ജീവിതാന്ത്യം വരെ ഷാവെസിന് ഫിഡല്‍കാസ്‌ട്രോ പിതാവിന് തുല്യം. അവര്‍ തമ്മില്‍ നിലനിന്നിരുന്ന പിതൃ-പുത്രബന്ധത്തിന് വല്ലാത്തൊരു തീവ്രതയുണ്ടായിരുന്നു. സോഷ്യലിസ്റ്റ് വിപ്ലവകാരിയായി വെനിസ്വെലയുടെ പ്രസിഡന്റ് പദം ഏറ്റെടുത്ത നാള്‍ മുതല്‍ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിഡല്‍ കാസ്‌ട്രോ ഷാവെസിന് സുഹൃത്തും, വഴികാട്ടിയും, തത്വചിന്തകനും പിതാവുതന്നെയുമായിരുന്നു. പ്രസിഡന്റ് എന്ന നിലയില്‍ സേവനമനുഷ്ഠിച്ച 14 വര്‍ഷവും ഷാവെസ് കാസ്‌ട്രോയുടെ ഉപദേശം തേടിയാണ് ഭരണം മുന്നോട്ടു കൊണ്ടുപോയത്. രോഗം തിരിച്ചറിഞ്ഞതിനുശേഷം ചികിത്സയുടെ ഭൂരിഭാഗവും നടന്നത് ക്യൂബയിലെ ആശുപത്രിയിലാണ്. 86 കാരനായ കാസ്‌ട്രോ തന്റെ അനാരോഗ്യം വകവെയ്ക്കാതെ ഈ വേളകളിലെല്ലാം ഷവെസിനെ സന്ദര്‍ശിച്ച് കരുത്ത് പകര്‍ന്നു നല്‍കി.
ഷാവെസും കാസ്‌ട്രോയുമായുള്ള ബന്ധത്തില്‍ കേവലം വൈകാരികതയും സ്‌നേഹവും മാത്രമായിരുന്നില്ല വിഷയമായിരുന്നത്. ഇരുരാജ്യങ്ങളുടേയും പുരോഗതിയും വളര്‍ച്ചയും, സുരക്ഷിതത്വവും ഇരുവര്‍ക്കും ഏറെ വിലപ്പെട്ടതായിരുന്നു. ഷാവേസ് കാസ്‌ട്രോയുടെ പ്രിയപ്പട്ട രാഷ്ട്രീയപുത്രനായാണ് അറിയപ്പെട്ടിരുന്നത്. ക്യൂബയുടെ ആഭ്യന്തരസാമ്പത്തികനില ഭദ്രമാക്കുന്നതിന് എണ്ണ വിലകുറച്ച് ഷാവേസ് നല്‍കിയത് ഈ ബന്ധത്തിലെ പ്രതിബദ്ധതയുടെ തെളിവാണ്. ''ഫിഡല്‍ എനിക്ക് പിതാവും, സഖാവും, ഉദാത്തമായ സഹവര്‍ത്തിത്വത്തിന്റെ ഗുരുവുമാണ്'' എന്ന് ഷാവെസ് ക്യൂബന്‍ മുഖപത്രമായ ഗ്രാന്‍മയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു.
