Thursday, March 7, 2013

സംശയനിഴലില്‍ വീണ്ടും അമേരിക്ക


ഹ്യൂഗോ ഷാവേസ് ഉള്‍പ്പടെ ലാറ്റിനമേരിക്കയിലെ പല പ്രമുഖ നേതാക്കളും അര്‍ബുദ ബാധിതരായതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. വെനസ്വേലയുടെ ഭാവി നായകനായി ഷാവേസ് നിര്‍ദേശിച്ച വൈസ്പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഷാവേസിന്റെ രോഗബാധയ്ക്ക് പിന്നില്‍ രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്നും മഡുറോ അറിയിച്ചു.

രാജ്യത്തെ അസ്ഥിരീകരിക്കാന്‍ സേനാ ഓഫീസര്‍മാരെ കണ്ടതിന് അമേരിക്കന്‍ എംബസിയിലെ രണ്ട് എയര്‍ഫോഴ്സ് അറ്റാഷെമാരെ വെനസ്വേല ചൊവ്വാഴ്ച പുറത്താക്കി. എന്നാല്‍, അമേരിക്കയുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാന്‍ വെനസ്വേലയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് ഇത്തരം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ തിടുക്കത്തില്‍ പ്രതികരിച്ചു. ലാറ്റിനമേരിക്കയിലെ പ്രമുഖ നേതാക്കള്‍ അര്‍ബുദ ബാധിതരാവുന്നതില്‍ അമേരിക്കയ്ക്ക് പങ്കുണ്ടാകാമെന്ന് 2011ല്‍ ഷാവേസും അഭിപ്രായപ്പെട്ടിരുന്നു. "ലാറ്റിനമേരിക്കന്‍ നേതാക്കള്‍ക്ക് മാരകരോഗം പടര്‍ത്താന്‍ അമേരിക്ക എന്തോ പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയതായി ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു". പാരഗ്വായ് പ്രസിഡന്റ് ഫെര്‍ണാണ്ടോ ലൂഗോ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ്, മുന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ എന്നിവര്‍ക്ക് അര്‍ബുദരോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഷാവേസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ക്യൂബന്‍ നേതാവ് ഫിദെല്‍കാസ്ട്രോയെ വധിക്കാന്‍ സിഐഎ നടത്തിയ ശ്രമങ്ങളെ കുറിച്ച് അറിവുള്ളതിനാലാണ് താന്‍ ഈ നിഗമനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

"എപ്പോഴും കരുതിയിരിക്കണമെന്ന് ഫിദെല്‍ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. അവരുടെ സാങ്കേതികവിദ്യകള്‍ അത്രയും മെച്ചപ്പെട്ടതാണ്. ഭക്ഷണം കഴിക്കുമ്പോള്‍പോലും നാം ജാഗ്രത പുലര്‍ത്തണം. ചെറിയ സൂചിമുനകൊണ്ട് പോലും നമ്മെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കും""-ഷാവേസ് കൂട്ടിചേര്‍ത്തു. ബൊളീവിയന്‍ നേതാവായ ഇവോ മൊറാലിസ്, ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറീയ എന്നിവരോട് കരുതിയിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കാനും ഷാവേസ് മറന്നില്ല.

മാരകമായ അര്‍ബുദബാധയെ അതിജീവിച്ച നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കാനും ഷാവേസ് ആഗ്രഹിച്ചിരുന്നു. അധികാരത്തിലിരുന്ന 14 വര്‍ഷ കാലയളവിനിടയ്ക്ക് ഷാവേസിനെ അട്ടിമറിക്കാന്‍ അമേരിക്ക പലതവണ പദ്ധതിയിട്ടിരുന്നു. 2002ല്‍ സിഐഎയുടെ സഹായത്തോടെ നടന്ന അട്ടിമറിശ്രമം ഇതിന്റെ ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് സംശയമുനകള്‍ വീണ്ടും അമേരിക്കയിലേക്ക് നീളുന്നത്. സംശയകരമായ ചിലതാണ് ഷാവേസിന്റെ രോഗത്തിനിടയാക്കിയതെന്ന് താന്‍ വിശ്വസിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ് പറഞ്ഞു.

deshabhimani 070313

No comments:

Post a Comment