Thursday, March 7, 2013

വിട കമാന്‍ഡര്‍


ശിരസ് കുനിക്കാത്ത സാമ്രാജ്യത്വവിരുദ്ധതയും വിട്ടുവീഴ്ചയില്ലാത്ത ദരിദ്രപക്ഷ നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് ലോകവേദികളില്‍ ഇടിമുഴക്കം സൃഷ്ടിച്ച വെനസ്വേലയുടെ ഇതിഹാസ നായകന്‍ പ്രസിഡന്റ് ഹ്യൂഗോ റാഫേല്‍ ഷാവേസ് ഫ്രയസ് അന്തരിച്ചു. വെനസ്വേലന്‍ സൈനിക ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 4.25ന് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.25) അന്ത്യശ്വാസംവലിച്ച ഷാവേസിന് 58 വയസ്സായിരുന്നു.

ദൈവത്തെയെന്നപോലെ തങ്ങള്‍ സ്നേഹിച്ച പ്രിയനായകന്‍ രോഗത്തെ തോല്‍പ്പിച്ച് തിരിച്ചുവരാന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന ജനലക്ഷങ്ങള്‍ മരണവിവരമറിഞ്ഞ് തലസ്ഥാനമായ കാരക്കാസിലേക്ക് പ്രവഹിക്കുകയാണ്. പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ദുഃഖം അണപൊട്ടി. വെനസ്വേലയില്‍ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇറാനും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖത്താല്‍ ഇടറിയ വാക്കുകളില്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ധീരനായ കമാന്‍ഡറുടെ മരണവിവരം ലോകത്തെ അറിയിച്ചത്. സൈനിക അക്കാദമിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം വെള്ളിയാഴ്ച അടക്കംചെയ്യും. ബുധനാഴ്ച രാവിലെ എട്ടിന് 21 വെടിമുഴക്കത്താല്‍ രാഷ്ട്രം പ്രിയനായകന് പ്രമാണമര്‍പ്പിച്ചു.

പിതൃഭൂമിയെ ബാധിച്ച ചരിത്രപ്രധാനമായ ദുരന്തത്തിന്റെ വേദനയില്‍ സമാധാനത്തിനും സ്നേഹത്തിനും ശാന്തതയ്ക്കുംവേണ്ടി ജാഗ്രതയോടെ നിലകൊള്ളാന്‍ മഡുറോ ജനങ്ങളോട് അഭ്യര്‍ഥിച്ചു. എണ്ണസമ്പന്നമെങ്കിലും തെക്കനമേരിക്കയില്‍ അത്ര ശ്രദ്ധിക്കപ്പെടാത്ത രാഷ്ട്രമായിരുന്ന വെനസ്വേലയെ 14 വര്‍ഷംകൊണ്ട് ലോക ഭൂപടത്തില്‍ മുന്‍നിര രാഷ്ട്രങ്ങളില്‍ ഒന്നാക്കിയ ഷാവേസ് കഴിഞ്ഞ ഒക്ടോബറില്‍ വീണ്ടും രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനുവരി 10ന് നാലാം ഊഴത്തിന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഡിസംബറില്‍ വീണ്ടും അര്‍ബുദബാധിതനായത്. രണ്ടു വര്‍ഷംമുമ്പ് ഇടുപ്പില്‍ അര്‍ബുദബാധിതനായ ഷാവേസ് ക്യൂബയിലെ ചികിത്സയെത്തുടര്‍ന്ന് രോഗമുക്തനായിരുന്നു. വീണ്ടും രോഗബാധിതനായപ്പോള്‍ ഡിസംബര്‍ 11ന് ക്യൂബന്‍ ആശുപത്രിയില്‍ത്തന്നെ ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് അണുബാധയുണ്ടായെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ട ഷാവേസിന്റെ ചിത്രം വെനസ്വേല സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 18ന് ക്യൂബയില്‍നിന്ന് തിരിച്ചുകൊണ്ടുവന്ന് കാരക്കാസിലെ സേനാ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. രണ്ടുതവണ വിവാഹിതനായ ഷാവേസ് രണ്ട് ബന്ധവും വേര്‍പ്പെടുത്തിയിരുന്നു. റോസ വിര്‍ജീനിയ, മരിയ ഗബ്രിയേല, ഹ്യൂഗോ റാഫേല്‍, റോസിനെസ് എന്നിവര്‍ മക്കള്‍. അസാധാരണമായ നിശ്ചയദാര്‍ഢ്യത്താല്‍ രോഗത്തെ നേരിട്ട ഷാവേസ് ഇത്തവണ രോഗബാധിതനായപ്പോള്‍ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വൈസ് പ്രസിഡന്റ് മഡുറോയെ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്താണ് അദ്ദേഹം ഹവാനയിലേക്ക് ചികിത്സയ്ക്ക് തിരിച്ചത്.

ഷാവേസിന്റെ മരണത്തോടെ, ഏറ്റവുമധികം എണ്ണ നിക്ഷേപമുള്ള ഒപെക് രാഷ്ട്രത്തിന്റെ ഭാവി ഉറ്റുനോക്കുകയാണ് ലോകം. ബൊളീവിയ, അര്‍ജന്റീന, ഉറുഗ്വേ തുടങ്ങി വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാരക്കാസില്‍ എത്തിയിട്ടുണ്ട്. കത്തോലിക്കാ പുരോഹിതനാകണമെന്ന് ഉദ്ദേശിച്ചിരുന്ന ഷാവേസ് ബേസ്ബോള്‍ കളിയോടുള്ള അടങ്ങാത്ത പ്രണയത്താല്‍ സൈനിക അക്കാദമിയില്‍ ചേരുകയായിരുന്നു. സേനയില്‍ ലഫ്റ്റനന്റ് കേണലായിരിക്കെ 1992ല്‍ പ്രസിഡന്റ് കാര്‍ലോസ് ആന്ദ്രെ പെരസിനെതിരെ സൈനികവിപ്ലവത്തിന് ശ്രമിച്ച് അറസ്റ്റിലായി രണ്ടുവര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞു. മോചിതനായശേഷം ഫിദല്‍ കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഷാവേസിന് പുതിയ വഴിതെളിച്ചത്.

1998ല്‍ 44-ാം വയസ്സില്‍ രാജ്യത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ക്യൂബയടക്കം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായി സഖ്യം വളര്‍ത്തുകയും സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പാക്കുകയുംചെയ്ത ഷാവേസ് തുടക്കംമുതലേ അമേരിക്കയുടെ നോട്ടപ്പുള്ളിയായിരുന്നു. 2002ല്‍ അമേരിക്കന്‍ പിന്തുണയോടെ വലതുപക്ഷശക്തികള്‍ സൈന്യത്തില്‍ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് ഷാവേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ രംഗത്തിറങ്ങിയതോടെ 47 മണിക്കൂറിനകം ആ നീക്കം പരാജയപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസമെന്ന് താന്‍ വിശേഷിപ്പിച്ച നയങ്ങള്‍ ശക്തമാക്കിയാണ് ഷാവേസ് അട്ടിമറിക്കാര്‍ക്കും അവരെ രംഗത്തിറക്കിയ അമേരിക്കയ്ക്കും മറുപടി നല്‍കിയത്. ഗ്രാമീണമായ തുറന്നടിച്ച സംസാരശൈലിയാല്‍ അമേരിക്കയെ അലോസരപ്പെടുത്തിയ ഷാവേസ് പക്ഷേ ലോകമെങ്ങും ആരാധകരുള്ള ഭരണാധികാരിയായി വളര്‍ന്നു.

deshabhimani 070313

No comments:

Post a Comment