വെനിസ്വെലയില്‍ നിലനിന്ന സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ 1992 ല്‍ നടന്ന ഒരു വിപഌവസമരവേളയിലാണ് കാസ്‌ട്രോ ആദ്യമായി ഷാവെസിനെ പരിചയപ്പെടുന്നത്. തന്നെക്കാള്‍ 28 വയസ്സുകുറവുള്ള ഷാവേസില്‍ ശക്തനായ ഒരു പോരാളിയെ കാസ്‌ട്രോ അന്ന് തന്നെ തിരിച്ചറിഞ്ഞു. വിപ്ലളപോരാട്ടത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം തടവില്‍ കിടന്ന ഷാവെസിനെ ജയില്‍മോചിതനായശേഷം കാസ്‌ട്രോ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് ക്ഷണിച്ചു. രാഷ്ട്രത്തലവനെയെന്നപോലെ വിമാനത്തിനരികില്‍ ചെന്നാണ് കാസ്‌ട്രോ അന്ന് ഷാവെസിനെ എതിരേറ്റത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ വെനിസ്വെലയെ പാപ്പരാക്കിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ജനകീയ സോഷ്യലിസ്റ്റ് ജനാധിപത്യ വിപഌവമായ ബൊളിവേറിയന്‍ വിപഌവുമായി ഷാവെസ് ഉദയം ചെയ്യുന്നത്. വെനിസ്വെലയുടെ എണ്ണഖനികള്‍ക്കുമേല്‍ കഴുകന്‍ കണ്ണുകളുമായി പറന്നു നടന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഷാവെസിന്റെ വരവ് തീരെ രസിച്ചില്ല. കൂബയ്‌ക്കെതിരെ ഉപരോധങ്ങളും ആക്രമണങ്ങളും അഴിച്ചുവിട്ടുകൊണ്ടിരുന്ന അമേരിക്കയെ ഏറെ ചൊടിപ്പിച്ചത് ഷാവെസ്-കാസ്‌ട്രോ സൗഹൃദമായിരുന്നു. ജനാധിപത്യവും സോഷ്യലിസവും ഇരുരാജ്യങ്ങളിലും പുലര്‍ന്നു കാണാന്‍ അവിടുത്തെ ജനങ്ങള്‍ ഏറെ ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്റെ മനോഹരമായ സാക്ഷാത്കാരമായിരുന്നു ഷാവെസ് - കാസ്‌ട്രോ ബന്ധം. 1999ല്‍ കൂടുതല്‍ ദൃഢതയോടെ ഇരുവരും ആരംഭിച്ച വ്യക്തിപരവും രാഷ്ട്രീയപരവുമായ സൗഹൃദത്തിന് ഇന്ന് തിരശ്ശീല വീണിരിക്കുന്നു. പ്രിയപുത്രന്റെ അപ്രതീക്ഷിത പിന്‍വാങ്ങല്‍ വാത്സല്യനിധിയായ പിതാവിന് താങ്ങാവുന്നതിലുമപ്പുറം. മരണത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞ ഈ 58 കാരന്‍ കാസ്‌ട്രോയ്ക്കു മകന്‍ മാത്രമായിരുന്നില്ല പ്രിയസഖാവും ജ്വലിക്കുന്ന വിപഌവകാരിയുമാണ്.
ഷാവെസിന് ക്യാന്‍സറാണെന്ന വിവരം പിടയ്ക്കുന്ന ഹൃദയത്തോടെ കാസ്‌ട്രോ ആദ്യമായി ഷാവേസിനെ അറിയിച്ച നിമിഷം മുതല്‍ മരണം ജീവനെ അപഹരിക്കുന്നതുവരെ ഷാവെസിന്റെ അരികില്‍ സ്വാന്തനസ്പര്‍ശമായി നിന്ന വന്ദ്യവയോധികനായ കാസ്‌ട്രോ എന്ന വിപ്ലവകാരി ഇന്ന് തളര്‍ന്നുപോയി. പിതൃദുഃഖം ഖനീഭവിച്ചു നില്‍ക്കുന്ന ആ മുഖം ഇരുരാജ്യങ്ങളിലേയും ജനങ്ങളെ കണ്ണീരണിയിച്ചു. ഷാവേസ് നീ ഇത്ര പെട്ടെന്ന് യാത്രയാവേണ്ടിയിരുന്നില്ല - ഈ അച്ഛനെ തനിച്ചാക്കിയിട്ട്-
പിന്‍ഗാമി നിക്കോളാസ് മഡൂറോ
കാരക്കാസ്: വെനസ്വേലയുടെ ഊര്‍ജ്ജസ്വലനായ പ്രസിഡന്റ് ഹ്യൂഗോ ഷാവെസ് കാന്‍സര്‍രോഗത്തിന് കീഴ്‌പ്പെട്ടതോടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഷാവേസിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ച വൈസ്പ്രസിഡന്റ് നിക്കോളാസ് മഡൂറോ തന്നെയായിരിക്കും ഷാവേസിന്റെ വിയോഗം നികത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍തന്നെ നിക്കോളാസ് മഡൂറോ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റുകഴിഞ്ഞു. 30 ദിവസത്തിനകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന പേരും മഡൂറോയുടെ തന്നെയാകും. ഷാവെസിന് ഏറെ പ്രിയങ്കരനും വിശ്വസ്തനുമായിരുന്നു മഡൂറോ എന്ന അന്‍പതുകാരന്‍.
ഷാവെസിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് ടിവിയില്‍ പ്രത്യക്ഷപ്പെട്ട വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോ യുടെ മുഖം അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ തീവ്രവത മുഴുവന്‍ വിളിച്ചോതുന്നതായിരുന്നു. ഷാവേസ് മരിച്ചത് അമേരിക്ക നടത്തിയ ജൈവായുധപ്രയോഗം മൂലമാണെന്ന് സംശയിക്കുന്നതായും നിക്കോളാസ് മഡൂറോ പറഞ്ഞു. ഷാവേസ് ഉയര്‍ത്തിയ പതാക തങ്ങള്‍ എന്നെന്നും സംരക്ഷിക്കുമെന്നും സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്നും മഡൂറോ രാഷ്ട്രത്തെ അഭിസംബോധചെയ്യുമ്പോള്‍ ആവര്‍ത്തിച്ചു. ഷാവേസ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊപ്പമാണ് മഡൂറോ ജനങ്ങളെ സംബോധന ചെയ്തത്. വെനസ്വേലയുടെ ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥയില്‍ ഇടക്കാല പ്രസിഡന്റായി നിയമിതനായിരിക്കുന്ന മഡൂറോ തന്നെയായിരിക്കും പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയെന്നുതന്നെയാണ് നിഗമനം.
ഷാവെസിന്റെ പിന്‍ഗാമി ആരായിരിക്കണമെന്ന് കണ്ടെത്താന്‍ നടത്തിയ അഭിപ്രായ സര്‍വെയിലും മഡൂറോയുടെ പേരാണ് ഉയര്‍ന്നുവന്നത്. ഷാവെസിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് എല്ലാവിധപിന്‍തുണയുമായി വര്‍ഷങ്ങളായി് അദ്ദേഹത്തിനൊപ്പംനിന്ന പാരമ്പര്യം വെനസ്വേലയുടെ തൊഴിലാളിവര്‍ഗ്ഗത്തിന് മഡൂറോയെ അഭിമതനാക്കിയിട്ടുണ്ട്. മാത്രമല്ല സോഷ്യലിസ്റ്റ് ആശങ്ങളോടു മുഖംതിരിച്ചു നിന്ന രാജ്യത്തെ വ്യവസായികളെയും വിദേശ നിക്ഷേപകരെയും ഒരു പരിധിവരെ അനുനയിപ്പിക്കാന്‍ മഡൂറോക്ക് കഴിഞ്ഞിരുന്നു.
ഏഷ്യന്‍വിപണിയില്‍ എണ്ണവില കൂടി
കാരക്കാസ്: വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവോസിന്റെ മരണം ഏഷ്യന്‍വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ത്തി. ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ എണ്ണ സമ്പത്തുള്ള രാഷ്ട്രവും ഉല്പാദന രാഷ്ട്രവുമായ വെനിസ്വലയാണ് ലോകവിപണിയില്‍ എണ്ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായപങ്ക് വഹിച്ചിരുന്നത്. വെനിസ്വേലയില്‍ നിന്ന് എണ്ണ കയറ്റുമതിചെയ്യുന്ന ന്യൂയോര്‍ക്കിലെ പ്രധാന കരാറുകാരായ കമ്പനികള്‍ ഏഷ്യന്‍രാജ്യങ്ങളിലേക്കുള്ള എണ്ണ വില പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. വിപണിയില്‍ ബാരലിന് യു എസ് ഡോളര്‍ 91.08 വില ഈടാക്കിയിരുന്ന സ്ഥാനത്ത് 43 സെന്റ് കൂടി വില വര്‍ധിപ്പിച്ചു. ഏഷ്യന്‍രാജ്യങ്ങള്‍ക്ക് പുറത്തേക്ക് വിതരണം ചെയ്യുന്ന എണ്ണയ്ക്ക് ബാരലിന് 112.04 യു എസ് ഡോളര്‍ വരെ വില ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
ഏറെക്കാലം രാഷ്ട്രത്തിന്റെ വ്യവസായ വാണിജ്യനയങ്ങളെ നിയന്ത്രിച്ചിരുന്ന ഷാവെസിന്റെ നിര്യാണത്തിലൂടെ ഭരണമാറ്റവും നയമാറ്റവും വരാനുള്ള സാധ്യതകളുടെ മുന്നോടിയായി വിപണിയില്‍ വരുന്ന അസ്ഥിരതകളാണ് വില ഉയരാന്‍ കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒപെക് രാഷ്ട്രങ്ങളുടെ കണക്കനുസരിച്ച് ലോകത്തെതന്നെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ നിക്ഷേപമുള്ള രാഷ്ട്രമാണ് വെനിസ്വേല.
janayugom 070313
No comments:
Post a Comment