Saturday, March 9, 2013

യാമിനിയുടെ പരാതി സ്വീകരിക്കാത്തത് തെറ്റ്: പിള്ള


മന്ത്രി ഗണേശ്കുമാറിനെതിരെ ഭാര്യ ഡോ. യാമിനി തങ്കച്ചിനല്‍കിയ പരാതി മുഖ്യമന്ത്രി സ്വീകരിക്കാതിരുന്നത് തെറ്റാണെന്ന് ഗണേശിന്റെ അച്ഛനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള തുറന്നടിച്ചു. യാമിനി തനിക്ക് പരാതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ ചൂടാറുംമുമ്പാണ് പിള്ള ഒരു ചാനലിലൂടെ മുഖ്യമന്ത്രിയുടെ കള്ളക്കളി തുറന്നുകാട്ടിയത്.

ഗണേശിനെതിരെ ഉയര്‍ന്ന ലൈംഗികാപവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി ഇതോടെ കൂടുതല്‍ വ്യക്തമായി. ഉമ്മന്‍ചാണ്ടി പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് പിള്ള ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാങ്ങിയില്ലെന്നാണ് യാമിനി തന്നോടു പറഞ്ഞതെന്ന് മനോരമ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിള്ള വ്യക്തമാക്കി. പരാതി എഴുതിത്തയ്യാറാക്കിയാണ് യാമിനി മുഖ്യമന്ത്രിയെ കാണാന്‍ പോയത്. അത് വാങ്ങിയില്ലെന്നു പറയുന്നത് അവിശ്വസിക്കേണ്ടതില്ല. ആരു പരാതി കൊടുത്താലും വാങ്ങാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. പരാതിയുടെ ഉള്ളടക്കം അറിഞ്ഞാല്‍ പോലും അതു വാങ്ങാതിരിക്കാന്‍ പാടില്ല.

ഗണേശിന്റെ ഓഫീസില്‍ അഴിമതി വ്യാപകമാണ്. വനം വകുപ്പില്‍ നടക്കുന്ന അഴിമതിയുടെ മുഴുവന്‍ രേഖകളുമുണ്ട്. പഴ്സണല്‍ സ്റ്റാഫിന് അഴിമതിയില്‍ പങ്കുണ്ട്. പത്തനാപുരത്തെ പഴ്സണല്‍ സ്റ്റാഫ് ആണ് പിന്നില്‍. സീരിയലുകാര്‍, തൃശൂരിലെ ആനയുടമാസംഘം തുടങ്ങി പലരുമാണ് ഇടനിലക്കാര്‍. പാലക്കാടും വയനാടിലും മറ്റുമായി അവിടെയും ഇവിടെയും ഇടനിലക്കാര്‍ വേറെ. വലിയ ക്വട്ടേഷന്‍ ഒക്കെ ആനയുടമാ സംഘമാണ്. അഴിമതിയുമായി ബന്ധപ്പെട്ട് പാലക്കാടും മറ്റും പൊലീസ് കേസ് ആയിട്ടുണ്ട്. മന്ത്രി അറിഞ്ഞിട്ടാണോ ഇത് നടക്കുന്നതെന്നതിന് തന്റെ പക്കല്‍ തെളിവില്ല. മകനോടുള്ള സ്നേഹം ഇപ്പോഴുമുണ്ട്. അവന് തിരിച്ചുണ്ടോ എന്നറിയില്ല. മകനോട് സ്നേഹമുണ്ടെങ്കിലും പാര്‍ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്ത മന്ത്രിയെ വേണ്ട. മന്ത്രിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും അഞ്ചു തവണ ചര്‍ച്ച നടത്തി തന്നെ അപമാനിച്ചു. ഇനി അവരോട് ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്ന് പിള്ള പറഞ്ഞു. യാമിനി ക്ലിഫ്ഹൗസില്‍ പോയെങ്കിലും മുഖ്യമന്ത്രി പരാതി സ്വീകരിക്കാതെ മടക്കിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് വ്യാഴാഴ്ച വെളിപ്പെടുത്തിയിരുന്നു.

deshabhimani 090313

No comments:

Post a Comment