Saturday, March 9, 2013

യുഡിഎഎഫ് ഭരണത്തില്‍ സ്ത്രീ പീഡന കേസുകളില്‍ റെക്കോഡ്


സ്ത്രീപീഡന കേസുകളില്‍ കേരളം സര്‍വകാല റെക്കോഡിലേക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണത്തിനിടെ പതിനാറായിരത്തോളം സ്ത്രീപീഡന കേസാണ് ഉണ്ടായത്. ഈ കാലയളവില്‍ സംസ്ഥാനത്ത് 2152 സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി. 2012ല്‍ മാത്രം 1021 സ്ത്രീകളാണ് മാനഭംഗത്തിന് ഇരയായതായി ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നാലു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഈ വര്‍ഷം ഫെബ്രുവരിവരെയുള്ള കണക്കുകള്‍കൂടി ലഭ്യമാകുന്നതോടെ ഇത് വീണ്ടും ഉയരും.

ബലാത്സംഗമൊഴികെയുള്ള ലൈംഗികാതിക്രമ കേസുകളുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇത്തരത്തിലുള്ള 8509 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 371 സ്ത്രീകള്‍ കൊലചെയ്യപ്പെട്ടു. 350 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 4049 സ്ത്രീകള്‍ ആത്മഹത്യചെയ്തു. ഇവരില്‍ 464 കുട്ടികളും പെടുന്നു. 885 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായി. 55 കുട്ടികള്‍ കൊല്ലപ്പെട്ടു. 261 കുട്ടികളെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞവര്‍ഷംമാത്രം 462 കുട്ടികള്‍ ബലാത്സംഗംചെയ്യപ്പെട്ടു. പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച 98 കേസുണ്ടായി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 3026 കേസില്‍ അന്വേഷണം പൂര്‍ത്തിയാകാനുണ്ട്. കുറ്റവാളികളായ 3817 പേരെ അറസ്റ്റ് ചെയ്യാനുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ തലസ്ഥാന ജില്ലയാണ് മുന്നില്‍. 2789 കേസാണ് രണ്ടുവര്‍ഷത്തിനിടെ രജിസ്റ്റര്‍ചെയ്തത്. 261 ബലാത്സംഗങ്ങള്‍ ജില്ലയില്‍ നടന്നു. തൃശൂരില്‍ 2252ഉം കൊല്ലത്ത് 2172ഉം കോഴിക്കോട്ട് 1910ഉം എറണാകുളത്ത് 1806ഉം കേസ് ഉണ്ടായി. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ പീഡിപ്പിച്ച 137 കേസ് രജിസ്റ്റര്‍ചെയ്തു.

വനിതാ ദിനത്തിലും സ്ത്രീകള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി ചീഫ്വിപ്പും എംപിയും

കണ്ണൂര്‍/കോട്ടയം: അന്തര്‍ദേശീയ വനിതാദിനത്തില്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി കെ സുധാകരന്‍ എംപിയും ചീഫ്വിപ്പ് പി സി ജോര്‍ജും. ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയ്ക്കെതിരെ ജോര്‍ജ് അസഭ്യവര്‍ഷം ചൊരിഞ്ഞപ്പോള്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശമാണ് സുധാകരന്‍ നടത്തിയത്. ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണെന്ന് ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നും ജോര്‍ജ് പറഞ്ഞു. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് അസഭ്യവര്‍ഷത്തിനിടയാക്കിയത്.

വനിതാദിനാചരണത്തിന്റെ ഭാഗമായി കേരള എന്‍ജിഒ അസോസിയേഷന്‍ പൊലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ജനപ്രതിനിധിയെന്ന ബോധംപോലുമില്ലാതെ സുധാകരന്‍ സ്ത്രീകള്‍ക്കെതിരെ തരംതാണ ഭാഷയില്‍ ആക്ഷേപം ചൊരിഞ്ഞത്. സ്ത്രീകളെ പേടിക്കേണ്ട അവസ്ഥയാണ് കേരളത്തിലെന്നായിരുന്നു സുധാകരന്റെ പരിഹാസം. മൊഴിമാറ്റുന്ന റജീനമാരുടെ നാടാണ് കേരളം. സ്ത്രീസുരക്ഷാ ബില്ലില്‍ പുരുഷന്മാര്‍ക്ക് സുരക്ഷ നല്‍കുന്ന കാര്യം ആലോചിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ സുധാകരന്‍ തട്ടിവിട്ടു. 17 വര്‍ഷമായി മലയാളികളുടെയാകെ നൊമ്പരമായ സൂര്യനെല്ലി പെണ്‍കുട്ടിയെ കഴിഞ്ഞമാസം മസ്ക്കറ്റില്‍വച്ച് സുധാകരന്‍ ക്രൂരമായി അധിക്ഷേപിച്ചിരുന്നു.

deshabhimani 090313

No comments:

Post a Comment