Thursday, March 7, 2013

ക്യാന്‍സര്‍ മരുന്നു കേസ്: നാറ്റ്‌കോ ഫാര്‍മയ്ക്ക് വിജയം


കരള്‍, വൃക്ക ക്യാന്‍സര്‍ ചികിത്സയ്ക്കുപയോഗിക്കുന്ന  നെക്‌സേവര്‍ എന്ന മരുന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുവാദം ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്‌കോ ഫാര്‍മയ്ക്ക് ലഭിച്ചു.
ബേയര്‍ കോര്‍പ്പറേഷന്‍ എന്ന ജര്‍മന്‍ അന്താരാഷ്ട്ര ഔഷധ നിര്‍മാതാക്കളുമായി നാറ്റ്‌കോ ഫാര്‍മ നടത്തിയ നിയമയുദ്ധത്തിന്റെ വിജയകരമായ പരിസമാപ്തി കൂടിയാണ് ഇത്.
ബേയര്‍ കോര്‍പ്പറേഷന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ച ഇന്ത്യന്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡ്(ഐ പി എ ബി)  'നിര്‍ബന്ധിത ലൈസന്‍സ് ' വിഭാഗത്തില്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 ജീവന്‍രക്ഷാ മരുന്നായ നെക്‌സേവറിന്റെ വില കുറയാന്‍ പുതിയ ഉത്തരവ് ഇടയാക്കും. കുറഞ്ഞവിലയില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനായി നിര്‍ബന്ധിത ലൈസന്‍സ് നല്‍കുന്ന സമ്പ്രദായം ലോകരാഷ്ട്രങ്ങള്‍ക്കിടയിലും ഇന്ത്യയിലും നിലവിലുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് പ്രഭ ശ്രീധരന്‍ പറഞ്ഞു.

 ലൈസന്‍സ് നിയമങ്ങളനുസരിച്ച് നെക്‌സേവറിന്റെ വില്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ആറു ശതമാനം റോയല്‍റ്റി ഇനത്തില്‍ നാറ്റ്‌കോ ബേയര്‍ക്കു നല്‍കണമായിരുന്നു.ഐ പി എ ബി യുടെ പുതുക്കിയ നിയമപ്രകാരം റോയല്‍റ്റി ഏഴുശതമാനമാക്കിയിട്ടുണ്ട്. അതേസമയം സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് നാറ്റ്‌കോയ്ക്ക് ബോര്‍ഡ് 50,000 രൂപ പിഴചുമത്തി.2008ല്‍ ബേയറിനു ഇന്ത്യയില്‍ ലഭിച്ച പേറ്റന്റ് അനുസരിച്ച് നൂറ്റിയിരുപത് ഗുളികകള്‍ അടങ്ങിയ ഒരു പായ്ക്ക് നെക്‌സേവറിനു ഏകദേശം 2.84 ലക്ഷം രൂപയായിരുന്നു ഈടാക്കിയിരുന്നത് . എന്നാല്‍ 2009 മാര്‍ച്ച് 9ന് മുംബൈയിലെ പേറ്റന്റ് നിയന്ത്രണ വിഭാഗം നാറ്റ്‌കോ ഫാര്‍മ ഈ മരുന്ന് ഉത്പാദിപ്പിച്ചു വില്‍ക്കുവാന്‍ അനുവാദം നല്‍കി.

 8,880 രൂപയ്ക്കാണ്  നാറ്റ്‌കോ ഫാര്‍മ മരുന്ന് ഉല്‍പാദിപ്പിച്ച് വില്‍പ്പന നടത്തിയത്. ഈ നീക്കം ഇന്ത്യയിലെ കാന്‍സര്‍ രോഗചികിത്സയ്ക്ക് വേണ്ടിവരുന്ന ചെലവ് വന്‍തോതില്‍ കുറയുന്നതിന് കാരണമാകും.

janayugom

No comments:

Post a Comment