത്രിപത്നി യാമിനി പലതവണ മുഖ്യമന്ത്രിയേയും രണ്ടുപ്രാവശ്യം തന്നേയും കണ്ട് ദുഃഖകഥകള്‍ വരച്ചുകാട്ടിയ കാര്യവും പിള്ള തന്നെ മാധ്യമ പ്രവര്‍ത്തകരോട് സ്വകാര്യമായി അറിയിക്കുകയും ചെയ്തിരുന്നു.
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ തന്റെ പിതാവെന്ന ഗുരുതരമായ ആരോപണം കൂടി മന്ത്രി ഗണേഷ് ഉന്നയിച്ചതോടെ ഭരണമുന്നണി ആടിയുലയുകയായിരുന്നു. തൊട്ടുപിന്നാലെ യു ഡി എഫ് നേതൃയോഗം കൂടി ഗണേഷിനെ മന്ത്രിസഭയില്‍ നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. ഗണേഷ് മന്ത്രി ഷിബു ബേബിജോണുമൊത്ത് പിള്ളയെ കണ്ടതു ഈറന്‍ മിഴികളോടെയാണെന്ന വാര്‍ത്തയാണു പിന്നാലെ വന്നത്. ഇന്നലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (ബി) യോഗത്തില്‍ മഞ്ഞുരുകുമെന്ന് പ്രവചിച്ച മാധ്യമങ്ങള്‍പോലും യാമിനയുടെ കണ്ണീര് കാണാതെ പോയി.
(കെ രംഗനാഥ്)
janayugom 100313
Labels:
വലതു സര്‍ക്കാര്‍,
വാർത്ത,
സമൂഹം,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment